കോവിഡിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും പ്രതിസന്ധിയിൽ നിന്നും കരകയറി കായൽടൂറിസം. ഓണക്കാലത്ത് കുട്ടനാടൻ പ്രകൃതിഭംഗി ആസ്വദിക്കാൻ വിദേശികളടക്കം ആയിരങ്ങളാണ് ആലപ്പുഴയിൽ എത്തിച്ചേർന്നത്. നെഹ്രുട്രോഫി ജലോത്സവം ആസ്വദിക്കാൻ മുൻകൂട്ടി തയാറാക്കിയ ടൂർ പാക്കിൽ ഹൗസ് ബോട്ട് യാത്രയും ഉൾപ്പെടുത്തിയാണ് വിദേശി സംഘങ്ങളെത്തിയത്. ഇതരസംസ്ഥാന വിനോദസഞ്ചാരികളാണ് ഇക്കുറി ഏറെയും. മൂന്ന് കൊല്ലത്തോളമായി കായല്‍ ടൂറിസം നിശ്ചലമായിരുന്നു.
ഒറ്റപ്പെട്ട മഴയുണ്ടായെങ്കിലും വിനോദസഞ്ചാരത്തെ ബാധിച്ചില്ല. ഹൗസ്ബോട്ട് മേഖലയിലും മികച്ച ബുക്കിങ് ലഭിച്ചു. ശിക്കാരവള്ളങ്ങൾക്കും നേട്ടമുണ്ടാക്കാനായി. യാത്രികർ ജലഗതാഗതവകുപ്പിന്റെ ബോട്ടിലും സവാരിചെയ്തു. സീസണായതിനാൽ ബുക്ക് ചെയ്യാതെ എത്തിയവരില്‍ പലർക്കും ഹൗസ്ബോട്ട് യാത്ര സാധ്യമായില്ല. പ്രതിസന്ധിയിൽനിന്ന് കരകയറാൻ ആലപ്പുഴ ടൂറിസം മേഖല സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളും മികച്ച സേവനങ്ങളും ഉറപ്പാക്കി. രാവിലെ കയറി വൈകിട്ട് തിരികെയെത്തുന്നത് മുതൽ രാത്രി കായലിൽ തങ്ങി അടുത്ത ദിവസം തിരികെയെത്തുന്ന പാക്കേജ് വരെയുണ്ട്. ലോഡ്ജുകളിൽ മുറിയെടുക്കാതെ തന്നെ ഒന്നുരണ്ട് ദിവസം കായലിൽ സഞ്ചരിക്കാനും കഴിയും.
English Summary:Backwater tourism makes a grand comeback
You may also like this video