Site iconSite icon Janayugom Online

അയോധ്യ രാമക്ഷേത്രം: പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം

ayodhyaayodhya

അയോധ്യയില്‍ 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി. ഞായറാഴ്ച വരെ ഇത് തുടരും. ഏഴ് പ്രത്യേക പൂജകളാണ് ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാരാണസിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ചടങ്ങിനു നേതൃത്വം നല്‍കും. പ്രതിഷ്ഠാസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, മുഖ്യപുരോഹിതന്‍ മഹന്ത് നൃത്യഗോപാല്‍ദാസ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവരും ഉണ്ടാകും. രണ്ടുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് പ്രതിഷ്ഠാദിന ചടങ്ങുകള്‍. രണ്ടുമണിയോടെ പ്രതിഷ്ഠാചടങ്ങുകള്‍ സമാപിക്കും.

പ്രാണപ്രതിഷ്ഠ നടത്തുന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ അയോധ്യക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നും ചമ്പത് റായി അറിയിച്ചു.

അതേസമയം പാരമ്പര്യവിരുദ്ധമായാണ് ചടങ്ങുകള്‍ നടക്കുന്നതെന്ന് ആരോപിച്ച് നാല് ശങ്കരാചാര്യന്മാരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സന്യാസിമാര്‍ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. മത ചടങ്ങിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ അടക്കമുള്ള ഇന്ത്യാ സഖ്യകക്ഷികള്‍ നേരത്തെ തന്നെ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Eng­lish Sum­ma­ry: Ayo­d­hya Ram Tem­ple: Con­se­cra­tion cer­e­monies begin today

You may also like this video

Exit mobile version