Site iconSite icon Janayugom Online

തുർക്കിയ്ക്ക് തിരിച്ചടി; സെലെബി എയർപോർട്ട് സർവീസസിന്റെ സുരക്ഷാ അനുമതി റദ്ദാക്കി

തുർക്കിക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സുരക്ഷാ അനുമതി റദ്ദാക്കി. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, ചെന്നൈ തുടങ്ങി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഓപ്പറേഷന്‍ ചെയ്യുന്ന പ്രമുഖ കമ്പനിയാണിത്. മുംബൈ വിമാനത്താവളത്തിന്റെ 70 ശതമാനം ഗ്രൗണ്ട് ഓപ്പറേഷന്‍സും തുർക്കി കമ്പനിയാണ് കൈകാര്യംചെയ്യുന്നത്. 

നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് പിന്നാലെ തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ‑പാകിസ്താന്‍ സംഘര്‍ഷത്തില്‍ തുര്‍ക്കി പാകിസ്താന് നല്‍കിയ പിന്തുണക്ക് പിന്നാലെയാണ് ഇന്ത്യയിൽ തുർക്കിക്കെതിരെ നടപടി ശക്തമാക്കുന്നത്. അതേസമയം, തുർക്കിക്കെതിരെ ഇന്ത്യയിൽ ശക്തമായ ജനവികാരമാണ് ഉയരുന്നത്. നിരവധി ഇന്ത്യക്കാർ തുർക്കിയിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കുകയും, മുൻകൂട്ടി ബുക്ക് ചെയ്ത യാത്രകൾ റദ്ദാക്കുകയും ചെയ്യുന്നുണ്ട്. മേക്ക് മൈ ട്രിപ്പ് പോലുള്ള യാത്രാ വെബ്സൈറ്റുകളിൽ തുർക്കിയിലേക്കുള്ള യാത്ര റദ്ദാക്കലുകൾ 250 ശതമാനം വരെ വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Exit mobile version