Site iconSite icon Janayugom Online

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ റൺവേയിൽ കരടി; പിന്നെ സംഭവിച്ചത്

ജപ്പാനിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി കരടി. അപ്രതീക്ഷിതമായി റൺവേയിൽ കരടി എത്തിയതോടെയാണ് ജപ്പാനിലെ പ്രധാന വിമാനത്താവളത്തിന്റെ പ്രവർത്തനം അലങ്കോലമായത്. ജപ്പാനിലെ വടക്ക് കിഴക്കൻ മേഖലയിലെ ഹനമാക്കി വിമാനത്താവളത്തിൽ ബുധനാഴ്ചയാണ് കരടി കയറിയത്. യാത്രാ വിമാനം ലാൻഡ് ചെയ്യുന്നതിനിടയിലാണ് റൺവേയിലൂടെ തലങ്ങും വിലങ്ങും പായുന്ന കരടിയെ വിമാനത്താവള അധികൃതർ കണ്ടെത്തിയത്. പിന്നാലെ റൺവേ അടച്ചിട്ട് പൊലീസും വിമാനത്താവള അധികൃതരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. രണ്ട് മണിക്കൂറോളമാണ് കരടിയെ തെരഞ്ഞ് റൺവേ അടച്ചിട്ടത്.

നേരത്തെ നവംബർ മാസത്തിൽ ജപ്പാൻ പ്രതിരോധ സേന സമീപ മേഖലയിൽ കരടിയുടെ ആക്രമണം തടയാനായി സേനയെ വിന്യസിച്ചിരുന്നു. പർവ്വത മേഖലയിലെ സാധാരണക്കാർക്ക് നേരെ കരടിയുടെ ആക്രമണം പതിവായതിന് പിന്നാലെയായിരുന്നു ഇത്. സ്കൂളുകൾ, റെയിൽവേ സ്റ്റേഷൻ, സൂപ്പർ മാർക്കറ്റുകൾ, റിസോർട്ടുകൾ എന്നിവയ്ക്ക് സമീപത്ത് ആളുകളെ കൂസാതെ കരടി എത്തുകയും സാധാരണക്കാരെ ആക്രമിക്കുന്നതും വടക്ക് കിഴക്കൻ ജപ്പാനിൽ സാധാരണമായിരുന്നു. ഏപ്രിൽ മാസം മുതൽ 100ലേറെ ആളുകളാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. 

12 പേരെ കരടി കൊല്ലുകയും ചെയ്തിരുന്നു. 2006 മുതലാണ് ജപ്പാനിൽ കരടിയാക്രമണം രേഖപ്പെടുത്താൻ ആരംഭിച്ചത്. കൂൺ ശേഖരിക്കാൻ പോയ വയോധികയെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടൊയാണ് അകിറ്റ മേഖലയിലേക്ക് കരടിയെ നേരിടാൻ സൈന്യമെത്തിയത്. ഗ്രാമ പ്രദേശങ്ങളിൽ ആളുകൾ കുറഞ്ഞ് തുടങ്ങിയതോടെയാണ് തോട്ടങ്ങളായിരുന്ന മേഖലകളിൽ വന്യമൃഗങ്ങൾ തമ്പടിച്ച് തുടങ്ങിയത്.

Exit mobile version