ബോർഡർ-ഗവാസ്കർ ട്രോഫി മൂന്നാം ദിനം മഴ കാരണം മാറ്റിവച്ചു. ഇന്ത്യൻ ബാറ്റിങ് തകർച്ച നേരിടുന്നതിനിടെയാണ് മഴ വില്ലനായി എത്തിയത്. ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ നാല് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്ത് പോയത്. യശ്വസ്വി ജയ്സ്വാൾ (4), ശുഭ്മൻ ഗിൽ (1), വിരാട് കോലി (3), ഋഷഭ് പന്ത് (9) എന്നിവരാണ് പുറത്തായ ബാറ്റർമാർ. 33 റൺസുമായി കെഎൽ രാഹുലും റൺസൊന്നുമെടുക്കാതെ നായകൻ രോഹിത് ശർമയുമാണ് ക്രീസിലുള്ളത്.
ഇന്നലെ 405റൺസിൽ നിന്നും ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയ 40 റൺസ് കൂടി സ്കോർ ബോർഡിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ രണ്ടാം ദിനം ആസ്ട്രേലിയ അറ്റാക്കിങ് ഗെയ്മിലൂടെ റൺസ് അടിച്ചെടുക്കുകയായിരുന്നു. ട്രാവിസ് ഹെഡ് (152), സ്റ്റീവ് സ്മിത്ത് (101), അലക്സ് കാരി (70) എന്നിവരാണ് ആസ്ട്രേലിയക്കായി മിന്നിയത്. ഇന്ത്യൻ ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ ജയ്സ്വാളിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് ആസ്ട്രേലിയക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പിന്നാലെയെത്തിയ ഗിൽ (1) അനാവശ്യ ഷോട്ട് കളിച്ച് സ്റ്റാർക്കിന് തന്നെ വിക്കറ്റ് നൽകിയാണ് ക്രീസ് വിട്ടത്. രണ്ട് ദിവസം ബാക്കിയിരിക്കെ മത്സരം സമനിലയിലെങ്കിലുമെത്തിക്കാനുള്ള ശ്രമത്തിലായിരിക്കും ഇന്ത്യൻ ടീം.