7 December 2024, Saturday
KSFE Galaxy Chits Banner 2

അന്ധകാരപ്പരപ്പിലെ അന്ധൻമാർ

രമേശ് ബാബു
മാറ്റൊലി
August 24, 2023 4:30 am

‘വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ, മണ്ണിതിൽ ഉഴറുന്ന മനുഷ്യനോ, അന്ധനാര് ഇപ്പോൾ അന്ധനാര്, അന്ധകാരപ്പരപ്പിതിൽ അന്ധനാര്? ’

എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ വിദ്യാർത്ഥികളും സഹപ്രവർത്തകരും അവഹേളിച്ച സംഭവം അറിഞ്ഞപ്പോൾ മനസിൽ ഓടിയെത്തിയത് ഈ പഴയ ഗാനശകലമാണ്. മഹാരാജാസിലെ ബിഎ മൂന്നാം വർഷ രാഷ്ട്രമീമാംസ ക്ലാസിലാണ് അധ്യാപകനെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തത്. സ്വപ്രയത്നം കൊണ്ട് ശാരീരികപരിമിതി മറികടന്ന് യുജിസി അധ്യാപകനായി ഉയർന്ന ഡോ. സി യു പ്രിയേഷാണ് വിദ്യാർത്ഥികളുടെ ഗുരുത്വമില്ലായ്മയ്ക്ക് ഇരയായത്. അധ്യാപകൻ ക്ലാസെടുക്കുമ്പോൾ ആ ക്ലാസിലെ കുട്ടികൾ പിൻബെഞ്ചിൽ കിടന്ന് ക്ഷീണം മാറ്റുന്നു, പെൺകുട്ടികൾ മുടി ചീകി ലിപ്‌സ്റ്റിക്കിട്ട് ഒരുങ്ങിച്ചമയുന്നു, അനുവാദമില്ലാതെ ക്ലാസിൽ കയറുന്നു, ഇറങ്ങിപ്പോകുന്നു, പുസ്തകങ്ങളും പാത്രങ്ങളും എറിഞ്ഞുകളിക്കുന്നു, അധ്യാപകന് ഇരിക്കാനുള്ള കസേര തൽസ്ഥാനത്ത് നിന്ന് മാറ്റിയിടുന്നു. എന്നിട്ട് ഈ വീരകൃത്യങ്ങളെല്ലാം ഇൻസ്റ്റഗ്രാം പോസ്റ്റാക്കുന്നു. നിസഹായനായി നിൽക്കുന്ന ആ അധ്യാപകനുനേരെ ബഹളമുണ്ടാകുന്നുവെന്നുപറഞ്ഞ് തൊട്ടടുത്ത ക്ലാസിലെ സഹപ്രവർത്തകൻ ആക്രോശം ഉതിർക്കുന്നു.


ഇതുകൂടി വായിക്കൂ: മഴ പെയ്യിക്കാനുള്ള പ്രാകൃതരീതികൾ


ഡോ. സി യു പ്രിയേഷിന്റെ മുന്നിലിരുന്ന വിദ്യാർത്ഥികൾ പഠിക്കുന്നത് രാഷ്ട്രമീമാംസയാണത്രേ! ഒരു രാഷ്ട്രത്തിന്റെ പ്രശ്നപരിഹാര പ്രക്രിയയാണ് രാഷ്ട്രീയം. ആ സംഹിത എന്താണെന്ന് മനസിലാക്കുകയും കാമ്പസിനെ ഒരു രാഷ്ട്രീയഭൂമികയായി കണ്ട് അതിനുള്ളിലെ പ്രശ്നങ്ങളെ സർഗാത്മകമായും സംഘടിതമായും പരിഹരിക്കാനാകണം വിദ്യാർത്ഥി രാഷ്ട്രീയക്കാർ ശ്രമിക്കേണ്ടത്. അങ്ങനെ സ്വായത്തമാക്കുന്ന നേതൃപാടവം വളർത്തി സമൂഹത്തിന്റെ നടുനായകത്വത്തിലേക്ക് വരേണ്ടവരാണിവർ. പകരം ഗുരുത്വവും സമചിത്തതയുമില്ലാതെ പെരുമാറുന്ന ഇവർ പരപീഢയിൽ രസിക്കുകയാണ്. മാനസികവും ശാരീരികവുമായ അതിക്രമങ്ങൾ കാട്ടുമ്പോഴാണ് അവർ ആഹ്ലാദം എന്തെന്നറിയുന്നത്. ഇവരെങ്ങനെ നാളെയുടെ പ്രതീക്ഷകളാകും!

