Site iconSite icon Janayugom Online

ഫാസിസത്തിന്റെ തായ്‌വേര്

ഒരു കെട്ട് (ബണ്ടില്‍) എന്നര്‍ത്ഥം വരുന്ന ഫാസെസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഫാസിയോ എന്ന ഇറ്റാലിയന്‍ പദം ഉത്ഭവിക്കുന്നത്. പ്രസ്തുത പദം അര്‍ത്ഥമാക്കുന്നത് ചെത്തിമിനുക്കിയ മരക്കമ്പുകളും ഒരു മഴുവും കൂടിച്ചേര്‍ന്ന ഒരു കെട്ടിനെയാണ്. പുരാതന റോമില്‍ ഇത് ഒരു ന്യായാധിപന്റെ അധികാര സൂചകമായിരുന്നു. ആധുനിക കാലത്ത് ഭരണപരമായ അധികാരത്തെ ഈ ചിഹ്നം അടയാളപ്പെടുത്തുന്നു. അമേരിക്കന്‍ പ്രതിനിധിസഭയില്‍ പ്രസംഗ പീഠത്തിനു പിറകില്‍ ഈ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നു. ഇറ്റാലിയന്‍ നാഷണല്‍ ഫാസിസ്റ്റ് പാര്‍ട്ടി അതിന്റെ പേര് സ്വീകരിച്ചത് ഈ പദത്തില്‍ നിന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ശക്തിയാര്‍ജിച്ച ഫാസിസ്റ്റ്, നാസി പ്രസ്ഥാനങ്ങളുടെ ചിഹ്നങ്ങളായിരുന്നു ഫാസെസും സ്വസ്തികയും. ഇറ്റലിയില്‍ ബെനിറ്റോ മുസോളിനി 1915ല്‍ രൂപീകരിച്ച ഫാസിസ് ഓഫ് റവല്യൂഷണറി ആക്ഷന്‍, 1919ല്‍ രൂപീകരിച്ച ഇറ്റാലിയന്‍ ഫാസിസ് ഓഫ് കോമ്പാറ്റ് എന്നിവയിലൂടെയാണ് 1921ല്‍ നാഷണല്‍ ഫാസിസ്റ്റ് പാര്‍ട്ടി രൂപീകൃതമായത്. ഇറ്റലിയില്‍ ഫാസിസ്റ്റുകള്‍ 1922ല്‍ അധികാരത്തിലെത്തിയതിനു പിറകില്‍ യൂറോപ്പില്‍ 19-ാം നൂറ്റാണ്ടില്‍ സംഭവിച്ച ചില രാഷ്ട്രീയ വ്യതിയാനങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. ഫ്രഞ്ചുവിപ്ലവത്തിനുശേഷം നെപ്പോളിയന്റെ ഏകാധിപത്യ ഭരണം ഫ്രാന്‍സില്‍ തിരിച്ചുവന്നപ്പോള്‍ നടപ്പിലായ മാധ്യമങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയുമെല്ലാം അടിച്ചമര്‍ത്തിയ ഏകാധിപത്യ ഭരണം ഫാസിസ്റ്റ് ഭരണത്തിന്റെ പൂര്‍വഗാമി ആയിരുന്നു. 1896ല്‍ തന്നെ ദി റൂളിങ് ക്ലാസ് എന്ന പുസ്തകത്തില്‍ ഗെറ്റാനോ മോസ്ക “എല്ലാ സമൂഹങ്ങളിലും ഒരുമിച്ച് ചേര്‍ന്നുനില്‍ക്കുന്ന ഒരു ന്യൂനപക്ഷം, വിഘടിച്ചുനില്‍ക്കുന്ന ഭൂരിപക്ഷത്തിനുമേല്‍ അധികാരം നേടുമെന്നും അവരെ ഭരിക്കുമെന്നും” യൂറോപ്പിലെ രാഷ്ട്രീയ സ്ഥിതിഗതികളെ വിലയിരുത്തിക്കൊണ്ട് എഴുതിയിരുന്നു.

