ഏഴ് ദിനരാത്രങ്ങള്‍ പിന്നിട്ട അറിവിന്റെയും അക്ഷരങ്ങളുടെയും ആഘോഷരാവിന്റെ സമാപനം ഇന്ന് വൈകിട്ട് മൂന്നിന് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മൗറീഷ്യസ് മുൻ പ്രസിഡന്റ് അമീന ഗുരീബ് ഫക്കിം മുഖ്യപ്രഭാഷണം നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ വി കെ പ്രശാന്ത്, രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയർ വി വി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.
തലസ്ഥാനം അനുഭവിച്ച ‘വടക്കേ മലബാറിന്റെ തെയ്യക്കാല’ത്തിനും ഇന്ന് സമാപനമാകും. രാജ്യാന്തരശ്രദ്ധയാകർഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പില്‍ ശ്രദ്ധേയമായ ഒന്നാണ് തെയ്യങ്ങള്‍. സമാപന ദിവസമായ ഇന്ന് രാവിലെ 11 ന് സ്‌മൃതി ‘സന്മനസുള്ള ശ്രീനി’ എന്ന വിഷയത്തില്‍ സെഷൻ നടക്കും എം മുകേഷ് എംഎൽഎ, പ്രിയദർശൻ, കമൽ, മണിയൻപിള്ള രാജു, മോഹനൻ എം, ആനി, മേനക, സി അജോയ് എന്നിവര്‍ പങ്കെടുക്കും. സ്റ്റുഡന്റ്സ് കോര്‍ണറില്‍ സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഇന്ററാക്ടിവ് സെഷൻ, മാജിക്ക് ഷോ എന്നിവയും സംഘടിപ്പിക്കും.

