മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥയും സാങ്കേതിക പിഴവുകളുമാണെന്ന് പ്രാഥമിക നിഗമനം. അപകടസമയത്ത് ബാരാമതിയിൽ കടുത്ത മൂടൽമഞ്ഞും ദൃശ്യപരത വളരെ കുറവുമായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി.
ബാരാമതി വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു. വിമാനം ഇറങ്ങുന്നതിന് മുൻപ് ദൃശ്യപരത കുറവാണെന്ന് പൈലറ്റ് കൺട്രോൾ റൂമിനെ അറിയിച്ചിരുന്നു. ബാരാമതിയിൽ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം (ഐഎല്‍എസ്) ഇല്ലാത്തത് പ്രതിസന്ധി വര്‍ധിപ്പിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പൈലറ്റ് നേരിട്ട് കണ്ട് വിമാനം ഇറക്കുന്ന വിഎഫ്ആർ (വിഎഫ്ആര്‍) രീതിയാണ് പിന്തുടരുന്നത്. കാഴ്ചാദൂരം അഞ്ച് കിലോമീറ്റർ എങ്കിലും വേണമെന്നിരിക്കെ വെറും 3.2 കിലോമീറ്റർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം റൺവേയിൽ നിന്ന് 11 കിലോമീറ്റർ അകലെയായിരിക്കുമ്പോൾ വിമാനം കുറഞ്ഞത് 1,800 അടി ഉയരത്തിലായിരിക്കണം. എന്നാൽ അപകടസമയത്ത് അജിത് പവാറിന്റെ വിമാനം വെറും 800 അടി ഉയരത്തിൽ മാത്രമായിരുന്നു സഞ്ചരിച്ചിരുന്നത്. സുരക്ഷിതമായിരിക്കേണ്ടതിനേക്കാൾ 1,000 അടി താഴെയായിരുന്നു വിമാനം. കൂടാതെ ലാൻഡിങ് സമയത്ത് വിമാനത്തിന്റെ വേഗത സാധാരണയേക്കാൾ കൂടുതലായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലാൻഡിങ്ങിനിടെ വിമാനത്തിന്റെ തുലനം തെറ്റിയതും തറയിലിടിച്ചയുടൻ സ്ഫോടനമുണ്ടായതും ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. അപകടത്തിന് പിന്നിൽ മെക്കാനിക്കൽ തകരാറാണോ അതോ പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണോ എന്ന് കണ്ടെത്താൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ മാത്രമേ അവസാന നിമിഷങ്ങളിൽ വിമാനത്തിനുള്ളിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകൂ.
മോശം കാലാവസ്ഥ അപകടകാരണം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

