ശശി തരൂർ പറയുന്നത് കോൺഗ്രസ് നയം തന്നെയാണെന്നും തരൂരിന് ഒരു വിലക്കുമില്ലെന്നും മുൻ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരൻ എംപി. ശശി തരൂരിന്റെ മലബാറിലെ പര്യടനങ്ങൾക്ക് ഒരു വിലക്കുമില്ല. തരൂരിന്റെ എല്ലാ പരിപാടികളിലും എല്ലാ കോൺഗ്രസുകാർക്കും പങ്കെടുക്കാം. അതിന്റെ പേരിൽ ആർക്കെതിരെയും നടപടി ഉണ്ടാവില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.
ശശി തരൂർ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണ്. അദ്ദേഹത്തിന്റെ സേവനം പാർട്ടി വിനിയോഗിക്കുമെന്നാണ് കരുതുന്നത്. ശശി തരൂരിന്റെ പേരിൽ വിവാദം ഉണ്ടാക്കേണ്ടതില്ലായിരുന്നുവെന്നും കോൺഗ്രസ് പരിപാടികളിൽ തരൂർ പങ്കെടുക്കുന്നതാണ് നല്ലതെന്നും കെ മുരളീധരൻ പ്രതികരിച്ചു. മൂന്ന് മാസം മുമ്പ് വരെ അദ്ദേഹം പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ എന്തിനാണ് വിവാദം എന്ന് അറിയില്ല. കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ശശി തരൂർ. എഐസിസി തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിനെതിരെ താൻ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ തരൂർ ഇപ്പോൾ നേതാക്കളെ കാണുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച കെ മുരളീധരൻ അതിനെ വേറെ ഒരു കണ്ണ് കൊണ്ട് കാണേണ്ടതില്ലെന്നും വ്യക്തമാക്കി. പലരും പാരവെക്കാൻ നോക്കും, അത് കാര്യമാക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന സംവാദ പരിപാടിയിൽ നിന്നും കെപിസിസി നേതൃത്വം ഇടപെട്ട് ഡോ. ശശി തരൂർ എംപിയെ വിലക്കിയത് വിവാദമായിരുന്നു. യൂത്ത് കോൺഗ്രസിനെ ഇത്തരത്തിൽ ഒരു പരിപാടിയിൽ നിന്ന് വിലക്കാൻ കെപിസിസി ശ്രമിക്കില്ലെന്നും ശശി തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതനായ നേതാവാണെന്നുമായിരുന്നു ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്റെ പിന്മാറ്റമെന്നായിരുന്നു റിപ്പോർട്ടുകൾ. യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിയിൽ നിന്ന് അവർ പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന സെമിനാര്‍ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജവഹർ ഫൗണ്ടേഷനാണ് സെമിനാർ നടത്തുമെന്ന് അറിയിച്ച് രംഗത്തെത്തിയത്.
English Summary: ban in the party; K Muralidharan supports Shashi Tharoor
You may also like this video