മഹാരഥന്മാരെ വാർത്തെടുത്ത പാരമ്പര്യമുള്ള മഹാരാജാസ് എന്ന കലാലയത്തിന് കുപ്രസിദ്ധി കൈവന്നിട്ട് നാളേറെയായി. അനഭിലഷണീയവും പ്രതിലോമകരവുമായ വിദ്യാർത്ഥി പ്രവർത്തനങ്ങളുടെ വാർത്തകൾ അവിടെ നിന്ന് വന്നുകൊണ്ടേയിരിക്കുന്നു. പ്രിൻസിപ്പാളിന്റെ കസേര കത്തിക്കൽ, സഹപ്രവർത്തകനെ ഭീകരവാദികളുടെ കൊലക്കത്തിക്ക് വിട്ടുകൊടുത്ത് രക്തസാക്ഷിയെ സൃഷ്ടിക്കൽ, പരീക്ഷയെഴുതാതെ ജയിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ ഇങ്ങനെ ഒന്നിനു പുറകെ ഒന്നായി ദുഷ്‌കൃത്യങ്ങളുടെ വാർത്തകൾ പുറത്തുവരുന്നതിനിടയിലാണ് പുതിയസംഭവവും അരങ്ങേറിയത്.

താൻ ക്ലാസിൽ അപമാനിക്കപ്പെടുന്നതിന്റെ വീഡിയോയെക്കുറിച്ച് അറിഞ്ഞ ഡോ. പ്രിയേഷ് പറഞ്ഞ വാക്കുകൾ കാഴ്ചയുടെ വില എന്തെന്ന് അറിയിക്കുന്നവയായിരുന്നു. ‘മറ്റുള്ളവർ പറഞ്ഞാണ് വീഡിയോയെക്കുറിച്ചറിഞ്ഞത്. എനിക്കിതൊന്നും കാണാനാവില്ലല്ലോ. ഒരുപാട് വേദനിച്ചു. എന്റെ കുട്ടികൾ അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. കാഴ്ചയില്ലായ്മ എന്നത് മറ്റുള്ളവർ വിചാരിക്കുന്നതിനെക്കാൾ വലുതാണ്. നമ്മുടെ കുട്ടികളാണവർ. അവർക്ക് മാപ്പു നല്‍കുന്നു’. അന്ധത കേവലം കാഴ്ചക്കുറവല്ല, മറിച്ച് ലോകത്തെ അനുഭവിക്കാനുള്ള ഒരു അതുല്യമാർഗമായി കാഴ്ചപരിമിതര്‍ സ്വീകരിക്കുന്നു. അത്ഭുതവും സങ്കീർണതകളും നിറഞ്ഞ ഈ ലോകത്തെ കാഴ്ചയില്ലായ്മയിലും അനുഭവിക്കുവാൻ നിരവധി മാർഗങ്ങളുണ്ടെന്ന് കാഴ്ചയുള്ളവരെ ഓർമ്മപ്പെടുത്തുകയാണ് അതിജീവനത്തിന്റെ പടവുകൾ കയറിപ്പോകുന്ന അവർ. പരിമിതികളെ വെല്ലുവിളിയും അനുഗ്രഹവുമാക്കുന്നതെങ്ങനെയെന്ന് കണ്ടുപഠിക്കുകയാണ് ശാരീരികപരിമിതിയില്ലാത്തവർ ചെയ്യേണ്ടത്.


ഇതുകൂടി വായിക്കൂ: മധു ചോദിക്കുന്നു; എന്നെ കൊന്നതെന്തിന്?


