Site iconSite icon Janayugom Online

കഥയെക്കാൾ, സ്വപ്നത്തേക്കാൾ മനോഹരമാണ് ജീവിതം

ജീവിതത്തിൽ ഒരിക്കലും ആരെങ്കിലും എന്നെ “പൊന്നമ്പിളി” എന്ന് വിളിക്കുമെന്നും അപൂർവമായ സ്നേഹത്തിന്റെ കടലിൽ ആറാടിക്കും എന്നും ഞാൻ സ്വപ്നം പോലും കണ്ടിട്ടില്ല. മലയാളത്തിന്റെ സുൽത്താൻ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ അങ്ങനെയൊരു സ്നേഹം കരുതി വയ്ക്കുമെന്ന് എങ്ങനെയാണ് ഞാൻ ചിന്തിക്കുക?
അത് കൊണ്ടുതന്നെ ആ പത്രപ്രവർത്തനവിദ്യാർത്ഥിനിക്ക് പോസ്റ്റ്മാൻ കൊണ്ടുകൊടുത്ത ആ കത്ത് ഞെട്ടലാണ് ഉണ്ടാക്കിയത്. 18 പേജുള്ള ഒരു എമണ്ടൻ കത്ത് വൈക്കം മുഹമ്മദ് ബഷീർ എഴുതിയിരിക്കുകയാണ്.. “പൊന്നമ്പിളീ” എന്നും വിളിച്ച്.. 1986 ലാണ്.. പിന്നങ്ങോട്ട് നിരവധി കത്തുകളിൽ സ്നേഹം നുരഞ്ഞെത്തി, 1994 ൽ ബഷീർ ഈ ലോകം വിട്ടു പോകും വരെ..
ജൂലൈ മാസം മലയാളത്തിന് ബഷീർ മാസമാണ്.. ജൂലൈ അഞ്ച് ബഷീർ ഓർമ്മകളുടെ ദിവസമാണ്. എനിക്ക് ബഷീറിനെ ഓർക്കാൻ ദിവസവും മാസവും ഒന്നും വേണ്ട. എന്നിൽ നിറഞ്ഞിരിക്കുന്ന ഒന്നിനെ പ്രത്യേകിച്ച് സ്മരിക്കുന്നതെങ്ങനെ? “ബഷീറിന്റെ കത്തുകൾ”, “ബഷീർ എന്ന അനുഗ്രഹം” എന്ന പുസ്തകങ്ങളിൽ കൂടി ബഷീർ എന്ന എന്റെ ഉള്ളിലെ സാന്നിധ്യത്തെ മറ്റുള്ളവർക്ക് കൂടി മനസ്സിലാക്കിക്കാൻ ശ്രമിച്ചിട്ടുണ്ട്.
പക്ഷേ പറയാത്ത ബഷീർ ആണ് കൂടുതൽ എന്ന് എത്ര വട്ടമാണ് തോന്നിയിട്ടുള്ളത്! സർഗ്ഗാത്മക രംഗത്ത് ജീവിക്കുന്നവർ സാധാരണക്കാരുമായി എത്രത്തോളം അടുക്കാമെന്ന്, എത്രയേറെ പ്രിയങ്കരമാകാമെന്ന് ബഷീറിനോളം പഠിപ്പിച്ചു തന്ന മറ്റൊരാളില്ല. ബഷീറിന് ഞാൻ പൊന്നമ്പിളിയായിരുന്നുവെങ്കിൽ ബഷീർ എനിക്ക് റ്റാറ്റാ ആയിരുന്നു. ബഷീറിന്റെ മക്കൾ വിളിക്കുന്നത് പോലെ റ്റാറ്റ എന്ന് ഞാനും വിളിച്ചു തുടങ്ങിയത് എന്ന് മുതലാണ് എന്ന് ഓർമ്മയില്ല. പക്ഷെ, റ്റാറ്റയ്ക്കും ഫാബി ബഷീർ എന്ന ഉമ്മച്ചിക്കും ഞാൻ പുന്നാരമോള്‍ ആയിരുന്നു എന്നതുറപ്പാണ്. ജീവിതത്തെ ഇപ്പോഴും സുന്ദരമാക്കുന്ന മനോഹരമായ ഉറപ്പാണത്.
