കൊൽക്കത്തയിലെ മെഡിക്കൽ കോളജിൽ ബലാൽസംഗം ചെയ്തു കൊന്ന അഭയയ്ക്ക് വേണ്ടിയുള്ള പോരാട്ടം വ്യവസ്ഥിതിക്കെതിരായുളളതാണെന്നും നീതി കിട്ടുന്നതു വരെ വിശ്രമമില്ലെന്നും ബംഗാളി നടി മോക്ഷ പറഞ്ഞു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കളളനും ഭഗവതിയും, ചിത്തിനി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ ആളാണ് ബംഗാളിൽ നിന്നുള്ള മോക്ഷ.
ആദ്യചിത്രം കള്ളനും ഭഗവതിയും ആമസോൺ പ്രൈമിൽ റേറ്റിങ്ങിൽ ആറാം സ്ഥാനത്ത് മുന്നേറുന്നു. അടുത്തിടെ റിലീസായ ചിത്തിനിയും തീയറ്റുകളിൽ പ്രേക്ഷക പ്രശംസ നേടുകയാണ്. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ യഥാർഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയാണ് മോക്ഷ. അഭയയ്ക്ക് നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് മോക്ഷ പത്തനംതിട്ട പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.