Site icon Janayugom Online

എയര്‍ ഹോണ്‍ നിരോധനം നിഷ്ലഫലം: ചെവിപൊട്ടിക്കും ഹോണുകളുമായി വാഹനങ്ങളുടെ പാച്ചില്‍

vehicle

കാതു തുളച്ചുകയറുന്ന എയര്‍ഹോണുകള്‍ ഹൈക്കോടതി ഉത്തരവിലൂടെ സംസ്ഥാനത്ത് നിരോധിച്ചെങ്കിലും ഞെട്ടലുണ്ടാക്കുന്ന ഭീകര ശബ്ദങ്ങളുമായി ജില്ലയില്‍ വാഹനങ്ങള്‍ ചീറിപ്പായുന്നു. ബസുകളിലും ലോറികളിലും പുറമേ ഓട്ടോറിക്ഷകളില്‍ പോലും കാതടപ്പിക്കുന്ന ഹോണ്‍ മുഴക്കലില്‍ പൊറുതിമുട്ടിയിരിക്കുകയാണു യാത്രക്കാര്‍. കുണ്ടും കുഴിയുമായ റോഡുകളില്‍ ബ്രേക്ക് ഒന്നു ചവിട്ടിയാല്‍ പുറകില്‍ നിന്ന് ഞെട്ടിക്കുന്ന ശബ്ദം മുഴങ്ങും. പേടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട് ഇരുചക്രവാഹനയാത്രക്കാര്‍ കുഴികളില്‍ വീണ് അപകടമുണ്ടാകുന്നതും പതിവു കാഴ്ച്ചയായി.

ടൂറിസ്റ്റു ബസുകളിലും ദീര്‍ഘദൂര ബസുകളിലും നഗരാതിര്‍ത്തിക്കുള്ളില്‍ സര്‍വീസ് നടത്തുന്ന ഹൃസ്വദൂര ബസുകളില്‍ പോലും ഉഗ്രശബ്ദത്തോടെ ഹോണ്‍ മുഴക്കിയാണു യാത്ര. ചരക്ക് ലോറികളിലും നിയമലംഘനം വ്യാപകമാണ്. സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്ന ലോറികള്‍ക്കും യാതൊരു നിയന്ത്രണവും ഇല്ല. ദേശീയപാത ഉള്‍പ്പടെയുള്ള തിരക്കേറിയ റോഡുകളില്‍ എയര്‍ഹോണ്‍ മുഴക്കിയാണ് അന്തര്‍സംസ്ഥാന ചരക്ക് ലോറികളും ചീറിപ്പായുന്നത്.

112 ഡെസിബല്ലില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ വാഹനങ്ങളില്‍ പാടില്ലെന്നാണ് മോട്ടോര്‍വെഹിക്കിള്‍ നിയമം. എയര്‍ഹോണുകളില്‍ 90 ശതമാനവും 112 ഡെസിബല്ലിലിനു മുകളില്‍ ശബ്ദം പുറപ്പെടുവിക്കുന്നതായതിനാലാണ് എയര്‍ഹോണ്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ എയര്‍ഹോണുകള്‍ക്കു പുറമേ ഉഗ്രശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകളും ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. പൊലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ പരിശോധന ഉണ്ടാകാറുള്ള സ്ഥലങ്ങളില്‍ ഇവര്‍ ഹോണ്‍ മുഴക്കാറില്ല. അതിനാല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ വരുന്നു.
ഉയര്‍ന്ന ഡെസിബലിലുള്ള ഹോണ്‍ ശബ്ദം, നിര്‍ത്താതെയുള്ള ഹോണ്‍ മുഴക്കല്‍, കാത് തുളച്ചുകയറുന്ന നിലയില്‍ വ്യത്യസ്ത ട്യൂണിലുള്ള ഹോണുകള്‍ ഒക്കെ നിയമലംഘനത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ നിയമലംഘനം കണ്ടെത്താന്‍ ശാസ്ത്രീയ സംവിധാനം ഇല്ലാത്തതാണ് പോരായ്മ. ഹോണ്‍ മുഴക്കുന്നത് നേരില്‍ കേള്‍ക്കുന്ന ഘട്ടങ്ങളില്‍ മാത്രമെ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയു.
മറ്റുള്ളവരുടെ പരാതിയില്‍ പരിശോധന നടത്തിയാലും നിയമലംഘനം നടന്നുവെന്ന് തെളിവ് സഹിതം ഉറപ്പിക്കാന്‍ ആയില്ലെങ്കില്‍ കോടതിയില്‍ കേസ് തള്ളിപ്പോകും. ഇത്തരം നിയമ പഴുതുകള്‍ മുന്നില്‍ കണ്ടാണു എയര്‍ഹോണുകളും ഉയര്‍ന്ന ഡെസിബല്ലിലുള്ള ഹോണുകളും വാഹനങ്ങളില്‍ നിര്‍ഭയം ഘടിപ്പിക്കുന്നത്. ഉഗ്രശബ്ദത്തില്‍ ഹോണ്‍ മുഴക്കുന്ന വാഹനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പരിശോധന ഊര്‍ജിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Ban on air horns has no effect: Patch­es of vehi­cles with ear-split­ting horns

You may also like this video

Exit mobile version