19-ാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ കിഴക്കന്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ തീവ്രദേശീയവാദം ശക്തമായി. 1866ല്‍ പ്രഷ്യന്‍ പ്രധാനമന്ത്രി ഓട്ടോവാന്‍ ബിസ‌്‍മാര്‍ക്കിന്റെ ശ്രമഫലമായി പ്രഷ്യ, ഓസ്ട്രിയ, ലക്സംബെര്‍ഗ് തുടങ്ങി ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന 26 ചെറുരാജ്യങ്ങള്‍ കൂടിച്ചേര്‍ന്ന ജര്‍മന്‍ ഫെഡറേഷന് രൂപം നല്‍കുകയുണ്ടായി. എങ്കിലും വിവിധ വംശീയതകള്‍ തമ്മില്‍ ദേശരാഷ്ട്രങ്ങള്‍ രൂപീകരിക്കുവാനായി സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. ഇത് മൂര്‍ധന്യാവസ്ഥയിലെത്തുന്നത് 1914 ജൂണ്‍ 28ന് ഓസ്ട്രിയ ഹംഗറിയുടെ കിരീടാവകാശി ആര്‍ച്ച് ഡ്യൂക് ഫെര്‍ഡിനാന്റിനെയും ഭാര്യയെയും ബോസ്നിയ‑ഹെര്‍സഗോവിന പ്രവിശ്യയിലെ സരാജാവോയില്‍ വച്ച് ഗാവ‌്റിലോ പ്രിന്‍സിപ്പ് എന്ന ബോസ്നിയന്‍ സെര്‍ബ് വംശജനായ ഒരു വിദ്യാര്‍ത്ഥി വെടിവച്ചു കൊന്നതോടെയാണ്. ബോസ്നിയ‑ഹെര്‍സഗോവിന പ്രദേശം ഓസ്ട്രിയന്‍ സാമ്രാജ്യത്തില്‍ നിന്ന് സ്വതന്ത്രമാക്കി ഒരു സ്ലാവ് രാജ്യം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സെര്‍ബ് തീവ്രവാദി സംഘടനയിലെ അംഗമായിരുന്നു പ്രിന്‍സിപ്പ്. ഇതേത്തുടര്‍ന്ന് ഓസ്ട്രിയയും സെര്‍ബിയയും തമ്മിലാരംഭിച്ച യുദ്ധം വളരെപ്പെട്ടെന്ന് തന്നെ യൂറോപ്പിലെ രാജ്യങ്ങളില്‍ ഭൂരിഭാഗവും പങ്കെടുത്ത മഹായുദ്ധമായി മാറി. യുദ്ധംമൂലം സംഭവിച്ച രാഷ്ട്രീയ അസ്ഥിരത ഫാസിസത്തിന്റെ വളര്‍ച്ചയ്ക്ക് ത്വരകമായി വര്‍ത്തിച്ചു. പരമ്പരാഗതമായ ഇടത്-വലതു പക്ഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി അതിതീവ്ര വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന, ഭരണഘടനാപരമായി ഉത്തരവാദിത്തമില്ലാത്ത നേതാവില്‍ അധികാരമര്‍പ്പിക്കുന്ന തീവ്രദേശീയതയില്‍ അധിഷ്ഠിതമായ ഒരു സ്വേച്ഛാധിപതിയില്‍ രാജ്യത്തിന്റെയും സൈന്യത്തിന്റെയും അധികാരം കേന്ദ്രീകരിക്കുന്ന ഭരണസമ്പ്രദായമാണ് ഫാസിസം.


