Site iconSite icon Janayugom Online

ബാങ്ക് തട്ടിപ്പ്: 15 പിടികിട്ടാപ്പുള്ളികൾ, കടത്തിയത് 58000 കോടി

രാജ്യത്തെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് കടന്നുകളഞ്ഞ സാമ്പത്തിക കുറ്റവാളികള്‍ പൊതുമേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കുമായി തിരിച്ചടയ്ക്കാനുള്ളത് ഏകദേശം 58,000 കോടി രൂപ. 2025 ഒക്ടോബർ 31 വരെയുള്ള കാലയളവില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വലിയ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യ, നീരവ് മോഡി ഉള്‍പ്പെടെയുള്ളവരുടെ വിശദാംശങ്ങളാണ് ലോക്‌സഭയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചത്യ
2018 ലെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്‌സ് ആക്ട് പ്രകാരം ഈ 15 വ്യക്തികളെ പിടികിട്ടാപ്പുള്ളികളായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഒമ്പത് വ്യക്തികൾ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തവരാണ്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യുസിഒ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി പൊതുമേഖലാ ബാങ്കുകൾക്ക് ഈ സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ ഗണ്യമായ നഷ്ടമുണ്ടായി. 

ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് ആക്ട്’ പ്രകാരം ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മൊത്തം 58,082 കോടി രൂപയുടെ ബാധ്യതയില്‍ കിട്ടാക്കടമായ തീയതിയിലെ മുതലായി 26,645 കോടി രൂപയും അതിനുശേഷമുള്ള പലിശ ഇനത്തില്‍ 31,437 കോടി രൂപയുമാണ് ഉള്‍പ്പെടുന്നത്. ഇതുവരെ 19,718 കോടി രൂപയാണ് ഈ സാമ്പത്തിക കുറ്റവാളികളുടെ ആസ്തികള്‍ കണ്ടുകെട്ടിയും വിറ്റഴിച്ചും ബാങ്കുകള്‍ തിരിച്ചു പിടിച്ചത്. വിജയ് മല്യ മാത്രം വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 22,065 കോടി രൂപയാണ്. ഇതില്‍ ആസ്തികള്‍ വിറ്റഴിച്ച് 14,000 കോടി തിരിച്ചു പിടിച്ചു. നിരവ് മോഡിയുടെ കുടിശിക 9,656 കോടിരൂപയാണ്. ഇതില്‍ 545 കോടി രൂപ മാത്രമാണ് ബാങ്കുകള്‍ക്ക് തിരിച്ചു പിടിക്കാനായതെന്നും പാര്‍ലമെന്റിന് നല്‍കിയ മറുപടിയില്‍ പറയുന്നു. നിതിന്‍ ജെ സന്ദേസര, ചേതന്‍ ജെ സന്ദേസര, ദിപ്തി സി സന്ദേസര (സ്റ്റെര്‍ലിങ് ബയോടെക് തട്ടിപ്പ് കേസ്), സുദര്‍ശന്‍ വെങ്കിട്ടരാമന്‍, രാമാനുജം ശേഷരത്‌നം (സൈലോഗ് സിസ്റ്റംസ് ലിമിറ്റഡിന്റെ മുന്‍ പ്രൊമോട്ടര്‍മാര്‍), പുഷ്‌പേഷ് കുമാര്‍ ബൈദ്, ഹിതേഷ് കുമാര്‍ നരേന്ദ്രഭായ് പട്ടേല്‍ എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. സ്റ്റെര്‍ലിങ് ബയോടെക് ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്കുകളുമായി ഉണ്ടാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ വ്യവസ്ഥ പ്രകാരം 5,100 കോടി രൂപ നിക്ഷേപിച്ചാല്‍ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

Exit mobile version