Site iconSite icon Janayugom Online

നിയമത്തിൽ വിശ്വാസം; കൃത്യമായ അന്വേഷണം വേണം:ജയിൽ മോചിതയായി പി പി ദിവ്യ

നിയമത്തിൽ വിശ്വാസമുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ . എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ ജയിൽ മോചിതയായശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ദിവ്യ. നവീൻ ബാബുവിന്റെ മരണത്തിൽ ദുഖമുണ്ട്. താനിപ്പോഴും നിയമത്തിൽ വിശ്വസിക്കുന്നു. തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കും . നവീൻബാബുവിന്റെ കുടുംബത്തെപോലെ സത്യം തെളിയണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും ദിവ്യ പറഞ്ഞു. 

പൊതുപ്രവർത്തനരംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 2 പതിറ്റാണ്ടായി. ജില്ലാ പഞ്ചായത്തിലെ ഒരു ജനപ്രതിനിധിയെന്ന നിലയിൽ ഒരുപാട് ഉദ്യോഗസ്ഥരുമായിട്ടും വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽപെട്ട മറ്റു പ്രതിനിധികളുമായിട്ടൊക്കെ സഹകരിച്ചു പോരുന്ന ഒരാളാണ് ഞാൻ. സദുദ്ദേശ്യപരമായിട്ടേ ഏതു ഉദ്യോഗസ്ഥരുമായിട്ടും സംസാരിക്കാറുള്ളൂ. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിനു വേണ്ടിയുള്ള അവസരം എനിക്ക് കോടതിയിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ദിവ്യ പറഞ്ഞു.

ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണം, കണ്ണൂർ ജില്ല വിട്ട് പോകരുത്, പാസ്പോർട്ട് ഉണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കണം, ഇല്ലെങ്കിൽ കോടതിയിൽ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം നല്കിയിരിക്കുന്നത്. 11 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ദിവ്യ പുറത്തിറങ്ങിയത്. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന് ദിവ്യ അഭിഭാഷകനൊപ്പം കണ്ണൂരിലെ വസതിയിൽ എത്തി. 

Exit mobile version