ഞാൻ കണ്ട ഏറ്റവും മനോഹരമായ മനുഷ്യപ്രതിഭാസമായിരുന്നു റ്റാറ്റ. സ്നേഹത്തെക്കാൾ, കാരുണ്യത്തെക്കാൾ വലുതൊന്നുമില്ല ജീവിതത്തിൽ എന്നെന്നെ പഠിപ്പിച്ച മഹാ പാഠശാല. ഈശ്വരന് മലയാളികളോട് ഒരുപാട് സ്നേഹം തോന്നിയ നിമിഷത്തിൽ നല്കിയ വരദാനമായിരുന്നു ബഷീറെന്ന് സുഹൃത്ത് അരവിന്ദൻ പറയാറുണ്ട്.
ശരിയാണല്ലോ-മറ്റൊരു ബഷീറിനെ നമ്മളിനിയും കണ്ടെത്തിയിട്ടില്ലല്ലോ. നമുക്ക് തന്ന സാഹിത്യത്തിനപ്പുറത്ത് ഹൃദയശുദ്ധി, സ്നേഹം, കരുണ, നിസ്വാർത്ഥത, നിഷ്കളങ്കത-ഇങ്ങനെ കുറെ വാക്കുകൾ കൂടി മനുഷ്യനെന്ന പ്രതിഭാസത്തിന്റെ നിഘണ്ടുവിലുണ്ടെന്ന് നമ്മെ ഓർമ്മിപ്പിച്ച മറ്റൊരാൾ ഇല്ലല്ലോ. സ്നേഹത്തിന്റെ മഹാപ്രവാഹമായ മനുഷ്യരെ മിസ്റ്റിക്കുകൾ എന്നാണല്ലോ നാം വിളിക്കാറ്. നമുക്ക് സ്വന്തമായ ഒരു മിസ്റ്റിക്ക് ബഷീർ തന്നെയാണ്. മിസ്റ്റിക്കുകൾ മരിക്കാറില്ലത്രെ. നമ്മുടെയുള്ളിലും ബഷീർ മരിച്ചില്ലല്ലോ. ആ ചിരിയും കളിയും വർത്തമാനവുമൊക്കെയായി നമുക്കൊക്കെ ഇടയിൽ, നമ്മുടെയൊക്കെ ഹൃദയങ്ങളിൽ ഇന്നും ബഷീർ ഉണ്ടല്ലോ!
“നീ വലിയ തീ
ഞാനും തീ
ഞാനും നീയും ഒന്നാവുമ്പോൾ
ഒരു വലിയ തീ”.
ജലാലുദ്ദീൻ റൂമിയെ വായിക്കുമ്പോൾ ‘ഇമ്മിണി ബല്യ ഒന്ന്’ ഓർമ്മയിലെത്തുന്നു. ‘വലിയ തീ’ യായി ‘ബല്യ ബല്യ ഒന്നായി’ നിലനിൽക്കുന്ന മഹാവിസ്മയം-
ആ മഹാവിസ്മയത്തെ നേരിട്ടറിഞ്ഞ, സ്നേഹിച്ച, സ്നേഹിക്കപ്പെട്ട അനുഭവത്തെക്കാൾ അവിസ്മരണീയമായി മറ്റെന്താണ് ജീവിതത്തിൽ ഉള്ളത്?
————————

പ്രിയപ്പെട്ട പൊന്നമ്പിളിക്കുട്ടീ,
രോഷത്തോടുകൂടിയുള്ള സുന്ദരൻ, സോറി, സുന്ദരി കത്തു കിട്ടി.
