ലൈംഗികാതിക്രമം നടത്തിയ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തിതാരങ്ങള്‍ നടത്തുന്ന പ്രതിഷേധസമരം അനുവദിക്കില്ലെന്ന് തിട്ടൂരമിറക്കിയ ഡല്‍ഹി പൊലീസ് ജന്തര്‍ മന്ദര്‍ കൊട്ടിയടച്ചു. താരങ്ങളുടെ പ്രതിഷേധം തടയുന്നതിന് നിരോധനാജ്ഞയും നിലവിലുണ്ട്. പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബഹുജന പ്രതിഷേധം തടഞ്ഞ് ഗുസ്തി താരങ്ങളെ മര്‍ദിച്ചതിന് പിന്നാലെയാണ് പൊലീസ് പുതിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ലൈംഗികാതിക്രമക്കേസിലെ കുറ്റാരോപിതന് പാര്‍ലമെന്റിന്റെ ഉദ്ഘാടന സദസില്‍ വീരപരിവേഷം നല്കിയവരാണ് രാജ്യത്തിന്റെ അഭിമാന താരങ്ങളുടെ പ്രതിഷേധത്തിന് മുന്നില്‍ ബാരിക്കേഡ് ഉയര്‍ത്തിയത്.
ജന്തര്‍ മന്ദറില്‍ തന്നെ പ്രതിഷേധം തുടരുമെന്ന് ഗുസ്തിതാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജന്തര്‍മന്ദറില്‍ പ്രതിഷേധം നടത്തിയ ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുള്‍പ്പെടെ 700 പേരെ പൊലീസ് മര്‍ദിച്ച് അവശരാക്കി അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തിന്റെ അഭിമാനതാരങ്ങള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പ്രതിഷേധം നടത്തുന്നത് രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമാണെന്നും ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും ഗുസ്തിതാരങ്ങള്‍ തയ്യാറായില്ലെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തുടര്‍ച്ചയായ മുന്നറിയിപ്പ് അവഗണിച്ചു, 11.30 ഓടെ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി പൊലീസ് ബാരിക്കേഡിന്റെ സമീപത്തേക്ക് എത്തുകയായിരുന്നുവെന്നും എഫ് ഐആറില്‍ പറയുന്നു.
താരങ്ങളുടെ അറസ്റ്റിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ പൊലീസ് ന്യായീകരണവുമായി രംഗത്തെത്തി. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനാല്‍ ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനാണ് പ്രതിഷേധക്കാരെ നീക്കിയതെന്നാണ് ഡല്‍ഹി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ സുമന്‍ നല്‍വയുടെ ന്യായീകരണം. സമരം തുടരാന്‍ അനുമതി തേടി പൊലീസിനെ സമീപിച്ചാല്‍ ഉചിതമായ മറ്റേതെങ്കിലും സ്ഥലം ഇവര്‍ക്ക് അനുവദിക്കാമെന്നാണ് ഡെപ്യൂട്ടി കമ്മിഷണര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ താരങ്ങളുടെ സമരവേദി പൂര്‍ണമായും പൊലീസ് പൊളിച്ചു നീക്കിയിട്ടുണ്ട്. പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ചുകളും പ്രതിഷേധങ്ങളും നടക്കുന്ന സ്ഥലമാണ് ജന്തര്‍ മന്ദര്‍. പാര്‍ലമെന്റിന് തൊട്ടടുത്തുള്ള ബോട്ട് ക്ലബ്ബ് മൈതാനത്തായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിഷേധങ്ങള്‍ നടന്നിരുന്നത്. സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് ഇവിടെ സമരം വേണ്ടെന്ന് വയ്ക്കുകയും ജന്തര്‍ മന്ദര്‍ അതിനായി അനുവദിക്കുകയുമായിരുന്നു. പ്രസ്തുത സ്ഥലത്ത് താരങ്ങളുടെ സമരം അനുവദിക്കില്ലെന്ന പ്രഖ്യാപനം ജനാധിപത്യസമരങ്ങളെ പോലും കേന്ദ്രം ഭയക്കുന്നുവെന്നതിന്റെ തെളിവാണ്.
English Summary;Barricade for the struggle against sexual assault
You may also like this video