Site iconSite icon Janayugom Online

മുസ്ലീം കച്ചവടക്കാര്‍ക്ക് വിലക്ക്: എതിര്‍പ്പുമായി ബിജെപി നേതാക്കള്‍

ക്ഷേത്രോത്സവങ്ങളില്‍ നിന്നും മുസ്ലീം കച്ചവടക്കാരെ വിലക്കണമെന്ന വലതുപക്ഷ സംഘടനകളുടെ ആഹ്വാനത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍സിയുമായ എ എച്ച് വിശ്വനാഥ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം തുടരുന്നതിനിടെയാണ് പ്രതികരണവുമായി വിശ്വനാഥ് രംഗത്തെത്തിയത്.

‘ഇതെല്ലാം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇത്തരം കാര്യങ്ങള്‍ പറയുന്നില്ല. എല്ലാം ഉള്‍ക്കൊള്ളുന്നതാവണം മതങ്ങള്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്ന് അറിയില്ല. ‘, എ എച്ച് വിശ്വനാഥ് പറഞ്ഞു. ഇംഗ്ലണ്ടില്‍ എത്ര ഇന്ത്യക്കാരുണ്ട്? ലോകമെമ്പാടും എത്ര ഇന്ത്യക്കാരുണ്ട്? മുസ്ലീം രാജ്യങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു? ഇവരെല്ലാം നമുക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍, ഇതെല്ലാം എവിടെ അവസാനിക്കുമെന്നും അദ്ദേഹം ചോദിച്ചു.

വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, ശ്രീരാമസേന തുടങ്ങിയ വലതുപക്ഷ ഗ്രൂപ്പുകളുടെ ആവശ്യത്തെത്തുടര്‍ന്ന് ഉഡുപ്പി, ശിവമോഗ ജില്ലകളിലെ ചില ക്ഷേത്രങ്ങള്‍ ക്ഷേത്രോത്സവങ്ങളില്‍ നിന്ന് മുസ്ലീം കച്ചവടക്കാരെ വിലക്കിയിരുന്നു. നിലവില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും നിന്നും സമാന ആവശ്യവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന ഒബിസി നേതാവായ വിശ്വനാഥ് മുമ്പ് കോണ്‍ഗ്രസിനൊപ്പവും ജനതാദളിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സമാന പ്രതികരണവുമായി ബെല​ഗവി നോർത്ത് മണ്ഡലത്തിലെ എംഎൽഎയായ അനിൽ ബെനേക്കും രംഗത്തെത്തി. ഇത്തരം വിലക്കുകൾ അനുവദിക്കാനില്ലെന്നും ആളുകൾ എവിടെ നിന്ന് എന്ത് വാങ്ങണമെന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണെന്നും അതിൽ ഇടപെടാനാവില്ലെന്നും അനിൽ ബനെക് പറ‍ഞ്ഞു.

eng­lish summary;Ban on Mus­lim traders: BJP lead­ers protest

you may also like this video;

Exit mobile version