Site icon Janayugom Online

അയ്യൻകാളി; കേരള നവോത്ഥാനത്തിന്റെ പ്രയോഗമാതൃക

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ മഹാത്മാ അയ്യൻകാളിക്ക് സവിശേഷമായ സ്ഥാനമുണ്ട്. അദ്ദേഹം ജനിച്ച് 159 വർഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും കേരളത്തിന്റെ സാമൂഹിക പരിസരത്ത് ജ്വലിക്കുന്ന ഓർമ്മകളായി ഇന്നും നിലനിൽക്കുകയാണ്.

അയിത്തം, ഊഴിയം വേല പോലുള്ള നിർബന്ധിത അടിമപ്പണി, പൊതുവഴിയിലൂടെ നടക്കാനും വിദ്യാഭ്യാസം ചെയ്യാനും, സ്ത്രീകൾക്ക് മാറുമറയ്ക്കാനുമുള്ള അവകാശ നിഷേധം എന്നിങ്ങനെ ജാതി മേൽക്കോയ്മയുടെ കാൽക്കീഴിൽ ഞെരിഞ്ഞമർന്നുപോയ ഒരു ജനതയെ സാമൂഹികമായും സാംസ്കാരികമായും ഉണർത്തിയെടുത്ത് മനുഷ്യൻ എന്ന പദവിയിലേക്ക് ഉയർത്താനുള്ള പ്രയോഗ പദ്ധതികളാണ് അയ്യൻകാളി നടത്തിയത്. മനുഷ്യാവകാശങ്ങൾക്കുവേണ്ടിയാണ് അയ്യൻകാളി നിലകൊണ്ടതെന്ന് അദ്ദേഹത്തിന്റെ പ്രക്ഷോഭ ചരിത്രത്തിലൂടെ കടന്നുപോകുന്ന ആർക്കും മനസിലാവും.

ജാതീയമായ നിരവധി വിവേചനങ്ങൾ നേരിട്ട് വളർന്ന അയ്യൻകാളി 1893ൽ നടത്തിയ വില്ലുവണ്ടിസമരം കേരള നവോത്ഥാന ചരിത്രത്തിലെ മായ്ക്കാനാവാത്ത അടയാളമാണ്. പൊതുവഴി ഉപയോഗിക്കുവാനോ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാനോ അവകാശമില്ലാതിരുന്ന ജനതയുടെ പ്രതിഷേധത്തിന്റെ ധീരോദാത്തമായ ഇടപെടലായി ആ സമരം. വെങ്ങാനൂരിലെ പൊതുവഴിയിലൂടെ പാഞ്ഞുപോയ ആ വില്ലുവണ്ടിയുടെ കുടമണി കിലുക്കത്തിൽ ജാതിക്കോട്ടകൾ നടുങ്ങിവിറച്ചു.


ഇതുകൂടി വായിക്കൂ:  സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശം


കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ആദ്യത്തെ കർഷകത്തൊഴിലാളി സമരം നടത്തി വിജയിപ്പിച്ച നേതാവുമായിരുന്നു അയ്യൻകാളി. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി മാത്രം അടിമകളെപ്പോല പണിയെടുത്തിരുന്ന ജനതയ്ക്ക് സമൂഹത്തിൽ സ്ഥാനമുണ്ടാകണമെങ്കിൽ വിദ്യാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തങ്ങളുടെ കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ലു കിളിർപ്പിക്കുമെന്ന് അയ്യൻകാളി പ്രഖ്യാപിച്ചു. അതൊരു സമരാഹ്വാനമായിരുന്നു. ആരും പാടത്തോ പറമ്പിലോ പണിക്കിറങ്ങിയില്ല. ഒരു വർഷം നീണ്ടുനിന്ന ഈ സമരം അടിസ്ഥാന ജനവിഭാഗങ്ങളുടെ വർഗ ഐക്യത്തിന്റെ സൂചകമായി കാണാവുന്നതാണ്.

1905ൽ വെങ്ങാനൂരിൽ അദ്ദേഹം ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചെങ്കിലും പ്രമാണിമാർ അത് അഗ്നിക്കിരയാക്കിയപ്പോൾ അതേസ്ഥലത്ത് വീണ്ടുമൊരു പള്ളിക്കൂടം സ്ഥാപിച്ച് നിലത്തെഴുത്ത് തുടങ്ങി. സർക്കാർ സ്കൂളുകളിൽ പാർശ്വവത്കരിക്കപ്പെടുന്നവരുടെ കുട്ടികൾക്ക് പ്രവേശനം നൽകി 1907ൽ ഉത്തരവ് ഇറങ്ങിയെങ്കിലും അത് പ്രയോഗത്തിൽ വരുത്താൻ മാടമ്പിമാർ തയാറായില്ല. 1910ൽ സർക്കാർ വീണ്ടും ഒരുത്തരവിറക്കി. അതിന്റെ അടിസ്ഥാനത്തിൽ ഊരൂട്ടമ്പലം സൂകൂളിലേക്ക് പഞ്ചമി എന്ന ദളിത് ബാലികയുടെ കൈപിടിച്ച് സ്കൂൾ പ്രവേശനത്തിനായി അയ്യൻകാളി കയറിച്ചെന്നത് ചരിത്രമാണ്. ഈ സ്കൂളിന് “മഹാത്മ അയ്യൻകാളി പഞ്ചമി സ്മാരക യുപി സ്കൂൾ‍” എന്ന് അടുത്തിടെ എൽഡിഎഫ് സർക്കാർ പേരു മാറ്റിയിരുന്നു.

