പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലും കൊൽക്കത്ത നഗരത്തിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അയൽരാജ്യമായ ബംഗ്ലാദേശിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ അഗർഗാവിലുള്ള ബിഎംഡി സീസ്മിക് സെന്ററിൽ നിന്നും തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് ഭൂചലനം ഉണ്ടായതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊൽക്കത്തയിലും സമീപ ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടത്.
ഭൂചലനത്തെ തുടർന്ന് കൊൽക്കത്ത നഗരത്തിലെ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഓടി. ഏതാനും സെക്കൻഡുകൾ നീണ്ടുനിന്ന പ്രകമ്പനത്തിൽ കെട്ടിടങ്ങൾ കുലുങ്ങിയതായും ഫർണിച്ചറുകൾ ചലിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ നാശനഷ്ടങ്ങളോ ജീവഹാനിയോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

