Site iconSite icon Janayugom Online

സമ്പദ്ഘടനയെ സംരക്ഷിക്കാനുള്ള ബാങ്ക് പണിമുടക്ക്

ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പ്രമുഖ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനെ തുടര്‍ന്ന് ഇന്ത്യയിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കുകയാണ്. ബാങ്ക് യൂണിയനുകളുടെ ഏകീകൃത വേദി ആഹ്വാനം ചെയ്ത പണിമുടക്കിന്റെ ഫലമായി പ്രവര്‍ത്തനം സ്തംഭിച്ചതിനാല്‍ ആദ്യ ദിനത്തില്‍ 37,000 കോടി രൂപ വിലമതിക്കുന്ന 39 ലക്ഷം ചെക്കുകള്‍ മാറാനാകാതെ കെട്ടിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശാഖാ മേധാവികള്‍ ഉള്‍പ്പെടെ പണിമുടക്കിയതിനാല്‍ മഹാഭൂരിപക്ഷം ബാങ്കുകളും പ്രവര്‍ത്തിപ്പിക്കുവാനായില്ല. എടിഎമ്മുകളും ശൂന്യമായി. ഇന്നും പണിമുടക്ക് തുടരുന്നുണ്ട്. പതിവില്‍ നിന്ന് വിപരീതമായി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ക്കുപരിയായി പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്കരണ നീക്കം ഉപേക്ഷിക്കണമെന്നാണ് പണിമുടക്കില്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ബാങ്ക് സ്വകാര്യവല്കരണ ബില്‍ അവതരിപ്പിക്കരുതെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നുമുള്ള യൂണിയനുകളുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് പണിമുടക്കിന് നിര്‍ബന്ധിതമായത്. ഡിസംബര്‍ 15 ന് യൂണിയനുകളുടെയും ബാങ്ക് ഉടമാസംഘടനകളുടെയും ധനമന്ത്രാലയത്തിലെയും പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ച നടന്നുവെങ്കിലും ആവശ്യം അംഗീകരിക്കുവാന്‍ തയാറാകാതിരുന്ന സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചത്. പൊതുമേഖലാ ബാങ്കുകളില്‍ സര്‍ക്കാരിനുള്ള ഓഹരി വിഹിതം 51 ശതമാനത്തില്‍ താഴെയാക്കുന്നതിനും സ്വകാര്യ വ്യാപാര വാണിജ്യ സംരംഭകര്‍ക്ക് പിടിമുറുക്കുന്നതിന് അവസരമൊരുക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് കേന്ദ്രം രൂപം നല്കിയ 2021 ലെ ബാങ്ക് നിയമ (ഭേദഗതി) ബില്ലിലുള്ളത്. നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള പട്ടികയില്‍ പ്രസ്തുത ബില്‍ ഉള്‍പ്പെട്ടുവെന്ന് മനസിലാക്കിയതിനെ തുടര്‍ന്നായിരുന്നു യൂണിയനുകളുടെ സംയുക്ത വേദി ദ്വിദിന പണിമുടക്ക് പ്രഖ്യാപിച്ചത്. പിന്നീട് അഡീഷണല്‍ ചീഫ് ലേബര്‍ കമ്മിഷണറും കേന്ദ്ര ധനമന്ത്രാലയ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ നടപ്പു സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുവാനിടയില്ലെന്ന് അറിയിച്ചുവെങ്കിലും അതുസംബന്ധിച്ച ഉറപ്പു നല്കുന്നതിന് സന്നദ്ധമാകാതിരുന്നതിനാല്‍ പണിമുടക്കു തീരുമാനവുമായി സംഘടനകള്‍ മുന്നോട്ടു പോകുകയായിരുന്നു. സ്വകാര്യവല്കരണ നീക്കത്തിനെതിരായ നിലപാട് വിശദീകരിച്ച നിവേദനം സര്‍ക്കാരിന് നല്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന അനുരഞ്ജന ചര്‍ച്ചകളിലും ആവശ്യം അംഗീകരിക്കുവാന്‍ തയാറായില്ല. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബാങ്കുകള്‍ നീണ്ട കാലത്തെ പ്രക്ഷോഭത്തെ തുടര്‍ന്ന് 1969ലാണ് ദേശസാല്കരിക്കപ്പെട്ടത്. സാധാരണക്കാരുള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്ന് നിക്ഷേപമായി സ്വീകരിക്കുന്നതും നല്കുന്ന വായ്പയുടെ പലിശയും ഒക്കെയായി കുന്നുകൂടുന്ന ലാഭം സ്വകാര്യ വ്യക്തികളില്‍ നിന്ന് പൊതുഖജനാവിലേക്ക് എത്തുന്ന സ്ഥിതിയുണ്ടായത് ദേശസാല്കരണത്തെ തുടര്‍ന്നായിരുന്നു.


