Site icon Janayugom Online

ലോക്ഡൗണ്‍ കാലത്തെ കുടിശ്ശികയുടെ പേരിൽ ബാങ്കുകൾ ഉപഭോക്താക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു

covid

അർദ്ധവാർഷിക കണക്കെടുപ്പിന്റെ മറവിൽ ദേശസാൽകൃത ബാങ്കുകൾ വ്യാപാരികളെയും ചെറുകിട വ്യവസായികളെയും മാനസികമായി പീഡിപ്പിക്കുന്നതായി വ്യാപക പരാതി. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ബാങ്കുകളിൽ കുടിശ്ശിക ഒഴിവാക്കണമെന്ന നയത്തിന്റെ ഭാഗമായി ബാങ്ക് മാനേജർമാരും ചുമതലക്കാരും കുടിശ്ശികക്കാരെ നിരന്തരമായി ഫോണിൽ വിളിച്ച് സമ്മർദ്ദത്തിലാഴ്ത്തുകയും നോട്ടീസ് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്.

സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്ന മൂന്ന് മാസങ്ങളിൽ വരുത്തിയ കുടിശ്ശികക്കാണ് ബാങ്ക് ജീവനക്കാർ ഇത്തരത്തിൽ പ്രതികാര മനോഭാവത്തോടെ പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി നിരവധി വ്യാപാരികളും ചെറുകിട വ്യവസായികളുമാണ് കച്ചവടം നഷ്ടത്തിലായി ആത്മഹത്യയെ അഭയം പ്രാപിച്ചത്. കൊറോണ മഹാമാരി രൂക്ഷമായ കഴിഞ്ഞ വർഷവും ബാങ്കുകൾ ഉപഭോക്താക്കളോട് മനസാക്ഷിയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്.

ബാങ്കിംഗ്തല സമിതികളിൽ ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ട സർക്കാർ വൃത്തങ്ങളും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ബാങ്ക് അധികാരികൾക്ക് ഉപഭോക്തൃവിരുദ്ധ നിലപാട് സ്വീകരിക്കുവാൻ പ്രചോദനമാകുകയാണ്. ചില ബാങ്കുകൾ ആകട്ടെ ഈ വർഷം പ്രഖ്യാപിച്ച രണ്ടാമത്തെ മൊറട്ടോറിയം സംബന്ധിച്ചുള്ള വിവരങ്ങൾപോലും ഉപഭോക്താക്കളിൽ നിന്ന് മറച്ചുവെക്കുകയും അതന്വേഷിച്ച് എത്തിയവർക്ക് നിഷേധിച്ചതായും പരാതിയുണ്ട്.

രണ്ട് ദേശസാൽകൃത ബാങ്കുകൾ കേന്ദ്ര സർക്കാർ സ്വകാര്യവത്കരിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ ഈ രണ്ട് ബാങ്കുകളിൽ നിന്നും ലോണെടുത്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഗത്യന്തരമില്ലാതായിരിക്കുകയാണ്. ബാങ്ക് ജീവനക്കാർക്ക് പുറമെ സ്വകാര്യ ഏജൻസികളും ലോൺ കുടിശ്ശിക നിവാരണത്തിന് രംഗത്തിറങ്ങിയതോടെ ഉപഭോക്താക്കളുടെ മാനസിക പിരിമുറുക്കം ഉയരുകയാണ്. ഇതിനെ തടയുകയും ഉപഭോക്താക്കൾക്ക് ലോക്ഡൗൺ കാലത്തുണ്ടായ കുടിശ്ശികക്ക് സാവകാശം നൽകുകയും ചെയ്തില്ലെങ്കിൽ വ്യാപാര വ്യവസായി സമൂഹത്തിൽ നിന്നും കൂട്ട ആത്മഹത്യകളുടെ വാർത്തയായിരിക്കും കേൾക്കേണ്ടി വരിക.എന്നാല്‍ മുകളില്‍ നിന്നുള്ള വ്യാപക സമ്മര്‍ദ്ദത്തിന്റെ പേരിലാണ് തങ്ങള്‍ക്ക് ഉപഭോക്താക്കളെ ശല്യപ്പെടുത്തേണ്ടി വരുന്നതെന്ന് ബാങ്ക് ശാഖാ ജീവനക്കാരും പറയുന്നു.

Eng­lish Sum­ma­ry: Banks are push­ing con­sumers to com­mit sui­cide in the name of arrears dur­ing lockdown

You may like this video also

Exit mobile version