ഹൃദയത്തിന്റെ സൗരഭ്യമാകുന്നു കവിത. ഹൃദയത്തിന്റെ സൗരഭ്യമാകുന്നു കഥകൾ. പിന്നെ ഗാനങ്ങൾ, വർത്തമാനങ്ങൾ, എഴുത്തുകൾ ഒക്കയും ഹൃദയത്തിന്റെ സൗരഭ്യമാകുന്നു. സംഗതികൾ ഇങ്ങനെ ഇരിക്കെ ഈ രോഷം എവിടെനിന്നുവന്നു? എന്നെ കൊല്ലാൻ വിചാരിക്കുന്നതിനും ന്യായങ്ങൾ വല്ലതുമുണ്ടോ? അതുപറ! കോപിച്ചിരിക്കുന്ന പെണ്ണേ, കേൾക്ക്. കാലയവനികക്കുള്ളിൽ ഠപ്പേന്നു മറഞ്ഞ് അനന്തകോടി യുഗങ്ങളുടെ മഹാവിസ്തൃതിയിൽ ലയിച്ചുമാഞ്ഞുപോകാൻ ‑എന്നെ ഇങ്ങനെ വധിക്കാൻ വന്നാലോ? പൊന്നമ്പിളിക്കുട്ടിയുടെ അസുഖങ്ങൾ അറിഞ്ഞു ഖേദിക്കുന്നു. രണ്ടു പാദങ്ങളിലും പിടിച്ചു മാപ്പിനിരക്കുന്നു. ദയവായി മാപ്പാക്കി അനുഗ്രഹിച്ചാലും. പാദങ്ങൾ ശുദ്ധമാണോ? കോലാച്ചിയും കോലാച്ചനുംകൂടി ഇങ്ങോട്ടുവരുന്നുണ്ടെന്നല്ലേ — തൃക്കൈവിളയാടി ഇരിക്കുന്നത് നല്ലകാര്യം. ഇങ്ങോട്ടു വരൂ, ശ്വാസം മുട്ടൽ, തളർച്ച, കണ്ണുകളുടെ അസുഖം. ഇങ്ങനെ നൂറുകൂട്ടം സുഖക്കേടുകൾ. “സുഖക്കേടുകാരുടെ അനിഷേധ്യ പ്രസിഡണ്ടാണു ഞാൻ. ” ഇവ്വിധമാണു മുഖ്യമന്ത്രി നായനാർക്കു ഞാൻ എഴുതിയത്. “ഞാനും ചെറിയതോതിൽ സുഖക്കേടുകാരുടെ പ്രസിഡണ്ടാണ്” എന്നാണു മേൽപ്പടിയാൻ എനിക്കെഴുതിയിരിക്കുന്നത്. സർവ്വത്ര സുഖക്കേടുകാർ! കോലാച്ചനു സുഖക്കേടുകൾ ഒന്നും ഇല്ലല്ലോ. പൊന്നമ്പിളിക്കുട്ടി പരിപൂർണസുഖത്തിലാണെന്നു വിശ്വസിക്കുന്നു. ഞാൻ സ്ഥിരം മരച്ചുവട്ടിലാണ്. നല്ല ചൂട്. Flair പെട്ടി അടുത്തുതന്നെയുണ്ട്. ആരെയും ഓർമ്മിക്കാതിരിക്കാൻവേണ്ടി കടലാസിട്ടുമൂടാൻ പോകുന്നു. വേറെ വിശേഷങ്ങൾ ഒന്നും ഇല്ല. മതിൽപ്പണി രൂ 15,0000 മാത്രം. ഞാനൊഴിച്ചു എല്ലാവർക്കും പരമസുഖം. പൊന്നമ്പിളിക്കുട്ടി, കോലാച്ചൻനായർ മുതൽപേർക്ക് ദീർഘായുസും സുഖവും നേരുന്നു, സൗന്ദര്യവും. മംഗളം.
വൈക്കം മുഹമ്മദ് ബഷീർ

Exit mobile version