Site iconSite icon Janayugom Online

നരേന്ദ്ര മോഡിക്ക് തിരിച്ചടി; സൗരോർജ സഖ്യത്തിൽ യുഎസില്ല

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതികളിലൊന്നായ അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൽ (ഐഎസ്എ) നിന്ന് അമേരിക്ക പിന്മാറി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം അമേരിക്കയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന 66 അന്താരാഷ്ട്ര സംഘടനകളിൽ ഒന്നായാണ് ഐഎസ്എയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ മേഖലയ്ക്ക് നടപടി തിരിച്ചടിയായി. 2015ൽ പാരീസ് കാലാവസ്ഥാ ഉച്ചകോടിയോട് അനുബന്ധിച്ച് ഇന്ത്യയും ഫ്രാൻസും ചേർന്നാണ് ഐഎസ്എ രൂപീകരിച്ചത്. ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏക അന്താരാഷ്ട്ര സംഘടനയാണിത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ആസ്ഥാനം. നൂറിലധികം രാജ്യങ്ങള്‍ ഇതിന്റെ ഭാഗമാണ്. സൗരോർജ വ്യാപനത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ നൂറിലധികം രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലക്ഷ്യം. എന്നാൽ, അമേരിക്കയുടെ പരമാധികാരത്തിനും സാമ്പത്തിക താല്പര്യങ്ങൾക്കും ഇത്തരം സംഘടനകൾ ഭീഷണിയാണെന്നാണ് ട്രംപിന്റെ നിലപാട്.

ട്രംപിന്റെ നീക്കം ആഗോള സമ്പദ് വ്യവസ്ഥയെയും പുനരുപയോഗ ഊര്‍ജ വിപണിയെയും ബാധിക്കും. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ ട്രംപ് ഇതിനകം തന്നെ കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മോഡി തന്നോട് സഹായാഭ്യര്‍ത്ഥന നടത്തിയെന്ന വെളിപ്പെടുത്തലും ട്രംപ് നടത്തിയിരുന്നു. എന്നാൽ ട്രംപിന്റെ പരാമർശത്തോട് തല്‍ക്കാലം ഔദ്യോഗികമായി പ്രതികരിക്കേണ്ടതില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. യുഎസുമായി വ്യാപാര കരാർ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ വാക്‌പോരിന് മുതിരുന്നത് ഗുണം ചെയ്യില്ലെന്നും ഇന്ത്യ കരുതുന്നു, അതിനിടെ മോഡിയുടെ നേരിട്ടുള്ള നേതൃത്വത്തിലുള്ള ഒരു ആഗോള സഖ്യത്തിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയേക്കാമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനം ഒരു ‘തട്ടിപ്പാണെന്ന്’ കരുതുന്ന ട്രംപിന്റെ നയം ഹരിത ഊർജ മേഖലയിലെ ഇന്ത്യയുടെ നേതൃത്വത്തെയും ബാധിച്ചേക്കും.

അമേരിക്കയുടെ സാമ്പത്തിക സഹായവും പിന്തുണയും നിലയ്ക്കുന്നത് ഐഎസ്എയുടെ ഭാവി പ്രവർത്തനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. ആഗോളതലത്തില്‍ സോളാര്‍, വിന്‍ഡ് എനര്‍ജി കമ്പനികളുടെ ഓഹരികളിലും ഈ തീരുമാനം അസ്ഥിരതയുണ്ടാക്കും. അമേരിക്കന്‍ എണ്ണ, കല്‍ക്കരി കമ്പനികള്‍ക്ക് ട്രംപ് ഭരണകൂടത്തില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ അവയുടെ മൂല്യം വര്‍ധിച്ചേക്കാം. എന്നാൽ, ചൈന ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ പുനരുപയോഗ ഊര്‍ജ മേഖലയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാൻ ട്രംപിന്റെ പിന്മാറ്റം കാരണമാകുമെന്നും യുഎസ് ഈ രംഗത്തുനിന്നും പിന്തള്ളപ്പെടുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

Exit mobile version