കേരളത്തിന്റെ ഭാവി രൂപപ്പെടുത്തിയ നിരവധി സമരങ്ങൾക്കും സംരംഭങ്ങൾക്കും അയ്യൻകാളി നേതൃത്വം നല്കി. പെരിനാട് കലാപത്തെതുടർന്നുണ്ടായ കല്ലുമാല ബഹിഷ്കരണ സമരം, “സാധുജനപരിപാലിനി” എന്ന പ്രസിദ്ധീകരണം, ചാലിയത്തെരുവ് കലാപം എന്നിങ്ങനെ നവോത്ഥാന ചരിത്രത്തിൽ തന്റേതായ ഒരധ്യായം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. ഭൂമി, വിദ്യാഭ്യാസം, തൊഴിൽ എന്നീ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് 1912 മുതൽ അയ്യൻകാളിയുടെ ശബ്ദം 28 വർഷം തിരുവിതാംകൂർ പ്രജാസഭയിൽ മുഴങ്ങി. അക്കാലത്ത് പ്രജാസഭ പ്രവർത്തിച്ച വിജെടി ഹാൾ, “അയ്യന്‍കാളി ഹാൾ” എന്ന് സർക്കാർ നാമകരണം ചെയ്തതും കാലത്തിന്റെ കാവ്യനീതിയാണ്. 1937ൽ ഗാന്ധിജി അയ്യൻകാളിയെ സന്ദർശിച്ചു. തന്റെ ജനങ്ങളുടെ ഇടയിൽ നിന്ന് പത്ത് ബിഎക്കാരെയെങ്കിലും കണ്ടിട്ട് മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അയ്യൻകാളി ഗാന്ധിജിയോട് പറഞ്ഞു.


ഇതുകൂടി വായിക്കൂ: തമ്പ്രാനെന്നു വിളിപ്പിക്കും, കുഴിയില്‍ കഞ്ഞികുടിപ്പിക്കും


ആ ആഗ്രഹം പൂർത്തീകരിക്കുന്നതിന് തുടക്കം കുറിച്ചത് 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരും പിന്നീടുവന്ന എൽഡിഎഫ് സർക്കാരുകളുമാണ്. വിദ്യാഭ്യാസ പുരോഗതി, തൊഴിൽ സാധ്യത വർധിപ്പിക്കൽ, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ (ഭൂമി, പാർപ്പിടം) എന്നിവയിലൂടെ മാത്രമെ സമസ്ത മേഖലകളിലും പാർശ്വവല്ക്കരിക്കപ്പെട്ട ജനതയ്ക്ക് മുൻതൂക്കം ഉറപ്പിക്കാനാകൂ. പട്ടികജാതി/വർഗ മേഖലയിൽ കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകി വരുന്നത്.

ഇതേസമയം കേരളത്തിന്റെ സാമൂഹ്യപുരോഗതിക്ക് അടിസ്ഥാനമായ മേഖലകളിൽ, പ്രത്യേകിച്ചും വിദ്യാഭ്യാസരംഗത്ത് ഫണ്ടുകൾ വെട്ടിച്ചുരുക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. 2.5 ലക്ഷത്തിനുമേൽ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇത് അംഗീകരിക്കാൻ കേരള സർക്കാരിന് കഴിയില്ല. അതുകൊണ്ടുതന്നെ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തി വരുമാന ഭേദമില്ലാതെ എല്ലാ പട്ടികജാതി വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകുന്നു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി/വർഗ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കാതിരിക്കാനുള്ള ഗൂഢപദ്ധതികളാണ് കേന്ദ്ര സർക്കാർ പല വഴികളിലൂടെ നടപ്പാക്കുന്നത്.


ഇതുകൂടി വായിക്കൂ:  ചരിത്രമെഴുതിയ കൂടിക്കാഴ്ചക്ക് : 85 വർഷം തികയുന്നു


എന്നാൽ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് കൂടുതൽ സൗകര്യങ്ങളൊരുക്കി പട്ടികവിഭാഗ പിന്നാക്ക ജനതയെ എൽഡിഎഫ് സർക്കാർ ചേർത്ത് പിടിക്കുകയാണ്. ഇതിനുപുറമെ ഓരോ കുടുംബങ്ങളിലെയും പ്രശ്നങ്ങൾ സൂക്ഷ്മതലത്തിൽ പരിശോധിക്കുന്നതിനും അവ പരിഹരിക്കുന്നതിനുമായി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പദ്ധതിയും നടപ്പാക്കുകയാണ്. ഇതുവഴി കേരളത്തിലെ എല്ലാ പട്ടികവിഭാഗം ജനങ്ങളുടേയും സമഗ്ര പുരോഗതിയാണ് സർക്കാർ സാധ്യമാക്കുന്നത്.

അയ്യൻകാളി, അയ്യാവൈകുണ്ഠ സ്വാമി, ശ്രീനാരായണ ഗുരു എന്നിവരെപ്പോലെ ദീർഘവീക്ഷണമുള്ള മഹാരഥന്മാർ നടന്ന വഴികൾ ഇന്ന് കൂടുതൽ തെളിഞ്ഞിരിക്കുന്നു. ആധുനിക കേരളത്തിന്റെ രൂപപ്പെടലിന് വഴികാട്ടിയായി നിന്ന നവോത്ഥാന പ്രവർത്തനങ്ങളുടെ ഊർജം മുന്നോട്ടുള്ള യാത്രയിലും കൂടുതൽ പ്രകാശം വിതറും. ഈ അയ്യൻകാളി ദിനത്തിന്റെ പ്രസക്തിയും അതുതന്നെയാണ്. സമത്വാധിഷ്ഠിതമായ ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമെ പൂർണമായും പാർശ്വവല്ക്കരിക്കപ്പെട്ട ജനത മോചിതരാകുകയുള്ളൂ എന്ന തിരിച്ചറിവും നമുക്ക് ഉണ്ടാകണം.

Exit mobile version