Site icon Janayugom Online

കിട്ടാക്കടം; ധവളപത്രം ഇറക്കണമെന്ന് പി സന്തോഷ് കുമാര്‍ എംപി

ഇന്ത്യൻ ബാങ്കിങ്മേഖലയിലെ കിട്ടാക്കടത്തെയും മോശം ലോണുകളെയും കുറിച്ചുള്ള ധവളപത്രം ഇറക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അഡ്വ. പി സന്തോഷ് കുമാര്‍ എംപി കത്ത് നല്കി. ‘മോശം ലോണുകൾ’ എഴുതിതള്ളുന്നത് സംബന്ധിച്ചുള്ള റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച്, ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യയിലെ ബാങ്കുകൾ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 10.57 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം നമ്മുടെ ബാങ്കുകൾ എഴുതിതള്ളിയിട്ടുണ്ട്. ഇത്രയധികം കടങ്ങൾ എഴുതിത്തള്ളുന്നത് ഒരേസമയം അവിശ്വസനീയവും ആകുലപ്പെടുത്തുന്നതുമാണ്. ഈ പശ്ചാത്തലത്തിലാണ് ധവളപത്രം ഇറക്കണമെന്ന് എംപി ആവശ്യപ്പെട്ടിരിക്കുന്നത്.

ധനകാര്യസ്ഥാപനങ്ങൾ എന്നതിൽ ഉപരിയായി, സാമൂഹിക‑സാമ്പത്തിക ശാക്തീകരണത്തിനുള്ള ഒരു എഞ്ചിനായാണ് ഇന്ത്യൻ സാഹചര്യത്തിൽ ബാങ്കുകൾ കണക്കാക്കപ്പെടുന്നത്. ബാങ്കുകൾ ദേശസാൽക്കരിച്ചതും ഈ ലക്ഷ്യം മുൻനിർത്തിയായിരുന്നു. ‘മോശംകടം’ എഴുതിത്തള്ളിയതിൽ മുൻപന്തിയിൽ നിൽക്കുന്നത് പൊതുമേഖലാബാങ്കുകൾ ആണ്. അതുകൊണ്ട് തന്നെ പൊതുപണം എഴുതിത്തള്ളുന്നത് ഇന്ത്യൻ സാമ്പത്തികമേഖലയുടെ ഭാവിക്ക് ആശങ്കാജനകമാണ്.

ബാങ്കുകൾ അവരുടെ കണക്കുപുസ്തകത്തിലെ മൊത്തം ‘എൻപിഎ’ കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ തന്ത്രമായിട്ടാണ് ഈ എഴുതിത്തള്ളൽ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാം. അതോടൊപ്പം, ആരുടെ കടമാണ് എഴുതിത്തള്ളിയത് എന്ന വിവരം ബാങ്കുകൾ ഒരിക്കലും പുറത്തുവിടാതെ രഹസ്യമായി സൂക്ഷിക്കുന്നു. ഈ സുതാര്യതയില്ലായ്മ അതീവഗുരുതരമായ പ്രശ്നമാണ്. നേരെമറിച്ച്, ഈ ‘മറച്ചുപിടിക്കലും സ്വകാര്യതയും’ ഒരിക്കലും സാധാരണക്കാരായ ജനങ്ങളുടെ കാര്യത്തിൽ ബാങ്കുകൾ ബാധകമാക്കാറില്ല എന്നതാണ് വൈരുദ്ധ്യം. എത്ര മനുഷ്യവിരുദ്ധമായിട്ടാണ് സർഫേസി നിയമം കോവിഡ് കാലത്ത് പോലും നമ്മുടെ ബാങ്കുകൾ നടപ്പിലാക്കിയത് എന്ന് നമുക്കറിയാം. ദരിദ്രരായ കർകരുടെ ഭൂമി പിടിച്ചെടുത്തതും ലോൺ കൂടിശ്ശിക വരുത്തിയ പാവപ്പെട്ട മനുഷ്യരെ അവരുടെ വീടുകളിൽ നിന്ന് നിർബന്ധിതമായി പുറത്താക്കിയതും ഇതേ ബാങ്കുകൾ തന്നെയാണ്. പാർലമെന്റിലും പുറത്തും നിരവധി തവണ ആവശ്യപ്പെട്ടിട്ടും സർഫേസി നിയമം നടപ്പിലാക്കുന്നതിൽ മൊറട്ടോറിയം പ്രഖ്യാപിക്കാൻ ഒരിക്കലും തയാറാവാത്ത സർക്കാർ എന്തുകൊണ്ടാണ് ഇത്രയധികം മോശം കടം എഴുതിത്തള്ളിയിട്ടും കുറ്റകരമായ മൌനം പാലിക്കുന്നത്? ധനകാര്യമന്ത്രിയാണ് ഇതിന് ഉത്തരം പറയേണ്ടത്.

രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ നിലനിൽപ്പിന് വായ്പ തിരിച്ചടവ് അനിവാര്യമാണ്. എന്നാൽ, ദരിദ്രർ അവരുടെ ചെറിയ വായ്പ തിരിച്ചടക്കാൻ വൈകുമ്പോൾ അതിവേഗം ജപ്തി നടപടികൾ നടത്തി കുടിയൊഴിപ്പിക്കാൻ കാണിക്കുന്ന ആവേശം എന്തുകൊണ്ടാണ് വൻകിട കോർപ്പറേറ്റുകൾ എടുത്ത ഭീമമായ വായ്പകൾ തിരിച്ചുപിടിക്കാൻ ബാങ്കുകൾ കാണിക്കാത്തത്? ഇത് വിവേകശൂന്യവും അന്യായവും മനുഷ്യത്വരഹിതവുമായ സമീപനമാണ്. ഈ സാഹചര്യത്തിൽ, പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയ മോശം ലോണുകളുടെ വിശദാംശങ്ങളും കടക്കാരുടെ വിവരങ്ങളും അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. കിട്ടാക്കടങ്ങൾ എഴുതിത്തള്ളുന്നതിനെക്കുറിച്ചും നമ്മുടെ പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തിക ശക്തിയെക്കുറിച്ചും വിശദീകരിക്കുന്ന ധവളപത്രം പ്രസിദ്ധീകരിക്കണമെന്ന് ധനമന്ത്രിയോട് അഭ്യർത്ഥിച്ചത് ഈ സാഹചര്യത്തിലാണെന്ന് പി സന്തോഷ്കുമാര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Banks write off bad loans worth Rs 2.09 lakh crore; P San­thosh Kumar MP wants to issue a white paper
You may also like this video

Exit mobile version