Site icon Janayugom Online

അമ്മയ്ക്കരികില്‍നിന്ന് കൂട്ടം തെറ്റിയെത്തിയ കുട്ടിക്കൊമ്പന് മനുഷ്യരെ പെരുത്തിഷ്ടായി

ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഗാര്‍ഡുകളും നാട്ടുകാരും അവന് പഴവും വെള്ളവും പുല്ലും എല്ലാം വേണ്ടുവോളം നല്‍കുകയാണ്. മനുഷ്യരുടെ സ്നേഹവും പരിചരണവും അവന് പ്രിയമായി. ഒരിക്കല്‍ കാടുകയറ്റിവിട്ട അട്ടപ്പാടിയിലെ ആ കുട്ടിക്കൊമ്പന്‍ തിരികെ ആളുകളെ തേടിയെത്തി. അട്ടപ്പാടി പാലൂരിൽ വനംവകുപ്പ് കാടുകയറ്റിയ കുട്ടിയാനയാണ് വീണ്ടും ജനവാസമേഖലയിലെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് പാലൂരിൽ തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരു വയസുള്ള കാട്ടാനക്കുട്ടിയെ കണ്ടത്. കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയിൽ സ്വകാര്യതോട്ടത്തിലെ തോടിനരികിൽ നിൽക്കുകയായിരുന്നു. പ്രദേശവാസിയായ സി ജെ ആനന്ദ്കുമാർ പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകരും ദ്രുതപ്രതികരണസംഘവും കുട്ടിയാനയ്ക്ക് വെള്ളവും പുല്ലും പഴവും നൽകി. ഭക്ഷണം കഴിച്ച് ക്ഷീണം മാറിയ ആനക്കുട്ടിയെ, ഉച്ചയോടെ വനപാലകർ തൊട്ടരികിലുള്ള കൃഷ്ണവനത്തിലെ കാട്ടാനക്കൂട്ടത്തിനൊപ്പം ചേർത്തിരുന്നു.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അവന്‍ മനുഷ്യരെ തേടി തിരിച്ചെത്തിയത്. ആദ്യം പാലൂരിലെ അയ്യപ്പന്‍ എന്നയാളുടെ വീട്ടിലേക്കാണ് എത്തിയത്. ഇതറഞ്ഞ് വനപാലകരും നാട്ടുകാരും അവിടെയെത്തി. വെറ്ററിനറി ഡോക്ടറുടെ പരിശോധനയും നടന്നു. അവന്‍ അമ്മയില്‍ നിന്ന് കൂട്ടംതെറ്റിയെത്തിയതാണ്. രാത്രിയില്‍ ആനകള്‍ കുട്ടിയെ തേടി വന്നേക്കാമെന്നതിനാല്‍ എല്ലാവരും കാത്തുനിന്നു. പക്ഷെ ആനകള്‍ എത്തിയില്ല. കൊമ്പന്‍ നാട്ടുകാരുടെ ഇഷ്ടക്കാരനായി കൂടിയിരിക്കുകയാണിപ്പോള്‍.

ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലാത്തതിനാൽ കുട്ടിയാനയെ അയ്യപ്പന്റെ വീട്ടിൽ നിന്ന് വനപ്രദേശത്തിനുസമീപം നിർത്താനാണ് തീരുമാനം. വീണ്ടും കാട്ടാനക്കുട്ടിയെ കാടുകയറ്റിയാലും വലിയ ആനകള്‍ അവരുടെ കൂട്ടത്തിനൊപ്പം ചേർക്കുമോയെന്ന ആശങ്കയും  വനപാലകർക്കുണ്ട്.

Eng­lish Sam­mury: atta­pa­di baby ele­phant came back

Exit mobile version