ഇതുകൂടി വായിക്കൂ: നേതാജിയുടെ രാഷ്ട്രീയവും ഇന്ത‍്യൻ ഫാസിസ്റ്റുകളും


പ്രതിപക്ഷത്തെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുക, വംശീയതയില്‍ അധിഷ്ഠിതമായ സാമൂഹ്യഘടന അടിച്ചേല്പിക്കുക, എല്ലായ്പ്പോഴും ആക്രമണോത്സുകരായി രാജ്യത്തിനകത്തും പുറത്തും സാങ്കല്പിക ശത്രുക്കളെ പ്രതിഷ്ഠിച്ച് ജനങ്ങളില്‍ നിരന്തരമായ അരക്ഷിതത്വം വളര്‍ത്തുക, സ്ഥിരമായ ഭയത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തുക, ജനാധിപത്യം, പുരോഗമനവാദം, സോഷ്യലിസം, മാര്‍ക്സിസം, ബഹുസ്വരത ഇവയെല്ലാം രാജ്യത്തുനിന്ന് തുടച്ചുനീക്കുക, ഏകാധിപത്യം നടപ്പിലാക്കുക എന്നിവയാണ് അധികാരം നിലനിര്‍ത്താന്‍ ഫാസിസ്റ്റുകള്‍ സ്വീകരിക്കുന്ന രീതി. ഒന്നാം ലോകമഹായുദ്ധകാലത്ത് ഇറ്റാലിയന്‍ ഫാസിസ്റ്റ് പാര്‍ട്ടിയില്‍ ജര്‍മനിക്കെതിരായ നിലപാട് സ്വീകരിച്ചയാളായിരുന്നു മുസോളിനി. അതിന്റെ ഫലമായി പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ പത്രാധിപസ്ഥാനത്ത് നിന്ന് മുസോളിനിയെ മാറ്റുകയും ചെയ്തു. റഷ്യയിലെ ഒക്ടോബര്‍ വിപ്ലവത്തെ ആദ്യം പ്രകീര്‍ത്തിച്ച മുസോളിനി വൈകാതെ തന്നെ നിലപാട് മാറ്റി റഷ്യന്‍ വിരുദ്ധനായി. 1919ല്‍ ഫാസിസ്റ്റ് പാര്‍ട്ടിയുടെ പരമാധികാരിയായി മാറിയ മുസോളിനി അക്കാലംവരെ പാര്‍ട്ടി ജനപ്രീതി നേടാനായി മുന്നോട്ടുവച്ച ജനപ്രിയ മുദ്രാവാക്യങ്ങളില്‍ നിന്ന് പൂര്‍ണമായും പിന്മാറി. പ്രായപൂര്‍ത്തി വോട്ടവകാശം, എട്ട് മണിക്കൂര്‍ ജോലി, മിനിമം വേതനം, മൂലധനനികുതി തുടങ്ങിയ എല്ലാ വാഗ്ദാനങ്ങളില്‍ നിന്നും പിന്‍മാറി. സമൂഹത്തിലെ ബൂര്‍ഷ്വാസിയുടെയും വന്‍കിട വ്യവസായികളെയും തൃപ്തിപ്പെടുത്തുവാനായി സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യുവാനുള്ള അവകാശംപോലും നിഷേധിച്ചു. 1922ല്‍ ഫാസിസ്റ്റ് അര്‍ധ സൈനികരായ കറുത്ത ഷര്‍ട്ടുകാര്‍, ഒക്ടോബര്‍ 24ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കുകയും പൊതുസ്ഥാപനങ്ങളും റെയില്‍വേയുമെല്ലാം പിടിച്ചെടുത്ത് റോമിലേക്കുള്ള പാതകള്‍ ഉപരോധിക്കുകയും ചെയ്തു. ആഭ്യന്തര വൈരുധ്യങ്ങള്‍ കാരണം തികച്ചും ദുര്‍ബലമായിരുന്ന ഇറ്റാലിയന്‍ സര്‍ക്കാരിന് ഒരു നടപടിയും സ്വീകരിക്കാനായില്ല.

