Site iconSite icon Janayugom Online

ഓണസീസണിൽ പ്രതീക്ഷയർപ്പിച്ച് കായൽ ടൂറിസം

ഓണ സീസണിൽ പ്രതീക്ഷയർപ്പിച്ച് കായൽ ടൂറിസം മേഖല. രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധി മറികടന്നുവരുമ്പോഴാണ് കാലാവസ്ഥ വില്ലനായത്. സീസണിന്റെ തുടക്കത്തിൽ തന്നെ ഉണ്ടായ തിരിച്ചടി കായൽ ടൂറിസത്തെ പിടിച്ചുലച്ചു. ഹൗസ് ബോട്ട് മേഖലയെയാണ് കൂടുതൽ ബാധിച്ചത്. അതേൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ ഓണ സീസണിൽ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹൗസ് ബോട്ടുടമകളും ശിക്കാരവള്ളക്കാരും.
മൺസൂൺ ടൂറിസത്തിന് സഞ്ചാരികൾ എത്തേണ്ട സമയത്താണ് പ്രകൃതിക്ഷോഭമുണ്ടായത്. മുൻകാലങ്ങളിൽ നിരവധി വിദേശ സഞ്ചാരികളാണ് എത്തിയിരുന്നതെങ്കിൽ ഇത്തവണ കാര്യമായി വരവുണ്ടായില്ല. കോവിഡിനെ തുടർന്ന് മൂന്ന് വർഷത്തോളമായി ടൂറിസം മേഖല പ്രതിസന്ധിയിലായിരുന്നു. ഇക്കഴിഞ്ഞ വെളളപ്പൊക്കം കായലോര പ്രദേശങ്ങളെ കാര്യമായി ബാധിച്ചില്ലെങ്കിലും മുൻ വർഷങ്ങളിലെ ഓർമ്മയിൽ സഞ്ചാരികൾ ബുക്കിങ് കാൻസൽ ചെയ്തിരുന്നു.
ഓണ സീസണിലേക്ക് ബുക്കിങ് നടക്കുന്ന സമയമാണിത്. സെപ്തംബർ മാസത്തിൽ വള്ളംകളി ആരംഭിക്കുന്നതിനാൽ വിനോദ സഞ്ചാരികൾ കൂടുതലെത്തും. കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയും ചെറുതോടുകളിലൂടെ ശിക്കാര വള്ളത്തിലുള്ള യാത്രയും കായൽ വിഭവങ്ങളായ കരിമീനും ഞണ്ടും കൊഞ്ചും അടക്കമുള്ളവ രുചിക്കാനുമാണ് സഞ്ചാരികൾ എത്തുന്നത്.
നവംബർ മാസത്തോടെ യൂറോപ്പിൽ നിന്നും വടക്കേ ഇന്ത്യയിൽ നിന്നും മാത്രമല്ല, അറബ് ടൂറിസ്റ്റുകളും എത്താറുണ്ട്. എന്നാൽ തദ്ദേശീയരായ മലയാളികളാണ് നിലവിൽ കൂടുതലായി വരുന്നത്. കോവിഡ് വന്നതോടെ ഇതുമായി ബന്ധപ്പെട്ട തൊഴിലാളികൾ മറ്റ് മേഖലകളിലേക്ക് മാറി. നിലവിൽ തൊഴിലാളികളുടെ കുറവുമുണ്ട്. അന്യസംസ്ഥാനത്ത് നിന്നുള്ളവർ കൂടുതലായി എത്തിയെങ്കിലേ മേഖലയ്ക്ക് ഉണർവുണ്ടാകൂ. നെഹ്രുട്രോഫിയുടെ പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിൽ തുടങ്ങിയതോടെ വിനോദ സഞ്ചാര മേഖലയിൽ ഉണർവുണ്ടായിട്ടുണ്ട്. 

Eng­lish Sum­ma­ry: Back­wa­ter tourism with hope in the off-season

You may like this video also

Exit mobile version