ജനവാസ കേന്ദ്രത്തിലിറങ്ങി യുവാവിന്റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം ആദ്യദിവസം വിജയിച്ചില്ല. ശനിയാഴ്ച രാത്രിയിൽ പടമലക്കുന്നിലുണ്ടായിരുന്ന കാട്ടാന ഇന്ന് പുലർച്ചെയോടെ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം മണ്ണുണ്ടികോളനിക്ക് സമീപം എത്തിയതായി വനം വകുപ്പ് റേഡിയോകോളർ സിഗ്നൽ വഴി തിരിച്ചറിഞ്ഞിരുന്നു. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലായിരുന്നു കാട്ടാന നിലയുറപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കുങ്കിയാനകളുടെ സഹായത്തോടെ വനത്തിലെത്തിയ വനപാലകർക്ക് കാട്ടാനയെ നേരിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
രാവിലെ 11 മണിയോടെ കാട്ടാനയുടെ സാന്നിധ്യം കാട്ടിക്കുളം ബാവലി റോഡിലെ ആനപ്പാറയ്ക്ക് സമീപത്തുള്ള ചെമ്പകപ്പാറയിലാണെന്ന് കണ്ടെത്തി. ഇവിടെ ആനയെ കാണുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണിയോടെ മയക്കുവെടിവയ്ക്കാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കി. ബാവലി കാട്ടിക്കുളം റൂട്ടിൽ വാഹന ഗതാഗതം പൂർണമായും തടഞ്ഞു. മയക്കുവെടിയേൽക്കുന്ന ആനയെ തണുപ്പിക്കാനായി ഫയർ ആന്റ് റെസ്ക്യൂ വകുപ്പിന്റെ വാഹനത്തിൽ വെള്ളമെത്തിച്ചു. എന്നാൽ കാട്ടാന ഉള്ളിലേക്ക് വലിഞ്ഞ് വീണ്ടും മണ്ണുണ്ടിക്കോളനിക്ക് സമീപത്തേക്ക് നീങ്ങി. പിന്നീട് വൈകുന്നേരം 5.30 വരെ ആനയെ കണ്ടെത്താനായി ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. നേരം ഇരുട്ടിയതോടെ ഇന്നലെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ദൗത്യം ഇന്നും തുടരും.
English Summary:Belur continues to try to drug Makhna
You may also like this video