കരിയറില്‍ ധോണി ധരിച്ച ഏഴാം നമ്പര്‍ ജഴ്സി ബിസിസിഐ പിൻവലിച്ചു. ഇനിയാര്‍ക്കും ഈ ജഴ്സി നല്‍കില്ല. ഇന്ത്യക്ക് ട്വന്‍റി20, ഏകദിന ലോകകപ്പുകളും ചാംപ്യൻസ് ട്രോഫിയും നേടിത്തന്ന ക്യാപ്റ്റനോടുള്ള ആദരസൂചകമായാണ് ഈ നടപടി. 2019ലെ ഏകദിന ലോകകപ്പിന്‍റെ സെമിഫൈനലായിരുന്നു ധോണിയുടെ അവസാന അന്താരാഷ്‌ട്ര മത്സരം. 2020 ഓഗസ്റ്റ് 15ന് സമൂഹ മാധ്യമത്തിലൂടെ വിരമിക്കലും പ്രഖ്യാപിച്ചു. അന്നുമുതൽ ദേശീയ ടീമിലെ ആരും ഇതുവരെ ഏഴാം നമ്പർ ഉപയോഗിച്ചിട്ടില്ല. മുമ്പ് സച്ചിൻ തെണ്ടുല്‍ക്കറുടെ 10ാം നമ്പര്‍ ജഴ്സിയും ആദര സൂചകമായി ബിസിസിഐ പിൻവലിച്ചിരുന്നു.
ഇന്ത്യൻ താരം ഷാര്‍ദൂല്‍ താക്കൂര്‍ 10ാം നമ്പര്‍ ജഴ്സി കുറച്ചു കാലത്തേയ്ക്ക് ധരിച്ചിരുന്നു. തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ 10ാം നമ്പര്‍ ജഴ്സി സച്ചിനോടൊപ്പം വിരമിച്ചതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും മികച്ച നായകനും ടീമിന് വലിയ സംഭാവനകള്‍ നല്‍കിയ നായകനുമാണ് മഹേന്ദ്ര സിംഗ് ധോണി. നിലവില്‍ ഇന്ത്യൻ താരങ്ങള്‍ക്ക് 60 വ്യത്യസ്ത നമ്പറിലുള്ള ജഴ്സികള്‍ ലഭ്യമാണെന്നും ബി സി സി ഐ വ്യക്തമാക്കി.
English Summary: BCCI pays tribute to Indian cricket legend MS Dhoni; The number 7 jersey has been retired
You may also like this video