ഈ കലാപത്തിനൊടുവില്‍ വിക്ടര്‍ ഇമ്മാനുവേല്‍ മൂന്നാമന്‍ രാജാവ് മുസോളിനിയെ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായി അവരോധിച്ചു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ വലത് കക്ഷികളുമായി സഹകരിച്ചായിരുന്നു മുസോളിനി ബജറ്റ് പാസാക്കിയിരുന്നത്. എന്നാല്‍ 1925ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ട് ഫാസിസ്റ്റുകള്‍ ഭൂരിപക്ഷം നേടി. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് മാറ്റിയോട്ടിയെ ഫാസിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. ഇതിനെതിരെ പാര്‍ലമെന്റിലെ മിതവാദികളും ഇടതുപക്ഷവും പാര്‍ലമെന്റ് ബഹിഷ്കരണം നടത്തിയ 1925 ജനുവരി മൂന്നാം തീയതി മുസോളിനി ഇറ്റലിയുടെ ഏകാധിപതിയായി സ്വയം പ്രഖ്യാപിച്ചു. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിലെ പരാജയത്തിനു ശേഷം 1945 ഏപ്രില്‍ 27ന് സ്വിറ്റ്സര്‍ലന്റ് വഴി സ്പെയിനിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ റഷ്യന്‍ പട്ടാളം പിടികൂടി വധശിക്ഷ നല്‍കുന്നത് വരെയുള്ള, ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണകാലം ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ അധ്യായമാണ്. ഒന്നാം ലോകമഹായുദ്ധത്തിലെ കനത്ത തോല്‍വിക്കു ശേഷം ജര്‍മനിയിലും ഇറ്റാലിയന്‍ ഫാസിസത്തിന്റെ അതേ രീതികള്‍ പിന്തുടര്‍ന്നുകൊണ്ട് അധികാരത്തിലെത്തിയവരാണ് നാസികള്‍. ഫാസിസത്തില്‍ നിന്നും വ്യത്യസ്തമായി വംശീയ മേധാവിത്വത്തിലും വംശീയ മേന്മയിലും നാസികള്‍ ഊന്നല്‍ നല്കി. വംശാധിപത്യം രാഷ്ട്രത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതായി അവര്‍ പ്രഖ്യാപിക്കുകയും ആര്യന്മാരൊഴികെയുള്ള മറ്റ് മനുഷ്യവര്‍ഗങ്ങള്‍ പ്രത്യേകിച്ച് ജൂതന്മാര്‍ ഉന്മൂലനം ചെയ്യപ്പെടണം എന്ന ഭ്രാന്തമായ ആശയം നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ‘നാസി’ എന്ന പദം നാഷണല്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി എന്ന തൊഴിലാളികളുമായോ സോഷ്യലിസവുമായോ ഒരു ബന്ധവുമില്ലാത്ത ലോകചരിത്രം കണ്ട ഏറ്റവും ക്രൂരനായ ഹിറ്റ്ലര്‍ എന്ന കോമാളി നയിച്ച പാര്‍ട്ടിയുടെ പേരില്‍ നിന്നും രൂപം കൊണ്ടതാണ്.


