Site iconSite icon Janayugom Online

അനില്‍ അംബാനി വഞ്ചകനെന്ന് ബാങ്ക് ഓഫ് ഇന്ത്യ

കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിനു പിന്നാലെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷനെ ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ബാങ്ക് ഓഫ് ഇന്ത്യ (ബിഒഐ). ബാങ്ക് ഫണ്ടുകള്‍ വകമാറ്റിയതായും വായ്പാ നിബന്ധനങ്ങള്‍ ലംഘിച്ചതായും ചൂണ്ടിക്കാട്ടിയാണ് നടപടി. വിഷയം സംബന്ധിച്ച് ബിഒഐ സ്റ്റോക്ക് എക്സേഞ്ചിന് റിപ്പോര്‍ട്ട് നല്‍കി.

സംഭവത്തില്‍ ബിഒഐ ആര്‍കോമിന് നോട്ടീസയച്ചിരുന്നു. ആര്‍കോം, അനില്‍ അംബാനി, മഞ്ജരി ആഷിക് കക്കര്‍ എന്നിവരുടെ അക്കൗണ്ടുകള്‍ ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായാണ് നോട്ടീസില്‍ പറയുന്നത്. 7124.78 കോടി കുടിശികയാണ് ആര്‍കോം തിരിച്ചടയ്ക്കാനുള്ളത്. 2017ല്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമായെന്നും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടും കുടിശിക തിരിച്ചടച്ചില്ലെന്നും ബാങ്ക് ആരോപിച്ചു. റിലയന്‍സ് ടെലികോം ലിമിറ്റഡിനും ബിഒഐ സമാനമായ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ ദിവസം എസ്ബിഐയുടെ പരാതിയില്‍ 2,000 കോടിയുടെ ബാങ്ക് തട്ടിപ്പില്‍ ആര്‍കോമിനും അനില്‍ അംബാനിക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആര്‍കോമും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും വിവിധ ബാങ്കുകളില്‍ നിന്നായി 31,580 കോടി രൂപയാണ് വായ്പയെടുത്തിട്ടുള്ളത്. 

Exit mobile version