Site icon Janayugom Online

മാലദ്വീപ് പ്രസിഡന്റിന് തിരിച്ചടി; പുറത്താക്കാൻ പ്രതിപക്ഷം

Maldives

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. പ്രധാന പ്രതിപക്ഷ കക്ഷിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ഇതിനായി ഒപ്പ് ശേഖരണം ആരംഭിച്ചു കഴിഞ്ഞു.
മന്ത്രിസഭയിലെ നാല് അംഗങ്ങളുടെ അംഗീകാരത്തെച്ചൊല്ലി സര്‍ക്കാര്‍ അനുകൂല എംപിമാരും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ സംഘര്‍ഷമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രസിഡന്റാണ് മന്ത്രിമാരെ നാമനിര്‍ദേശം ചെയ്യുന്നത്. ഇവരെ പാര്‍ലമെന്റ് അംഗീകരിക്കുകയും വേണം. തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും മുയിസുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷമില്ല. മന്ത്രിസഭയിലെ നാല് പേരെ അംഗീകരിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നിലപാട്.
പ്രതിപക്ഷ എംപിമാരെ പാർലമെന്റില്‍ പ്രവേശിക്കുന്നതിൽ നിന്ന് ഭരണപക്ഷ എംപിമാര്‍ തടഞ്ഞതാണ് തുടക്കം. തുടര്‍ന്ന് സ്പീക്കറെ തടയാനും ശ്രമിച്ചു. ഇതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ പ്രതിപക്ഷാംഗങ്ങള്‍ വോട്ടെടുപ്പ് തടസപ്പെടുത്താനും ശ്രമം നടത്തി. എംഡിപി എംപി ഈസയും പിഎൻസി എംപി അബ്ദുല്ല ഷഹീം അബ്ദുൾ ഹക്കീമും കഴുത്തിൽ ചവിട്ടുന്നതും മുടി പിടിച്ച് വലിക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

ഇന്നലെ വീണ്ടും ചേര്‍ന്ന മജ്‌ലിസ് സമ്മേളനം 19 മന്ത്രിമാരുടെ നിയമനത്തിന് അംഗീകാരം നല്‍കി. അതേസമയം അറ്റോര്‍ണി ജനറല്‍ അഹമ്മദ് ഉഷാം, ഇസ്ലാമിക കാര്യ മന്ത്രി മുഹമ്മദ് ഷഹീം അലി സയീദ്, ഭവനവകുപ്പ് മന്ത്രി അലി ഹൈദര്‍ എന്നിവരുടെ നിയമനത്തിന് അംഗീകാരം നല്‍കിയില്ല. അതിനിടെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് അസ്ലമിനും ഡെപ്യൂട്ടി സ്പീക്കര്‍ അഹമ്മദ് സലീമിനുമെതിരെ ഭരണകക്ഷിയായ പിപിഎം-പിഎന്‍സി സഖ്യം അവിശ്വാസ പ്രമേയം സമര്‍പ്പിച്ചിട്ടുണ്ട്.
വിദേശനയങ്ങളിലടക്കം മുഹമ്മദ് മുയിസുവിന്റെ നടപടികള്‍ക്കെതിരെ നേരത്തെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുയിസുവിന്റെ ചൈനീസ് അനുകൂല നിലപാടാണ് കൂടുതല്‍ വിമര്‍ശനമേറ്റുവാങ്ങുന്നത്.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഏറെ വഷളായിരുന്നു.

പ്രതിപക്ഷത്തിന് ഭൂരിപക്ഷം

മാലദ്വീപ് പാർലമെന്റായ മജ്‌ലിസില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. 87 അംഗ സഭയില്‍ നിലവില്‍ 80 അംഗങ്ങളാണുള്ളത്. ഇതില്‍ എംഡിപി-ഡമോക്രാറ്റ് സഖ്യത്തിന് 56 അംഗങ്ങളുണ്ട്. മാലദ്വീപ് ഭരണഘടന പ്രകാരം മൂന്നില്‍ ഒന്ന് അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയത്തെ മൂന്നില്‍ രണ്ട് അംഗങ്ങള്‍ പിന്തുണയ്ക്കുകയും വേണം. നിലവില്‍ 54 ആണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം.
പ്രമേയം സഭയ്ക്ക് സമര്‍പ്പിക്കപ്പെട്ടാല്‍ പ്രസിഡന്റിന് 14 ദിവസത്തെ സമയം ലഭിക്കും. 14-ാം ദിനത്തില്‍ ചേരുന്ന മജ്‌ലിസ് സമ്മേളനത്തില്‍ 54 വോട്ടുകളിലധികം എതിരായി രേഖപ്പെടുത്തിയാല്‍ പ്രസിഡന്റ് പുറത്താവുകയും ഭരണഘടന പ്രകാരം വൈസ് പ്രസിഡന്റ് ചുമതല ഏറ്റെടുക്കുകയും ചെയ്യും. 

Eng­lish Sum­ma­ry: Back­lash to Mal­dives Pres­i­dent; Oppo­si­tion to oust

You may also like this video 

Exit mobile version