Site iconSite icon Janayugom Online

വേണമെങ്കില്‍ വാഴ വേരിലും കുലയ്ക്കും

ഒരു വാഴയുടെ തന്നെ മുകളിലും ചുവട്ടിലും വാഴക്കുല ഉണ്ടായത് അത്ഭുത കാഴ്ചയായി. അണക്കര തകിടിയേല്‍ മനോജിന്റെ കൃഷിയിടത്തിലെ ഞാലി പൂവന്‍ തോട്ടത്തിലാണ് ഈ അത്ഭുതവാഴ കാഴ്ച. സാധാരണഗതിയില്‍ വാഴയുടെ മുകളിലാണ് കുല ഉണ്ടാകാറുള്ളത്. അപൂര്‍വമായി ചില വാഴകളുടെ ചുവട്ടില്‍ ഒന്നോ അതിലധികമോ കുലകള്‍ ഉണ്ടായിട്ടുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

എന്നാല്‍ മനോജിന്റെ കൃഷിയിടത്തിലെ ഞാലി പൂവന്‍ തോട്ടത്തിലെ ഒരു വാഴ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ചുവട്ടില്‍ എട്ടു കുലകള്‍ വിരിഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നാലുമാസം മാത്രം പ്രായമുണ്ടായിരുന്ന വാഴത്തൈ ഇപ്പോള്‍ മുകളിലും കുല വന്നതോടെ വീണ്ടും ശ്രദ്ധാ കേന്ദ്രമായി മാറുകയാണ്. അപൂര്‍വമായി ആണെങ്കിലും വാഴകളുടെ ചുവട്ടില്‍ നിന്ന് കുലകള്‍ വിരിയാറുണ്ടെങ്കിലും പിന്നീട് ഇവ കരിഞ്ഞു പോവുകയാണ് പതിവ്.

എന്നാല്‍ ഈ വാഴയുടെ ചുവട്ടില്‍ ഉണ്ടായ രണ്ടു കുലകള്‍ ഇപ്പോള്‍ മൂപ്പെത്തി പഴുക്കാറായി നില്‍ക്കുകയാണ്. ഇതിനു പുറമെയാണ് മുകള്‍വശത്ത് ഒരു കുല ഉണ്ടായത്. 400 ഓളം ഞാലിപ്പൂവന്‍ വാഴകളാണ് ഒരുമിച്ച് ഈ കൃഷിയിടത്തില്‍ നട്ടത്. എന്നാല്‍ നട്ട് എട്ടുമാസം പോലും തികയാത്തതിനാല്‍ ഈ ഒരു വാഴ ഒഴികെ മറ്റൊന്നില്‍ പോലും കുല വിരിഞ്ഞിട്ടില്ല.

You may also like this video

Exit mobile version