ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി രാജ്യത്തെ പകുതിയിലധികം പേര്‍ക്കും പ്രയോജനം ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ക്ഷേമപദ്ധതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്ന ഇന്‍ഷുറന്‍സിന് കീഴില്‍ ആവശ്യത്തിന് ആശുപത്രികള്‍ ഇല്ലാത്തതാണ് പദ്ധതിയുടെ നട്ടെല്ലൊടിച്ചത്.
രാജ്യത്ത് 12 കോടി ജനങ്ങള്‍ അംഗങ്ങളായ പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. ആരംഭിച്ച് ആറുവര്‍ഷമായെങ്കിലും പദ്ധതിയുടെ പ്രയോജനം 50 ശതമാനത്തില്‍ താഴെ ജനങ്ങളില്‍ മാത്രമേ എത്തിച്ചേര്‍ന്നിട്ടുള്ളു. ഇക്കാരണത്താല്‍ ഗുണഭോക്താക്കളുടെ എണ്ണവും ഇന്‍ഷുറന്‍സ് തുകയും കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.
ആരോഗ്യ ചെലവ് ഗണ്യമായി കുതിച്ചുയരുന്ന വേളയിലാണ് ആയുഷ്മാന്‍ പദ്ധതിയുടെ തകര്‍ച്ചയെന്നത് സാധാരണക്കാരുടെ ദുരിതം വര്‍ധിപ്പിക്കുന്നു. ആശുപത്രികള്‍ പദ്ധതിക്കെതിരെ മുഖം തിരിച്ചതോടെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ചികിത്സയും മറ്റ് സേവനങ്ങളും കിട്ടാക്കനിയായി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളും സൗജന്യ ചികിത്സയും സേവനവും ഉറപ്പാക്കാന്‍ ആരംഭിച്ച പദ്ധതി ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യാതെ പോയതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായി ആശുപത്രികള്‍ പദ്ധതിക്ക് കീഴില്‍ വരുന്നില്ലെന്ന് 2022 ലെ സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യത്തെ 30 ശതമാനം പേര്‍ക്കും ആരോഗ്യപരിരക്ഷ ലഭിക്കുന്നില്ലെന്ന് 2021ല്‍ നിതി ആയോഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും പറയുന്നു. ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ രാജ്യത്തെ ജനങ്ങളുടെ ഇടയില്‍ വലിയ അന്തരമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര‑സംസ്ഥാന ആരോഗ്യപരിരക്ഷാ പദ്ധതികളുടെ പ്രയോജനം രാജ്യത്തെ 50 ശതമാനം പേര്‍ക്കും സാമൂഹ്യ ആരോഗ്യ പരിരക്ഷയും സ്വകാര്യ ഇന്‍ഷുറന്‍സും 20 ശതമാനം പേര്‍ക്കും മാത്രമാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം കുടുംബങ്ങളെയും കടക്കെണിയിലേക്ക് തള്ളിവിടുന്നത് ചികിത്സാ ചെലവുകളാണെന്നും വിലയിരുത്തപ്പെടുന്നു.
70 വയസിന് മുകളിലുള്ള എല്ലാവരെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരണമെന്നും ആരോഗ്യ പരിരക്ഷാ തുക എല്ലാ വര്‍ഷവും 10 ലക്ഷമാക്കി ഉയര്‍ത്തണമെന്നും ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നു. ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം നാല് മുതല്‍ അഞ്ച് കോടി വരെ കൂടിയേക്കും. നിലവില്‍ അഞ്ച് ലക്ഷമാണ് പരമാവധി ചികിത്സാസഹായം. വര്‍ധിച്ച ചികിത്സാ ചെലവ് മനസിലാക്കിയും അവയവ മാറ്റിവയ്ക്കല്‍, അര്‍ബുദം തുടങ്ങിയ ചികിത്സയ്ക്ക് കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനും ആരോഗ്യ പരിരക്ഷ ഇരട്ടിയാക്കുന്നതിലൂടെ കഴിയും.
അടുത്ത മൂന്ന് കൊല്ലത്തിനുള്ളില്‍ ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത് നടപ്പായാല്‍ രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേര്‍ക്കും ആരോഗ്യ പരിരക്ഷ ലഭിക്കും. എന്നാല്‍ ഇതിലൂടെ പ്രതിവര്‍ഷം 12,076 കോടി രൂപയുടെ അധിക ചെലവ് പൊതുഖജനാവിനുണ്ടാകുമെന്ന് ദേശീയ ആരോഗ്യ അതോറിട്ടി തയ്യാറാക്കിയ കണക്കുകള്‍ പറയുന്നു.
English Summary: Ayushman Bharat failure
You may also like this video