Site iconSite icon Janayugom Online

കൗമാരക്കാർക്കുള്ള സോഷ്യൽ മീഡിയ നിരോധനം; യൂട്യൂബിനെയും ഉൾപ്പെടുത്തി ഓസ്‌ട്രേലിയ

കൗമാരക്കാർക്കുള്ള സോഷ്യൽ മീഡിയ നിരോധന പട്ടികയിൽ യൂട്യൂബിനെയും ഉൾപ്പെടുത്തി ഓസ്‌ട്രേലിയൻ സർക്കാർ. യൂട്യൂബിനെ ഒഴിവാക്കാനുള്ള മുൻ തീരുമാനം സർക്കാർ റദ്ദാക്കി. 37% പ്രായപൂർത്തിയാകാത്തവരും യൂട്യൂബിൽ ദോഷകരമായ ഉള്ളടക്കം കാണുന്നുണ്ടെന്ന് ഒരു സർവേ വെളിപ്പെടുത്തിയതിനെത്തുടർന്നാണ് യൂട്യൂബിനെയും നിരോധന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്റർനെറ്റ് റെഗുലേറ്റർ ശുപാർശ ചെയ്തത്. “സോഷ്യൽ മീഡിയയ്ക്ക് ഒരു സാമൂഹിക ഉത്തരവാദിത്തമുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഓസ്‌ട്രേലിയൻ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നതിൽ സംശയമില്ല,” പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു. മെറ്റയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും ഈ നിരോധനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഈ വർഷം ഡിസംബറോടെ നിരോധനം പ്രാബല്യത്തിൽ വരും. 13–15 വയസ്സ് പ്രായമുള്ള ഓസ്‌ട്രേലിയൻ കൗമാരക്കാരിൽ മുക്കാൽ ഭാഗവും യൂട്യൂബ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. 16 വയസ്സിന് താഴെയുള്ളവരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. അല്ലാത്തപക്ഷം 49.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ഈടാക്കും. നിരോധനം എങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിക്കുന്ന പ്രായപരിശോധനാ പരിശോധനകളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഈ മാസം അവതരിപ്പിക്കും.

Exit mobile version