ഇതുകൂടി വായിക്കാം; ഊര്‍ജസ്വലമായ ഓഹരി വിപണിയുടെ തകര്‍ച്ച


ഇതിന് പുറമേ കൃഷി, ചെറുകിട വ്യവസായം, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകള്‍ക്കായി സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാകുന്ന വായ്പാ പദ്ധതികളിലൂടെ നാടിന്റെ വികസന പ്രക്രിയയിലും പൊതുമേഖലാ ബാങ്കുകള്‍ നിര്‍ണായക പങ്ക് വഹിച്ചു. ദേശസാല്കരണം നടന്ന 1969 ല്‍ 8,000 ശാഖകളും 5,000 കോടി രൂപയുടെ നിക്ഷേപവും 3,500 കോടി രൂപയുടെ വായ്പകളുമാണ് ബാങ്കുകള്‍ക്ക് ഉണ്ടായിരുന്നത്. പൊതുമേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ സമഗ്രവും വ്യാപകവുമായതിനാല്‍ 2021 ആയപ്പോഴേക്കും ശാഖകളുടെ എണ്ണം 1,18,000 ആയി ഉയര്‍ന്നു. 157 ലക്ഷം കോടി രൂപ നിക്ഷേപവും 110 ലക്ഷം കോടി വായ്പകളുമുള്ള വിപുലമായ സാമ്പത്തിക മേഖലയാണ് ഇപ്പോള്‍ നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍. 2008ല്‍ ആഗോളതലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ വന്‍കിട രാജ്യങ്ങള്‍ പോലും പ്രതിസന്ധിയിലായപ്പോള്‍ ഇന്ത്യക്ക് പിടിച്ചുനില്ക്കുവാനായത് പൊതുമേഖലാ ബാങ്കുകള്‍ നല്കിയ സാമ്പത്തിക അടിത്തറ ഉണ്ടായിരുന്നതിനാലാണ് എന്ന് ആഗോളവല്കരണ — സ്വകാര്യവല്കരണ നയത്തിന്റെ ഉപജ്ഞാതാക്കളും വക്താക്കളും അംഗീകരിച്ച വസ്തുതയാണ്. കോര്‍പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും ഭീമമായ തുക വായ്പയായി നല്കിയും തിരിച്ചടവില്‍ വീഴ്ച വരുത്തുമ്പോള്‍ കടുത്ത നടപടികള്‍ സ്വീകരിക്കാതെയും ബാങ്കുകള്‍ പ്രതിസന്ധിയിലാകുന്ന സ്ഥിതി സംജാതമായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കിട്ടാക്കടവും നിഷ്ക്രിയ ആസ്തിയും പെരുകുന്ന സാഹചര്യമുണ്ടായത് ഈ സമീപനം കാരണമായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പ്രതിവര്‍ഷം ശരാശരി 1.5 ലക്ഷം കോടി രൂപ പൊതുമേഖലാ ബാങ്കുകള്‍ പ്രവര്‍ത്തന ലാഭമുണ്ടാക്കിയെന്ന് കാണാനാകും. എന്നാല്‍ കിട്ടാക്കടവും നിഷ്ക്രിയ ആസ്തിയും കണക്കാക്കുമ്പോള്‍ നഷ്ടത്തിലാണ് കണക്കുകള്‍ അവസാനിക്കുന്നത്. ഇത്തരം നിലപാടുകള്‍ പുനഃപരിശോധിക്കുന്നതിനു പകരം സ്വകാര്യവല്കരണമെന്നത് രാജ്യത്തെ വലിയൊരു സാമ്പത്തിക സംവിധാനത്തെ തുച്ഛമായ വിലയ്ക്ക് സ്വകാര്യ സംരംഭകര്‍ക്ക് കൈമാറുന്നതിനാണ് അവസരമൊരുക്കുക. അമ്പതു വര്‍ഷത്തെ ദേശസാല്കരണത്തിന് ശേഷം നാം കൈവരിച്ച വികസന പ്രക്രിയയില്‍ വലിയ പങ്ക് വഹിച്ച ബാങ്കുകളുടെ സ്വകാര്യവല്കരണം രാജ്യത്തിന്റെ അടിത്തറ ഇളക്കുന്നതിനും ഇടയാക്കും. അതുകൊണ്ടുതന്നെ രാജ്യത്തെ ബാങ്കുകളെ പൊതുമേഖലയില്‍തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള പണിമുടക്കിന് പ്രസക്തി ഏറുന്നു. ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും നടത്തുന്ന പ്രക്ഷോഭങ്ങള്‍ എല്ലാ ജനവിഭാഗത്തിന്റെയും പിന്തുണ നേടുന്നതും അതിനാലാണ്.

You may also like this video;

Exit mobile version