Site iconSite icon Janayugom Online

റിസോര്‍ട്ടില്‍ തടവിലാക്കി യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവം: ആറംഗസംഘത്തിലെ നാലാമനും പിടിയില്‍

യുവാവിനെ റിസോര്‍ട്ടില്‍ തടവിലാക്കി ക്രൂരമായി മര്‍ദിക്കുകയും, വായില്‍ തോക്ക് കുത്തികയറ്റിയും വടിവാള്‍ വീശിയും വധഭീഷണി മുഴക്കുകയും, നഗ്നനാക്കി ഫോട്ടോയെടുക്കുകയും ചെയ്ത അക്രമിസംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം, പരപ്പനങ്ങാടി, കരിങ്കല്ലത്താണി, വലിയപറമ്പത്ത് വീട്ടില്‍ മുഹമ്മദ് ഷഫീഖ്(28)നെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. സ്വര്‍ണകടത്ത് സംഘങ്ങളുമായി അടുത്തു ബന്ധമുള്ള ഇയാള്‍ കല്‍പ്പറ്റ സ്‌റ്റേഷനില്‍ ആയുധ നിയമ കേസിലും, പരപ്പനങ്ങാടി സ്‌റ്റേഷനില്‍ കിഡ്‌നാപ്പിങ് കേസിലും പ്രതിയാണ്. സംഭവത്തില്‍ മൂന്ന് പേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.

ജൂലൈ 20  ന് പുലര്‍ച്ചയാണ് കൊടുവള്ളി സ്വദേശിയായ യുവാവിനെ ആറുപേരടങ്ങുന്ന സംഘം തട്ടികൊണ്ടുപോകുകയും റിസോര്‍ട്ടില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. നഗ്നനാക്കി ഫോട്ടോകള്‍ എടുത്തശേഷം കൈകാലുകള്‍ കെട്ടി തല കീഴായി നിര്‍ത്തിയും അല്ലാതെയുമാണ് ക്രൂരമായി മര്‍ദിച്ചത്. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട വിരോധമാണ് തട്ടികൊണ്ടുപോകലിന് പിന്നില്‍. കാസര്‍ഗോഡ്, നീലേശ്വരം ഒറ്റതൈയ്യില്‍ വീട്ടില്‍ ആട് ഷമീര്‍ എന്ന ഒ.ടി. ഷമീര്‍(39), മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി വീട്ടില്‍, എം. സാജിദ് (36), വയനാട്, അമ്പിലേരി, മേടപറമ്പില്‍ വീട്ടില്‍ അഹമ്മദ് ഷാദില്‍(26) എന്നിവരെയാണ് കേസില്‍ മുമ്പ് അറസ്റ്റ് ചെയ്തിരുന്നത്.

വയനാട് ജില്ലാ പോലീസ് മേധാവി പദം സിങ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം മേപ്പാടി എസ്എച്ച്ഒ കെ എസ് അജേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം ബി ബിഗേഷ്, എ എസ്  പ്രശാന്ത് കുമാര്‍, കെ വിപിന്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Eng­lish Sum­ma­ry: beat­ing up young man; one more arrest
You may also like this video

Exit mobile version