Site iconSite icon Janayugom Online

ബാങ്ക് പണിമുടക്ക് പൂര്‍ണം; എട്ട് ലക്ഷത്തോളം ജീവനക്കാര്‍ പങ്കാളികളായി

ബാങ്ക് പ്രവൃത്തിദിവസം അഞ്ചായി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ദേശവ്യാപകമായി നടത്തിയ പണിമുടക്ക് പൂര്‍ണം. പൊതു-സ്വകാര്യമേഖലാ ബാങ്കുകളിലെ ജീവനക്കാരും ഓഫിസര്‍മാരും അടക്കം എട്ട് ലക്ഷത്തോളം ജീവനക്കാര്‍ ഇന്നലെ പണിമുടക്കില്‍ പങ്കാളികളായെന്ന് നേതാക്കള്‍ അറിയിച്ചു.
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് (എന്‍സിബിഇ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്‍ (എഐബിഒഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ഐഎന്‍ബിഇഎഫ്), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ബിഒസി), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്സ് (എന്‍ഒബിഡബ്ല്യൂ), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫിസേഴ്സ് (എന്‍ഒബിഒ) തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തിയത്.
പ്രവൃത്തിദിനങ്ങള്‍ അഞ്ചായി കുറയ്ക്കുക, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച അവധി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്കെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം പറഞ്ഞു.
2023 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാരുമായി യൂണിയന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ പ്രവൃത്തിദിനം കുറയ്ക്കാമെന്ന് ധനകാര്യ മന്ത്രാലയം പ്രതിനിധികള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പാലിക്കാന്‍ കേന്ദ്രം തയ്യാറായില്ല. വിഷയത്തില്‍ മുഖ്യ ലേബര്‍ കമ്മിഷണര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലും അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങേണ്ടി വന്നതെന്നും വെങ്കിടാചലം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Exit mobile version