Site iconSite icon Janayugom Online

വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക്

കര്‍ണാടകയില്‍ ബിജെപിയുടെ അട്ടിമറി ഭയന്ന് വിജയിച്ച സ്ഥാനാര്‍ത്ഥികളെ തമിഴ്‌നാട്ടിലേക്കു മാറ്റാന്‍ കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി ഡിഎംകെ നേതൃത്വവുമായി കോണ്‍ഗ്രസ് ആശയവിനിമയം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെതന്നെ സ്ഥാനാര്‍ത്ഥികളോട് ബംഗളുരുവിലെത്താന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. വിജയിച്ച സ്ഥാനാര്‍ത്ഥികളെ സംസ്ഥാനത്തുനിന്നും മാറ്റാന്‍ വിമാനവും ഹെലികോപ്റ്ററുകളുമുള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. കഴിഞ്ഞതവണയുണ്ടായ അട്ടിമറിയുടെ ഓര്‍മ്മകളിലാണ് കോണ്‍ഗ്രസ് വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നത്.
2018ലെ കര്‍ണാടക നിയസമഭാ തെരഞ്ഞെടുപ്പില്‍ 104 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. കോണ്‍ഗ്രസ് 80 സീറ്റുകളും ജെഡിഎസ് 37 സീറ്റുകളുമായിരുന്നു അന്ന് നേടിയത്. കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ബിജെപി യെദിയൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ യെദിയൂരപ്പ സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ച്‌ വിട്ടു. പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ കുമാരസ്വാമി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ അധികാരത്തില്‍ എത്തി.
പക്ഷേ ഒന്നര വര്‍ഷത്തിനുള്ളില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണു. ഒരു വിഭാഗം ഭരണകക്ഷി എംഎല്‍എമാരെ വിലയ്ക്കെടുത്ത ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി. 13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജനതാദള്‍ എംഎല്‍എമാരും, ഒരു കര്‍ണാടക പ്രജ്ഞാവന്ത ജനതാ പാര്‍ട്ടി എംഎല്‍എയുമാണ് രാജിവച്ച് ബിജെപി പക്ഷത്തേക്ക് കൂറുമാറിയത്.

മുഖ്യമന്ത്രി കസേരയ്ക്കായി അവകാശവാദം മുറുകി
ബംഗളൂരു: കര്‍ണാടകയില്‍ ഭൂരിപക്ഷം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായും പിടിവലി മുറുകുന്നു. തന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയാണ് ആദ്യം രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നതാകും പാര്‍ട്ടിക്ക് മുന്നിലെ അടുത്ത വെല്ലുവിളി. ജനപ്രീതി കണക്കിലെടുത്തും താഴേക്കിടയില്‍ നിന്നുയര്‍ന്ന് വന്ന നേതാവെന്ന നിലയിലും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാണ് അണികളുടെ ആവശ്യമെന്ന് യതീന്ദ്ര പറഞ്ഞു. ഒരു കര്‍ണാടക സ്വദേശിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭരണകാലം മികച്ചതായിരുന്നുവെന്നാണ് തന്റെ വിലയിരുത്തലെന്നും യതീന്ദ്ര പറഞ്ഞു.
ഒമ്പതാം തവണയാണ് സിദ്ധരാമയ്യ നിയമസഭയിലേക്ക് എത്തുന്നത്. 2013–2018 കാലയളവിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നത്. പരിചയ സമ്പന്നനായ നേതാവെന്ന നിലയില്‍ സിദ്ധരാമയ്യ തന്നെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഏറ്റവും യോഗ്യന്‍ എന്നാണ് പാര്‍ട്ടി നേതാക്കളില്‍ ഒരു വിഭാഗം കരുതുന്നത്.
അതേസമയം ഡി കെ ശിവകുമാറിന് വേണ്ടിയും അവകാശ വാദം ശക്തമായി. കനകപുര നിയോജക മണ്ഡലത്തില്‍ നിന്ന് എട്ട് തവണ എംഎല്‍എയായ അദ്ദേഹത്തിന് ശക്തമായ അടിത്തറയുണ്ട്. കൂടാതെ ഗാന്ധികുടുംബത്തിന്റെ പിന്തുണയുമുണ്ട്. ദേശീയ നേതൃത്വം ആരുടെയും പേരുകള്‍ ഇത് വരെ മുന്നോട്ടുവച്ചിട്ടില്ല. തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാര്‍ തീരുമാനിക്കട്ടെയെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുള്ളതെന്നാണ് സൂചന.

eng­lish sum­ma­ry; Back to resort politics
you may also like this video;

Exit mobile version