Site iconSite icon Janayugom Online

ബംഗളൂരുവിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ കൊലപാതകം; വാടക കൊലയാളി അറസ്റ്റിൽ

ബംഗളൂരുവിൽ നടുറോഡിൽ ബാങ്ക് ഉദ്യോഗസ്ഥയായ ഭുവനേശ്വരിയെ വെടിവച്ചു കൊന്ന സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കൊലപാതകത്തിന് തോക്ക് നൽകി സഹായിച്ച സേലം സ്വദേശിയായ വാടകക്കൊലയാളി മൗലേഷിനെ മഗഡി റോഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 23നാണ് കുടുംബപ്രശ്നങ്ങളെത്തുടർന്ന് തന്നിൽ നിന്ന് അകന്നു കഴിയുകയായിരുന്ന ഭാര്യ ഭുവനേശ്വരിയെ ഭർത്താവ് ബാലമുരുകൻ വെടിവച്ചു കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭുവനേശ്വരിയെ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. കൃത്യത്തിന് ശേഷം ബാലമുരുകൻ തോക്കുമായി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നത്. ഭാര്യയെ വധിക്കാൻ സഹായം തേടി ബാലമുരുകൻ ഗുണ്ടാനേതാവായ മൗലേഷിനെ സമീപിക്കുകയും പണം നൽകി തോക്ക് കൈക്കലാക്കുകയും ചെയ്തു. സിസിടിവി ക്യാമറകൾ ഇല്ലാത്ത ഇടം നോക്കി കൊലപാതകം നേരിട്ട് നടത്താമെന്നായിരുന്നു മൗലേഷ് ആദ്യം നൽകിയ വാഗ്ദാനം. ഇതിനായി ബംഗളൂരുവിലെത്തി സ്ഥലം നിരീക്ഷിച്ചെങ്കിലും, മൗലേഷ് കൂടുതൽ തുക ആവശ്യപ്പെട്ടതോടെ ബാലമുരുകൻ നേരിട്ട് കൊലപാതകം നടത്താൻ തീരുമാനിക്കുകയായിരുന്നു. പ്രതി ബാലമുരുകൻ നിലവിൽ റിമാൻഡിലാണ്.

Exit mobile version