സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ച് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പകള്‍ നിഷേധിക്കുന്നതായി വ്യാപക പരാതി. ബാങ്കുകളുടെ ഈ നടപടി മൂലം ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലാവുന്നത്. നേരത്തെയെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് പുതിയ വായ്പ അനുവദിക്കില്ലായിരുന്നു. എന്നാല്‍ ഇത്തവണ ആദ്യമായി അപേക്ഷിക്കുന്നവര്‍ക്കും വായ്പകള്‍ നിഷേധിക്കുന്നത് തുടര്‍ക്കഥയാവുന്നു. വിദ്യാര്‍ത്ഥിയോടൊപ്പം രക്ഷിതാവ് സഹ അപേക്ഷകനായാണ് വായ്പാ അപേക്ഷകള്‍ സമര്‍പ്പിക്കുക. വിദ്യാര്‍ത്ഥിക്ക് ജോലി കിട്ടുന്ന മുറയ്ക്ക് തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. സഹ അപേക്ഷകനായ രക്ഷിതാവിന് വേണ്ടത്ര വരുമാനമില്ല എന്ന കാരണത്താലാണ് ഇപ്പോള്‍ വായ്പകള്‍ നിരസിക്കുന്നത്.
വരുമാനം കുറഞ്ഞവരും ദരിദ്രരുമായ കുടുംബങ്ങളിലെ കുട്ടികളാണ് വായ്പയ്ക്ക് അപേക്ഷിക്കുന്നവരില്‍ മഹാഭൂരിഭാഗവും. ജാമ്യം നില്‍ക്കുന്ന രക്ഷിതാക്കളുടെ ക്രെഡിറ്റ് സ്കോര്‍ മാനദണ്ഡമാക്കി വായ്പ നിഷേധിക്കരുതെന്ന് പ്രണവ് എസും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള കേസില്‍ ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്. ഇടത്തരം, ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പണം ഒരു വിലങ്ങുതടിയാകാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള വായ്പയെടുക്കാന്‍ ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പദ്ധതി ആവിഷ്കരിച്ചത്. വായ്പാ വിതരണം സുഗമമാക്കാന്‍ വിദ്യാലക്ഷ്മി പോര്‍ട്ടലും സ്ഥാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതിന്റെ മാനദണ്ഡം രക്ഷിതാക്കളുടെ തിരിച്ചടവ് ശേഷിയെ അടിസ്ഥാനമാക്കിയാകരുതെന്നും പ്രസ്തുത വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനനുസരിച്ച് ഭാവിയില്‍ ലഭിക്കാവുന്ന വേതനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണമെന്നും മറ്റൊരു കേസില്‍ സുപ്രീം കോടതിയും വിധി പ്രസ്താവിച്ചിട്ടുണ്ട്. കോടതിവിധികളും ബാങ്കേഴ്സ് അസോസിയേഷന്‍ കൂടി ആവിഷ്കരിച്ച മാനദണ്ഡങ്ങളും മാത്രമല്ല ബാങ്കിങ് നിയമങ്ങളും വായ്പാനിരാസത്തിലൂടെ ലംഘിക്കപ്പെടുന്നുവെന്നാണ് ബാങ്കിങ് വിദഗ്ധരുടെ വിലയിരുത്തല്‍. 1949ലെ ബാങ്കിങ് റെഗുലേഷന്‍ നിയമത്തിന്റെ 21, 35, 66 വകുപ്പുകള്‍ പ്രകാരം നിക്ഷിപ്തമായ അധികാരമുപയോഗിച്ച് വായ്പാ ലഭ്യതയുടെ മുന്‍ഗണനാ മേഖലകള്‍ റിസര്‍വ് ബാങ്ക് മൂന്നുവര്‍ഷം മുമ്പ് നിര്‍വചിച്ചിട്ടുണ്ട്.
ഇതില്‍ 4, 11 വകുപ്പുകള്‍ പ്രകാരം വിദ്യാഭ്യാസവും മുന്‍ഗണനാ മേഖലയിലാണ്. ഇതനുസരിച്ച് മെഡിക്കല്‍, എന്‍ജിനീയറിങ്, പാരാമെഡിക്കല്‍, തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്കും മറ്റ് ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കും പരമാവധി 20 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പകള്‍ നല്കാമെന്നും ഇതുസംബന്ധിച്ച വ്യക്തിഗത വായ്പകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ വിതരണം ചെയ്യണമെന്നും റിസര്‍വ് ബാങ്കിന്റെ മേല്‍പറഞ്ഞ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് സംസ്ഥാനത്തെ ബാങ്കേഴ്സ് കമ്മിറ്റി യോഗം അടിയന്തരമായി വിളിച്ചുകൂട്ടി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
English Summary;Banks Denying Education Loans
You may also like this video