Site iconSite icon Janayugom Online

എക്‌സിന് തിരിച്ചടി; കേന്ദ്ര സർക്കാർ നടപടിക്കെതിരെ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി

കേന്ദ്ര സർക്കാരിന്റെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നയങ്ങൾക്കെതിരെ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (മുമ്പ് ട്വിറ്റർ) നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. സോഷ്യൽ മീഡിയയിലെ ഉള്ളടക്കം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ഐടി ആക്ടിലെ സെക്ഷൻ 79(3)(b) അനുസരിച്ച് ഉള്ളടക്കം ബ്ലോക്ക് ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നും, ഇത് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും എക്‌സ് ഹർജിയിൽ വാദിച്ചിരുന്നു. പ്ലാറ്റ്‌ഫോമിൽ നിന്ന് ഉള്ളടക്കം എളുപ്പത്തിൽ നീക്കം ചെയ്യുന്നത് ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെടുത്തുകയും ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്നും എക്‌സ് കോർപ്പ് വാദിച്ചു. സർക്കാരിന്റെ ‘സഹ്യോഗ്’ പോർട്ടലിൽ ചേരാൻ നിർബന്ധിക്കുന്നതിൽ നിന്ന് താൽക്കാലിക സംരക്ഷണം വേണമെന്നും എക്‌സ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഈ വാദങ്ങൾ ഹൈക്കോടതി തള്ളിക്കളഞ്ഞു. പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ സോഷ്യൽ മീഡിയ നിയന്ത്രണം അനിവാര്യമാണെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന നിരീക്ഷിച്ചു. ഇങ്ങനെ ചെയ്തില്ലെങ്കിൽ, ഭരണഘടന അനുശാസിക്കുന്ന പൗരന്റെ അന്തസ്സും അവകാശങ്ങളും ലംഘിക്കപ്പെടും. മാധ്യമം ഏതായാലും, ആശയവിനിമയത്തിന്റെ നിയന്ത്രണം എല്ലായ്‌പ്പോഴും ഒരു ഭരണപരമായ വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Exit mobile version