Site iconSite icon Janayugom Online

ആയുഷ്മാന്‍ ഭാരത് പരാജയത്തിലേക്ക്; കുടിശിക 1.2 ലക്ഷം കോടി

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് രാജ്യത്തുടനീളം പ്രതിസന്ധിയില്‍. ഏഴ് വര്‍ഷം കൊണ്ട് 1.2 ലക്ഷം കോടിയാണ് ആശുപത്രികള്‍ക്ക് കൊടുക്കാനുളളത്. സ്വകാര്യ‑പൊതുമേഖലയിലെ 32,000ത്തിലധികം ആശുപത്രികളാണ് ഈ പദ്ധതിയിലുള്ളത്. ഒരു കുടുംബത്തിന് അഞ്ച് ലക്ഷം വരെ വാര്‍ഷിക ചികിത്സാ ചെലവാണ് വാഗ്ദാനം ചെയ്യുന്നത്. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ആശുപത്രികള്‍ ഗുണഭോക്താക്കളായ രോഗികളെ ഒഴിവാക്കുകയും ചെയ്യുന്നു.
ഹരിയാനയില്‍ ആയുഷ്മാന്‍ ഭാരതും സംസ്ഥാനത്തെ സമാന പദ്ധതിയായ ചിരായു യോജനയും മുടങ്ങിയിരിക്കുകയാണ്. ഈമാസം ഏഴ് മുതല്‍ സംസ്ഥാനത്തെ 600-ലധികം എംപാനല്‍ഡ് സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 500 കോടിയുടെ ബില്ല് കുടിശികയാണെന്ന് ഇവര്‍ പറയുന്നു. പദ്ധതി പ്രകാരമുള്ള ശസ്ത്രക്രിയകള്‍ സ്വകാര്യ ആശുപത്രികള്‍ റദ്ദാക്കി. ഉദ്യോഗസ്ഥ അനാസ്ഥ കാരണം പദ്ധതി അവതാളത്തിലായെന്ന് ഹരിയാന ആയുഷ്മാന്‍ സമിതി പ്രസിഡന്റും ഫരീദാബാദ് സൂര്യ ഓര്‍ത്തോ ആന്റ് ട്രോമ സെന്ററിലെ സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സുരേഷ് അറോറ പറഞ്ഞു.
അതേസമയം ആശുപത്രികള്‍ അമിതമായ ബില്ലുകളാണ് സമര്‍പ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ പദ്ധതിയിലൂടെ 1.20 ലക്ഷം കോടി ലാഭിച്ചെന്നാണ് പ്രധാനമന്ത്രി ഈ ഫെബ്രുവരിയില്‍ ലോക്‌സഭയില്‍ അവകാശപ്പെട്ടത്. സുതാര്യയില്ലായ്മയും വേഗത്തില്‍ ബില്ലുകള്‍ പാസാക്കാത്തതും കാരണം ദരിദ്രര്‍ക്ക് ചികിത്സ ലഭിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി പ്രതിസന്ധിയിലായെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹരിയാന സെക്രട്ടറി ഡോ. ധീരേന്ദ്ര സോണി പറഞ്ഞു. ഈ വര്‍ഷം മൂന്നാംതവണയാണ് ഗുണഭോക്താക്കള്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ തിരിയുന്നത്. പദ്ധതി പ്രകാരമുള്ള ചികിത്സ നിര്‍ത്തലാക്കിയെന്ന് പല സ്വകാര്യ ആശുപത്രികളുടെയും മുന്നില്‍ ബോര്‍ഡ് തൂക്കിയിട്ടുണ്ട്.
രാജസ്ഥാന്‍, മണിപ്പൂര്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലും പദ്ധതി പ്രതിസന്ധിയിലാണ്. ചികിത്സാ ആനുകൂല്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യ മണിപൂര്‍ ഘടകം ഈമാസം 16ന് അറിയിപ്പ് നല്‍കി. സംസ്ഥാനത്തെ 43 ആശുപത്രികള്‍ക്ക് ആറുമാസമായി ഏകദേശം 80 കോടി കുടിശികയുണ്ട്.
ത്രിപുര, നാഗാലാന്റ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്. ജമ്മുകശ്മീരിലെ സ്വകാര്യ ആശുപത്രികള്‍ക്ക് 300 കോടി നല്‍കാനുണ്ടെന്ന് അവകാശപ്പെട്ട് സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഭീഷണിപ്പെടുത്തിയിരുന്നു. ഈ വര്‍ഷം നാല് ശസ്ത്രക്രിയകള്‍ സ്വകാര്യ ആശുപത്രികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ അവര്‍ സൗജന്യ മെഡിക്കല്‍ സേവനങ്ങള്‍ അവസാനിപ്പിച്ചു. രാജസ്ഥാനില്‍ 200 കോടിയിലധികം കുടിശികയുണ്ടെന്ന് സ്വകാര്യ ആശുപത്രി കൂട്ടായ്മ പറയുന്നു. അപ്പോളോ, സര്‍ ഗംഗാ റാം പോലുള്ള ഡല്‍ഹിയിലെ വലിയ ആശുപത്രി ശൃംഖലകള്‍ പദ്ധതിയുടെ ഭാഗമാകാന്‍ തയ്യാറായിട്ടില്ല.
ആയുഷ്മാൻ ഭാരത് പദ്ധതിയിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നതെന്ന ആരോപണം ശക്തമാണ്. 1.40 ലക്ഷം കോടിയുടെ ചികിത്സയ്ക്ക് 9.84 കോടിയിലധികം പേര്‍ പദ്ധതിയിലൂടെ ആശുപത്രികളില്‍ ചികിത്സനേടിയെന്ന് ജൂലൈയിൽ മോഡി സർക്കാർ ലോക്‌സഭയെ അറിയിച്ചിരുന്നു. തട്ടിപ്പിനും വ്യാജ ക്ലെയിമുകൾക്കും ഛത്തീസ്ഗഢ് സർക്കാർ 33 സ്വകാര്യ ആശുപത്രികൾക്ക് ഫെബ്രുവരിയിൽ പിഴ ചുമത്തി. അതേസമയം കുടിശിക പെരുകുമ്പോഴും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികൾ ഇതുവരെ പദ്ധതി പ്രവർത്തനം നിർത്തിയിട്ടില്ല.

Exit mobile version