ജില്ലയിലെ വിവിധ സ്കൂൾ, കോളേജ് പരിസരത്തു നിന്ന് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനക്കായി സൂക്ഷിച്ചു വെച്ച നിരവധി പുകയില ഉത്പന്നങ്ങളും മദ്യവും സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (കാവൽ ) കസബ, ടൗൺ, വെള്ളയിൽ പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തു.
പുതിയ അധ്യയനവർഷം ആരംഭിച്ചതു മുതൽ ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയുള്ള അമോസ് മാമൻ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുവാൻ ലഹരിവിരുദ്ധ സേനക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ എ ജെ ജോൺസന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരങ്ങളിലെ കടകളിൽ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു.
പൊലീസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കസബ, ടൗൺ, വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാലയ പരിസരങ്ങളില ആറോളം കടകളിൽ നടത്തിയ റെയ്ഡിലാണ് നിരോധിത പുകയില ഉത്പന്നങ്ങളും വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവും പിടിച്ചെടുത്തത്.
വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾ വിദ്യാലയങ്ങളിൽ ഹാജരാകുന്നുണ്ടോയെന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് നാർക്കോട്ടിക് സെൽ എസിപി എ ജോൺസൺ പറഞ്ഞു.
ലഹരി മരുന്നിന്റെ കെണിയിൽ കുട്ടികളെ പെടുത്താൻ ലഹരി മാഫിയാ സംഘം തക്കം പാർത്തു നി്‍ക്കുകയാണ്. ഇക്കാര്യം കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണമെന്നും വരും ദിവസങ്ങളിലും ഇത്തരം സ്പെഷ്യൽ ഡ്രൈവുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പെഷ്യൽ ഫോഴ്സ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ ഒ മോഹൻ ദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുനോജ് കാരയിൽ, അർജ്ജുൻ അജിത്ത്, സുമേഷ് ആറോളി, കസബ സബ് ഇൻസ്പെക്ടർ ആൽബിൻ സണ്ണി, ടൗൺ സബ് ഇൻസ്പെക്ടർ എസ് ജയശ്രീ, വെള്ളയിൽ സബ് ഇൻസ്പെക്ടർ ശശി എന്നിവരുടെ നേതൃത്വത്തിലാണ് സ്പെഷ്യൽ ഡ്രൈവ് നടന്നത്.
English Summary: banned tobacco products and liquor being sold in shops near schools and colleges: Police raid
You may like this video also