ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തോല്‍വിക്ക് ശേഷവും കോച്ച് ഗൗതം ഗംഭീറിന് ഇന്ത്യൻ ക്രിക്കറ്റ് അധികൃതർ സംരക്ഷിക്കുകയാണ്. ടീമിന്റെ ഏറ്റവും വലിയ തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് ഗംഭീർ സ്ഥാനമൊഴിയണമെന്ന് ഒരുവശത്ത് പറയുമ്പോള്‍ പരിശീലക സ്ഥാനത്തു നിന്നും മുൻ താരത്തെ ഒഴിവാക്കാൻ ആലോചനയില്ലെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
ഒരു വർഷത്തിനിടെ സ്വന്തം മണ്ണിൽ രണ്ട് പരമ്പരകളിൽ സമ്പൂർണ തോൽവികൾ വഴങ്ങിതോടെ വിവിധ കോണുകളിൽ നിന്നാണ് കോച്ചിനും സെലക്ഷൻ കമ്മിറ്റിക്കുമെതിരെ വിമർശനം ഉയര്‍ന്നത്. ബുധനാഴ്ച മത്സരത്തിനു പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ കോച്ച് സ്ഥാനത്തു നിന്നും രാജിവെക്കാനുളള സാധ്യത ഗൗതം ഗംഭീർ തള്ളിയിരുന്നു. എന്നാൽ, ഭാവി ബിസിസിഐക്ക് തീരുമാനിക്കാമെന്നും അറിയിച്ചു.
നിലവില്‍ ലോകകപ്പിന് മുമ്പ് കോച്ചിനെ മാറ്റുകയെന്ന തീരുമാനം തിടുക്കപ്പെട്ട് എടുക്കില്ലെന്നും, ടീം തലമുറമാറ്റമെന്ന ഘട്ടത്തിലാണെന്നും അത് തുടരുമെന്നും അറിയിച്ചു. 2027 ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ തിരക്കുപിടിച്ച തീരുമാനം ഇപ്പോഴുണ്ടാവില്ല. നിലവിൽ ഗൗതം ഗംഭീറുമായി ലോകകപ്പ് വരെ കരാറുണ്ട്. ബിസിസിഐ സെലക്ടർമാരുമായും ടീം മാനേജ്‌മെന്റുമായും ചർച്ച നടത്തുമെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

