Site iconSite icon Janayugom Online

ബാങ്ക് തട്ടിപ്പ് കേസ്;നീരവ് മോദിയുടെ 29 കോടി രൂപയുടെ സ്വത്തുകൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ നടപടികള്‍ ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.നീരവ് മോദിയുടെയും കമ്പനികളുടെയും പേരിലുള്ള 29 കോടി രൂപയുടെ സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടി.കണ്ട്‌കെട്ടിയ സ്വത്തുക്കളില്‍ സ്ഥാവര സ്വത്തുക്കളും ബാങ്ക് ബാലന്‍സും ഉള്‍പ്പെടുന്നു.

മുമ്പ് കണ്ട്‌കെട്ടിയ ഇന്ത്യയിലും വിദേശത്തുമായുണ്ടായിരുന്ന 2,596 കോടി രൂപയുടെ സ്വത്ത് വകകള്‍ക്കൊപ്പം ഇപ്പോള്‍ കണ്ട് കെട്ടിയവയും കൂട്ടിച്ചേര്‍ക്കും.കൂടാതെ മുംബൈയിലെ പ്രത്യേക കോടതി 2018ലെ ഫ്യുജിറ്റീവ് എക്‌ണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരം 692.90 കോടി രൂപയുടെ സ്വത്തുക്കള്‍ നേരത്തെ തന്നെ കണ്ട്‌കെട്ടിയിരുന്നു.

സിബിഐയുടെ എഫ്‌ഐആറിനെ തുടര്‍ന്നാണ് പിഎന്‍ബി തട്ടിപ്പ് കേസ് ഇഡി ഏറ്റെടുത്തത്.2022ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം നീരവ് മോദിയുടെയും കൂട്ടാളികളുടെയും നിരവധി സ്വത്തുക്കള്‍ കണ്ട് കെട്ടാന്‍ സാധിച്ചു.

മാത്രമല്ല,തട്ടിപ്പില്‍ അകപ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും മറ്റ് കണ്‍സോര്‍ഷ്യം ബാങ്കുകളുടെയും 1052.42 കോടി വിലമതിക്കുന്ന ആസ്തികള്‍ തിരിച്ച് പിടിക്കാനും ഇഡിയ്ക്ക് കഴിഞ്ഞു.

നീരവ് മോദിയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം ഏഴാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ നീരവ് മോദി ഇപ്പോള്‍ കഴിയുന്ന ലണ്ടൻ,യുകെ ജയിലുകളിലെ കൈമാറല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

Exit mobile version