Site iconSite icon Janayugom Online

ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യം: ഡൽഹി പൊലീസിന് സുപ്രീം കോടതി നോട്ടിസ്

ഡൽഹി കലാപ ഗൂഢാലോചന കേസിൽ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയിൽ സുപ്രീംകോടതി ഡൽഹി പൊലീസിന് നോട്ടിസ് അയച്ചു. ഒക്ടോബർ ഏഴിനകം മറുപടി നൽകണമെന്നാണ് ജാമ്യ ഹർജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാർ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.

ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതി വിധിക്കെതിരെ ഉമർ ഖാലിദ്, ഷർജീൽ ഇമാം, മീരാൻ ഹൈദർ, ഗുൽശിഫ ഫാത്തിമ, ശിഫാ ഉറഹ്മാൻ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഞ്ച് വർഷമായി ജാമ്യം നിഷേധിക്കപ്പെട്ട് വിദ്യാർഥികൾ ജയിലിൽ കഴിയുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ജാമ്യ ഹരജി ദീപാവലിക്ക് മുമ്പ് പരിഗണിക്കണമെന്നും ഇവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, എ.എം. സിങ്‍വി എന്നിവർ വാദിച്ചു.

ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യു.എ.പി.എ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. സി.എ.എ വിരുദ്ധ സമരവും തുടർന്നുണ്ടായ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പടെ എട്ട് വിദ്യാർഥി സംഘടനാ പ്രവർത്തകരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version