മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ പൈലറ്റിന് സംഭവിച്ച പിഴവുകളിലേക്ക് വിരൽചൂണ്ടി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മോശം കാലാവസ്ഥയും ദൃശ്യപരത കുറഞ്ഞതും ലാൻഡിംഗിനിടെ പൈലറ്റിന്റെ കണക്കുകൂട്ടലുകൾ തെറ്റാൻ കാരണമായെന്നാണ് ഏവിയേഷൻ വിഭാഗത്തിന്റെ വിലയിരുത്തൽ. അപകടത്തിന് നിമിഷങ്ങൾക്ക് മുൻപ് വിമാനം അടിയന്തര സാഹചര്യത്തിലാണെന്ന് അറിയിക്കുന്ന ‘മേയ് ഡേ’ സന്ദേശങ്ങൾ പൈലറ്റിൽ നിന്ന് ഉണ്ടായില്ലെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ആദ്യ ലാൻഡിങ് ശ്രമം പരാജയപ്പെട്ടപ്പോൾ വിമാനം പൂനെയിലേക്ക് തിരിച്ചുവിടാൻ അവസരമുണ്ടായിരുന്നു. എന്നാൽ ബാരാമതിയിൽ തന്നെ വിമാനം ഇറക്കാൻ പൈലറ്റ് രണ്ടാമതും ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് വിമാനത്തിന്റെ വേഗതയും സ്ഥാനനിർണയവും പാളിയത് അപകടത്തിന് ആക്കം കൂട്ടി.
നിയന്ത്രണാതീതമായ എയർഫീൽഡുകളിൽ ലാൻഡിംഗിന് ചുരുങ്ങിയത് അഞ്ച് കിലോമീറ്റർ ദൃശ്യപരത വേണമെന്നതാണ് നിയമം. എന്നാൽ ബാരാമതിയിൽ ദൃശ്യപരത മൂന്ന് കിലോമീറ്ററിൽ താഴെയായിരുന്നു. പൈലറ്റ് പ്രത്യേക അനുമതിയോടെ ലാൻഡിങിന് മുതിർന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
മറ്റ് പ്രധാന വിമാനത്താവളങ്ങളെ അപേക്ഷിച്ച് ബാരാമതി എയർഫീൽഡിൽ ആധുനിക നാവിഗേഷൻ സംവിധാനങ്ങളോ മുഴുവൻ സമയ എയർ ട്രാഫിക് കൺട്രോൾ (എടിസി) സംവിധാനങ്ങളോ ലഭ്യമല്ല. ലാൻഡിംഗ് സമയത്ത് പൈലറ്റിന് ആവശ്യമായ കൃത്യമായ നിര്‍ദേശങ്ങൾ ലഭിക്കാത്തതും തിരിച്ചടിയായി.
വിഎസ്ആർ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലിയർജെറ്റ് 45 വിമാനമാണ് ബാരാമതിയിൽ തകർന്നുവീണത്.
അജിത് പവാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നുവോ എന്നറിയാൻ എഞ്ചിൻ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും മുംബൈ റീജിയണൽ ഓഫീസിൽ നിന്നുള്ള ഡിജിസിഎ പ്രതിനിധികളും അടങ്ങുന്ന പ്രത്യേക സംഘം അപകടസ്ഥലത്ത് പരിശോധന നടത്തി. നിർണായകമായ ബ്ലാക്ക് ബോക്സ് അന്വേഷണസംഘം കണ്ടെടുത്തു. വിമാനത്തിന്റെ വേഗത, ഉയരം, എൻജിൻ പ്രവർത്തനം തുടങ്ങിയ സാങ്കേതിക വിവരങ്ങളും പൈലറ്റുമാരുടെ സംഭാഷണങ്ങളും ബ്ലാക് ബോക്സിൽ നിന്നും ലഭ്യമാകും. ഇത് വിശകലനം ചെയ്യുന്നതിലൂടെ അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