ബധിരയും അന്ധയുമായ ഹെലൻ കെല്ലർ, മോട്ടോർ ന്യൂറോൺ രോഗിയായിരുന്ന ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്, സെറിബ്രൽ പാൾസിബാധയോടെ ജീവിച്ച ഐറിഷ് കലാകാരനും എഴുത്തുകാരനുമായ ക്രിസ്റ്റി ബ്രൗൺ (അദ്ദേഹത്തിന്റെ മൈ ലൈഫ് ഫൂട്ട് എന്ന ആത്മകഥ ഓസ്കർ അവാർഡ് ചലച്ചിത്രമായി) തുടങ്ങിയവർ ശാരീരിക വൈകല്യം വിജയത്തിനോ സന്തോഷത്തിനോ തടസമല്ലെന്ന് തെളിയിച്ച ദീപസ്തംഭങ്ങളാണ്. ഇരുട്ട് മനസിന്റെ സൃഷ്ടിയാണെന്നും വെളിച്ചം അടിസ്ഥാനപരമായി നമ്മുടെ ഉള്ളിലാണെന്നും ഈ മഹദ്ജന്മങ്ങളുടെ ചരിതങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് തലമുറകൾ കേൾക്കാതെ പോകരുത്. മഹാരാജാസിന്റെ അവസ്ഥ തന്നെയാണ് കേരളത്തിലെ മിക്ക കാമ്പസുകളിലും ദൃശ്യമാകുന്നത്. പാലക്കാട് വിക്ടോറിയ കോളജിൽ പ്രിൻസിപ്പാളായിരുന്ന അധ്യാപിക വിരമിച്ചപ്പോൾ കുഴിമാടമൊരുക്കിയതും ഇടുക്കിയിൽ വാഴവച്ചതുമൊക്കെ സമൂഹം കണ്ടതാണ്. വിദ്യാർത്ഥി സമൂഹം വർത്തമാനകാലത്ത് ഒരുപാട് പ്രലോഭനങ്ങളിലൂടെ കടന്നുപോകുന്നു.

മുതിർന്ന ചിലര്‍ അവരെ കരുവാക്കുന്നുണ്ട്. പല കാമ്പസുകളിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പോലും ഏകാധിപത്യമാണ് അഴിഞ്ഞാടുന്നത്. ജനാധിപത്യമോ ബഹുസ്വരതയോ അനുവദിക്കാതെ മേൽക്കോയ്മ നിലനിർത്താനാണ് ചില വിദ്യാർത്ഥി സംഘടനകൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചിന്തയും സമഭാവനയും അനുകമ്പയും നശിച്ച അടിമ വർഗമായി വിദ്യാർത്ഥികൾ പരിവർത്തിക്കപ്പെടുകയാണ്. വളർന്നുവരുന്ന തലമുറയുടെ കായികവും കലാപരവുമായ സർഗ പ്രക്രിയകളെ പരിപോഷിപ്പിച്ചിരുന്ന ഗ്രന്ഥശാലകൾ, സ്പോർട്സ് ആർട്സ് ക്ലബ്ബുകൾ തുടങ്ങിയവ നാട്ടിൽ നാശോന്മുഖമായതോടെയാണ് സാമൂഹികമായ അന്തർമുഖത്വവും ഉൾവലിവും ഇത്രത്തോളം പ്രകടമായിത്തുടങ്ങിയത്. ഒറ്റപ്പെട്ട തുരുത്തുകളിൽ ഇരുന്ന് ഗൂഢ രസങ്ങൾ നൽകുന്ന ലഹരി നുണയുന്ന ഒരു സമൂഹം പിൻനടത്തം കാട്ടിയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ. തലമുറകളിൽ സാമൂഹ്യാവബോധവും പാരസ്പര്യവും വളർത്തുന്നതിന് പണ്ടത്തെപ്പോലെ ജാതിമത രാഷ്ട്രീയ ലിംഗ ഭേദമന്യേ സാമൂഹിക കൂട്ടായ്മകൾ സാധ്യമാക്കുന്ന പൊതു ഇടങ്ങൾ സജീവമാക്കാതെ മറ്റ് വഴികളില്ല. കണ്ണുള്ളവർ കാഴ്ചയുടെ വില അറിയാതെ പോകുകയാണ്, തിമിരം അകക്കണ്ണുകളെ മൂടുകയാണ്.

മാറ്റൊലി:

‘ലക്ഷ്യമേതുമറിയാത്ത ജീവിതത്തിൻ പാതയിൽ തപ്പിത്തടയുന്നു നിഴലുകൾ. കത്തിജ്വലിക്കുന്നു കതിരവനെങ്കിലും നട്ടുച്ചയുമിന്നിവർക്ക് പാതിരാ… ’ — പി ഭാസ്കരൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.