ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി. മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നിയമ നിർമാണത്തിൽ മതപരമായ കാര്യങ്ങൾ ഉണ്ടായൽ അത് ചൂണ്ടിക്കാട്ടി നിയമം ഭരണഘടനാ വിരുദ്ധം ആണെന്ന് പറയാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് 2004 ലെ മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയത്.
നേരത്തെ ദേശീയ ബാലാവകാശ കമ്മിഷന്റെ ഈ ഉത്തരവില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തുവന്നിരുന്നു. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്നും മറ്റു മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ശക്തമായ ഭാഷയിൽ ചോദിച്ചിരുന്നു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിനാണ് ആശങ്കയെന്നും സന്യാസി മഠങ്ങളില്‍ കുട്ടികളെ അയക്കുന്നതില്‍ നിര്‍ദേശമുണ്ടോയെന്നും കോടതി വിമർശിച്ചിരുന്നു.
മദ്രസകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണം എന്നതടക്കമുള്ള ഉത്തരവുകള്‍ യുപി സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. അങ്ങനെ നിര്‍ബന്ധം പിടിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. നിയമത്തിന്റെ ഉദ്ദേശം പരിശോധിക്കൂവെന്ന് യുപി സര്‍ക്കാരിനോട് നിര്‍ദേശിച്ച സുപ്രീം കോടതി മദ്രസകള്‍ നിയന്ത്രിക്കുന്നത് ദേശീയ താല്‍പര്യമാണോയെന്നും അന്ന് ചോദിച്ചിരുന്നു.