Site iconSite icon Janayugom Online

റയില്‍വേ സ്റ്റേഷനില്‍നിന്നും മോഷ്ടിച്ച കുഞ്ഞിനെ ബിജെപി നേതാവിന്റെ വീട്ടില്‍ കണ്ടെത്തി, വീഡിയോ

ഉത്തര്‍പ്രദേശില്‍ റയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങവെ മോഷ്ടിക്കപ്പെട്ട കുഞ്ഞിനെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. ഈ മാസം 23ന് രാത്രി മഥുര റയില്‍വേ സ്റ്റേഷനില്‍ നിന്നും തട്ടിക്കൊണ്ടു പോയ ഏഴ് മാസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് 100 കിലോമീറ്റര്‍ അകലെ ഫിറോസാബാദിലെ വനിതാ ബിജെപി നേതാവിന്റെ വീട്ടില്‍ കണ്ടെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി വില്പന നടത്തുന്ന റാക്കറ്റാണ് ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ബിജെപി നേതാവായ വിനിത അഗര്‍വാളും ഭര്‍ത്താവും 1.8 ലക്ഷം രൂപയ്ക്ക് റാക്കറ്റിലെ അംഗങ്ങളായ രണ്ട് ഡോക്ടര്‍മാരില്‍ നിന്നാണ് കുഞ്ഞിനെ വാങ്ങിയത്. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. ആണ്‍കുഞ്ഞിനു വേണ്ടിയാണ് ഇവര്‍ കുട്ടിയെ വാങ്ങിയത്. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്ലാറ്റ്ഫോമില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയ ദീപ് കുമാര്‍ എന്നയാളും ഇതില്‍ ഉള്‍പ്പെടുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
അറസ്റ്റു ചെയ്ത ഡോക്ടര്‍മാരില്‍ നിന്ന് വലിയ തുക പൊലീസ് കണ്ടെടുത്തു. 

ഹത്രാസ് ജില്ലയില്‍ ആശുപത്രി നടത്തുകയാണ് ഇരുവരും. ഇവരെ കൂടാതെ നിരവധി ആരോഗ്യ പ്രവര്‍ത്തകരും കുട്ടിക്കടത്ത് സംഘത്തിലെ അംഗങ്ങളാണെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു. കുഞ്ഞിനെ സ്വന്തം മാതാപിതാക്കള്‍ക്ക് കൈമാറി. അതേസമയം നേതാക്കള്‍ അറസ്റ്റിലായ വിഷയത്തില്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Eng­lish Summary:Baby stolen from rail­way sta­tion found at BJP lead­er’s house
You may also like this video

Exit mobile version