Site iconSite icon Janayugom Online

കേന്ദ്രത്തിനെതിരെ ബംഗാളും സമരത്തിന്

കേന്ദ്രത്തിനെതിരെ സമരം പ്രഖ്യാപിച്ച്‌ പശ്ചിമബംഗാള്‍ സർക്കാർ. ബംഗാളിനുളള കേന്ദ്ര ഫണ്ടിലെ കുടിശ്ശിക ഉടൻ ലഭ്യമാക്കിയില്ലെങ്കില്‍ കടുത്ത സമരം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. കേന്ദ്ര അവഗണന വിഷയം ഉന്നയിച്ച്‌ കേരള സർക്കാർ ഡല്‍ഹിയില്‍ സമരം തുടങ്ങാനിരിക്കെയാണ് മമതയുടെയും സമര പ്രഖ്യാപനം. ഏഴ് ദിവസത്തിനുള്ളില്‍ കുടിശിക നല്‍കണമെന്നാണ് മമത അന്ത്യശാസനം നല്‍കിയത്.

വിവിധ പദ്ധതികളില്‍ നിന്നായി 18,000 കോടിയോളം രൂപ സംസ്ഥാന സ‍‍ർക്കാരിന് ലഭിക്കാനുണ്ടെന്നാണ് ബംഗാള്‍ സർക്കാരിന്റെ നിലപാട്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 9,300 കോടിയും തൊഴിലുറപ്പ് പദ്ധതിയില്‍ 6,900 കോടിയും ദേശീയ ആരോഗ്യ ദൗത്യത്തില്‍ 830 കോടിയും പിഎം ഗ്രാമ സഡക് യോജനയില്‍ 770 കോടിയും സ്വച്ഛ് ഭാരത് മിഷനില്‍ 350 കോടിയും ഉച്ചഭക്ഷണ പദ്ധതിയില്‍ 175 കോടിയും കേന്ദ്രം നല്‍കാനുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ ആരോപണം. വിഷയത്തില്‍ ഡിസംബറില്‍ ഡല്‍ഹിയില്‍ എത്തി മമത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് ചര്‍ച്ച നടത്തി പ്രശ്നപരിഹാരം കണ്ടെത്താമെന്നായിരുന്നു മോഡി അന്ന് പറഞ്ഞിരുന്നത്. ഈ ആഴ്ച സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൊഴില്‍ ദിനങ്ങളില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അത് നേരിടുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഗ്രാമ വികസന മന്ത്രാലയ സെക്രട്ടറി ശൈലേഷ് കുമാറുമായും സംഘം ചര്‍ച്ച നടത്തിയിരുന്നതായും മമത പറഞ്ഞു. കുടിശിക തീര്‍പ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി നവംബറില്‍ പാര്‍ട്ടി എംഎല്‍എമാര്‍ നിയമസഭാ സമുച്ചയത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Ben­gal to strike against the Centre
You may also like this video

Exit mobile version