ഇതുകൂടി വായിക്കൂ: അഭിനവ അവതാരങ്ങളും മോഡേണ്‍ തപസ്യയും


ജന്മംകൊണ്ട് അര്‍ധ ജൂതനായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറാണ് ചരിത്രപരമായി ഒരു അടിസ്ഥാനവുമില്ലാത്ത ആര്യവംശ മഹിമയെക്കുറിച്ച് പ്രസംഗിച്ച് ഒരു രാജ്യത്തെ നാശത്തിന്റെ പടുകുഴിയിലേക്ക് നയിച്ചത്. അസംബന്ധങ്ങളും അസത്യങ്ങളും പലയാവര്‍ത്തി പറഞ്ഞ് അവ സ്ഥാപിച്ചുകൊണ്ട് സമൂഹത്തില്‍ വെറുപ്പിന്റെയും അവിശ്വാസത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് തങ്ങളുടെ അധികാരം ഉറപ്പിക്കുക എന്ന ഫാസിസ്റ്റ് രീതിതന്നെയാണ് നാസികളും പ്രയോഗിച്ചത്. 1930കളുടെ തുടക്കത്തില്‍ ബെര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്ന ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ഡോ. രാംമനോഹര്‍ ലോഹ്യ 1933 മാര്‍ച്ച് 25ലെ ഹിന്ദു ദിനപത്രത്തില്‍ “ഹിറ്റ്ലറിസം” എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ “സ്റ്റോം ട്രൂപ്പേഴ്സ്” എന്ന പേരിലുണ്ടായിരുന്ന നാസി തെമ്മാടിക്കൂട്ടങ്ങള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജൂതരുടെയും നേരെ തെരുവില്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. 1933 ഫെബ്രുവരി 25ന് ഗവേഷണ പ്രബന്ധം സമര്‍പ്പിച്ച ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഫെബ്രുവരി 27ന് ഹിറ്റ്ലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായി നാസികള്‍ ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരം കത്തിച്ചതും തുടര്‍ന്ന് ജര്‍മനിയിലെ മുഴുവന്‍ സോഷ്യലിസ്റ്റുകളെയും കമ്മ്യൂണിസ്റ്റുകളെയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെയും മറ്റെല്ലാ പുരോഗമന, ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരെയും “സ്റ്റോം ട്രൂപ്പേഴ്സിനെ” ഉപയോഗിച്ച് ഒരൊറ്റ ദിവസം കൊണ്ട് തുറുങ്കിലടയ്ക്കുന്നതും കഠിനമായി പീഡിപ്പിച്ചു കൊല്ലുന്നതും കണ്ട് മനംമടുത്ത് പിഎച്ച്ഡി ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ നില്‍ക്കാതെ ലോഹ്യ ഇന്ത്യയിലേക്ക് മടങ്ങി.

ലോഹ്യയുടെ മനം തകര്‍ത്തത് ബര്‍ലിന്‍ യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും ആദരിക്കപ്പെട്ടിരുന്ന ചരിത്ര പ്രൊഫസറും ലോഹ്യയുടെ പ്രിയപ്പെട്ട അധ്യാപകനുമായിരുന്ന പ്രൊഫസര്‍ ഹെര്‍മന്‍ ഓങ്കനെ നാസി വിദ്യാര്‍ത്ഥികള്‍ പരസ്യമായി അപമാനിക്കുന്ന കാഴ്ചയായിരുന്നു. ഏകാധിപത്യവും തീവ്രവാദവും ആധുനിക കാലഘട്ടത്തില്‍ മനുഷ്യരാശിയെ വേട്ടയാടുന്ന ഏറ്റവും വിപല്‍ക്കരമായ മനുഷ്യനിര്‍മ്മിത ദുരന്തങ്ങളാണ്. ഫാസിസ്റ്റുകളും മതതീവ്രവാദികളും ഒരുപോലെ മുന്നോട്ടു വയ്ക്കുന്ന അബദ്ധജടിലവും പ്രാകൃതവുമായ ആശയങ്ങള്‍ തലമുറകളിലൂടെ മനുഷ്യരാശി നേടിയ ശാസ്ത്ര, സാംസ്കാരിക പുരോഗതിയെ ഉന്മൂലനം ചെയ്യുന്നു. ഫാസിസ്റ്റുകളുടെ ആധിപത്യം ഒരു ജനതയില്‍ സൃഷ്ടിക്കുന്ന മുറിവുകള്‍, ഒരു സംസ്കാരത്തിനേല്പിക്കുന്ന ആഘാതം ഇവയെല്ലാം തന്നെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണ്. ബാമിയാനിലെ ബുദ്ധപ്രതിമകളും അലിപ്പോ എന്ന സ്വപ്നനഗരവും ബാബരി മസ്ജിദും എല്ലാം നാമാവശേഷമായിരിക്കുന്നു. ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ തുടച്ചുനീക്കിക്കൊണ്ടും നീതിമാന്‍മാരുടെ വിരിമാറിലേക്ക് വെടിയുണ്ടകള്‍ പായിച്ചുകൊണ്ടും ഫാസിസ്റ്റുകള്‍ തേര്‍വാഴ്ച തുടരുന്നു. ജനാധിപത്യവും സാമൂഹ്യസമത്വവും സമൂഹത്തില്‍ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായിക്കൊണ്ട് ഫാസിസ്റ്റുകള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുക എന്നത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യമാണ്.

Exit mobile version