Site iconSite icon Janayugom Online

മർദ്ദിക്കാം, പക്ഷെ എല്ലൊടിയരുത്; അഫ്ഗാനിൽ ഗാർഹിക പീഡനം ഇനി നിയമവിധേയം

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ഗാർഹിക പീഡനത്തെ നിയമവിധേയമാക്കുന്ന ശിക്ഷാനിയമം അഫ്ഗാനിസ്ഥാനിൽ നടപ്പിലാക്കാൻ താലിബാൻ. എല്ലുകൾ ഒടിയുകയോ വലിയ മുറിവുകൾ ഉണ്ടാവുകയോ ചെയ്യാത്ത പക്ഷം ഭർത്താവിന് ഭാര്യയെയോ മക്കളെയോ ശാരീരികമായി ഉപദ്രവിക്കാമെന്ന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട പുതിയ നിയമസംഹിത വ്യക്തമാക്കുന്നു. പുതിയ നിയമപ്രകാരം അതിക്രമം തെളിയിക്കാനുള്ള ബാധ്യത പൂർണ്ണമായും സ്ത്രീകൾക്കാണ്. മർദ്ദനമേറ്റ സ്ത്രീ ശരീരം മുഴുവൻ മൂടി വേണം കോടതിയിൽ ഹാജരാകാൻ. കൂടാതെ, ഭർത്താവോ പുരുഷനായ ഒരു സഹായിയോ കൂടെയുണ്ടെങ്കിൽ മാത്രമേ അവൾക്ക് കോടതിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. അതിക്രമം തെളിയിച്ചാൽ പോലും പ്രതിക്ക് പരമാവധി ലഭിക്കുന്ന ശിക്ഷ വെറും 15 ദിവസത്തെ തടവാണ്. അതേസമയം, ഭർത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദർശിക്കുന്ന സ്ത്രീകൾക്ക് മൂന്ന് മാസം വരെ തടവുശിക്ഷ ലഭിക്കാം.

കുറ്റത്തിന്റെ ഗൗരവത്തേക്കാൾ കുറ്റം ചെയ്ത വ്യക്തിയുടെ സാമൂഹിക പദവിക്കാണ് ഇവിടെ പ്രാധാന്യം നൽകുന്നത്. മതപണ്ഡിതന്മാർ കുറ്റം ചെയ്താൽ ഉപദേശം നൽകി വിട്ടയക്കുമ്പോൾ, താഴ്ന്ന വിഭാഗത്തിലുള്ളവർക്ക് ഇതേ കുറ്റത്തിന് തടവുശിക്ഷയ്‌ക്കൊപ്പം കഠിനമായ ശാരീരിക ശിക്ഷയും നൽകും. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി റീം അൽസാലെം ഈ നടപടിയെ ‘ഭയാനകം’ എന്നാണ് വിശേഷിപ്പിച്ചത്. 

Exit mobile version