ചന്ദ്രനെ വലംവലയ്ക്കുന്ന സ്പേസ് എക്സിന്റെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി ബാലവീര്‍ താരം ദേവ് ജോഷി. ഡിയര്‍മൂണ്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ദേവ് ജോഷി ഒരാഴ്ചത്തെ ബഹിരാകാശ യാത്രതിരിക്കുന്നത്. അടുത്തവര്‍ഷമായിരിക്കും എട്ടുപേരടങ്ങിയ സംഘത്തിന്റെ യാത്ര. ഇന്ത്യയില്‍ നിന്നുള്ള ഏക യാത്രികനാണ് ജോഷി. ബാൽ വീർ, ബാൽ വീർ റിട്ടേൺസ് എന്നീ ടിവിഷോകളിലൂടെയാണ് ദേവ് ജോഷി ശ്രദ്ധനേടുന്നത്. മൂന്ന് വയസ് മുതൽ അഭിനയരംഗത്തുണ്ട്. ഗുജറാത്ത് സ്വദേശിയാണ്. അഭിമാനകരമായ നേട്ടമാണിതെന്നും ലോകത്തിനുമുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും വാര്‍ത്ത പങ്കുവച്ചുകൊണ്ട് ദേവ് ജോഷി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
2017ല്‍ ആണ് ഡിയര്‍ മൂണ്‍ പ്രോജക്ട് പ്രഖ്യാപിക്കുന്നത്. സാധാരണക്കാരെ ഉള്‍പ്പെടുത്തിയുള്ള ആദ്യ ചാന്ദ്രദൗത്യമാണിത്. 2018 ലാണ് ജാപ്പനീസ് കോടീശ്വരനായ യുസാകു മിസാവ സ്പേസ് എക്സ് റോക്കറ്റിന്റെ മുഴുവന്‍ സീറ്റും വാങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍, കണ്ടന്റ് ക്രിയേറ്റേഴ്സ്, കായികതാരങ്ങള്‍ എന്നിവരാണ് സംഘത്തിലുള്ളത്. അമേരിക്കയിലെ ഡിജെയും നിർമ്മാതാവുമായ സ്റ്റീവ് ഓക്കി, അമേരിക്കൻ യൂട്യൂബർ ടിം ഡോഡ്, ചെക്ക് വീഡിയോ ക്രിയേറ്ററായ യെമി എ ഡി, ഐറിഷ് ഫോട്ടോഗ്രാഫർ റിയാനോൺ ആദം, ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ കരിം ഇലിയ, അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് ബ്രണ്ടൻ ഹാള്‍, ദക്ഷിണ കൊറിയയിലെ കെ-പോപ്പ് സംഗീതജ്ഞന്‍ ടോപ്പ് എന്നിവരാണ് ദേവ് ജോഷിയെ കൂടാതെയുള്ള യാത്രക്കാര്‍. ഇദാഹുവില്‍ നിന്നുള്ള വിന്റര്‍ സ്പോര്‍ട്സ് താരം കൈതിലിന്‍ ഫാരിങ്ടണ്‍, ജപ്പാനീസ് ഡാന്‍സര്‍ മിയു എന്നിവര്‍ യാത്രികരുടെ ബാക്കപ് പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ചന്ദ്രനിലേക്കുള്ള ആദ്യ സ്വകാര്യയാത്രയുടെ ഭാഗമാകാന്‍ 249 രാജ്യങ്ങളില്‍ നിന്നായി പത്ത് ലക്ഷത്തിലധികം അപേക്ഷകരുണ്ടായിരുന്നു.
English Summary: Balaveer star Dev Joshi is about to circle the moon
You may also Like this video