20 June 2025, Friday
KSFE Galaxy Chits Banner 2

നേതാജിയുടെ രാഷ്ട്രീയവും ഇന്ത‍്യൻ ഫാസിസ്റ്റുകളും

ബേബി കാസ്ട്രോ
January 23, 2023 4:30 am

ഇന്ത‍്യൻ ദേശീയവിമോചനചരിത്രത്തിലെ ഉജ്ജ്വലതാരമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126–ാമത് ജന്മദിനം കൊല്‍ക്കത്തയിലെ ഷാഹിദ് മിനാർ മൈതാനത്ത് ആർഎസ്എസ് ആചരിക്കാനിരിക്കെ, നേതാജിയുടെ മകൾ അനിതാ ബോസ് നടത്തിയ പ്രസ്താവന ഇന്ത‍്യൻ ഫാസിസ്റ്റുകളുടെ കരണത്തേറ്റ അടിയായി. തന്റെ പിതാവ് പ്രതിനിധാനം ചെയ്ത മതേതര സർവാശ്ലേഷവും ആർഎസ്എസ് പ്രത‍്യയശാസ്ത്രവും ഇരുധ്രുവങ്ങളിലാണെന്ന് പറഞ്ഞ അനിത ‘ഏറ്റവും ലളിതമായി ലേബൽ ചെയ്താൽ അദ്ദേഹം ഒരു ഇടതുപക്ഷക്കാരനാണ്; അവരാകട്ടെ വലതുപക്ഷവും’ എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയുകയും ദുർബലവ‍്യാഖ‍്യാനങ്ങൾക്കും ആഖ‍്യാനങ്ങൾക്കുമുള്ള എല്ലാ സാധ‍്യതകളുമടയ്ക്കുകയും ചെയ്തു. ദേശീയ സ‍്വാതന്ത്ര‍്യ പ്രതീകങ്ങളെ, അവയോട് പുലബന്ധമില്ലാത്ത സംഘ്പരിവാർ തങ്ങളുടെ ലേബലൊട്ടിക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് അനിതാ ബോസ് പ്‍ഫാഫിന്റെ ധീരമായ പ്രസ്താവന ദേശസ്നേഹികളെ ആവേശം കൊള്ളിക്കണം. ഏതൊരു സാമ്രാജ്യ ഭരണത്തിനോടുള്ള അടങ്ങാത്ത വിരോധമാണോ നേതാജിയെക്കൊണ്ട് ലോകഫാസിസ്റ്റുകളോട് അടവുപരമായ സഖ‍്യം ചെയ്യിച്ചത്, അതേ ബ്രിട്ടീഷുകാരോട് അവരുടെ നല്ലകാലത്ത് സേവ പിടിച്ചവരാണ് ഇന്ത‍്യൻ ഫാസിസ്റ്റുകളെന്ന് അവരെ ഓർമ്മിപ്പിക്കുവാൻ ആ വീരപുരുഷന്റെ പുത്രിയോളം അവകാശപ്പെട്ടവർ ആരുണ്ട്! അർത്ഥസത‍്യങ്ങളെയും അസത‍്യങ്ങളെയും സമർത്ഥമായി ഉപയോഗിക്കുന്ന ഫാസിസ്റ്റ് പ്രചരണ സന്നാഹങ്ങൾക്ക് നേതാജിയുടെ ജീവിതത്തിലെയും മരണത്തിലെയും നിഴൽവീണ ഇടങ്ങൾ വലിയ സാധ‍്യതയാണ് തുറന്നുനല്കുന്നത്.

ദേശീയചരിത്രത്തെ തന്നെ മാറ്റിയെഴുതാനുള്ള ആയുധങ്ങൾ അവർ അതിൽ ദർശിക്കുന്നു. ഒന്ന്- കോൺഗ്രസിന്റെ ഗാന്ധി –നെഹ്രു നേതൃത‍്വത്തോട് ബോസിനുണ്ടായ അകൽച്ചയും അനന്തര സംഭവവികാസങ്ങളും, രണ്ട്– രണ്ടാം ലോകയുദ്ധകാലത്തെ അദ്ദേഹത്തിന്റെ നിലപാടുകളോട് ഇന്ത‍്യൻ കമ്മ്യൂണിസ്റ്റുകൾ സ‍്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ്. സംഘ്പരിവാറിനെ സംബന്ധിച്ച് തങ്ങൾ മായ്‌ച്ചുകളയാനാഗ്രഹിക്കുന്ന ഗാന്ധി–നെഹ്രു പാരമ്പര‍്യത്തിന്റെയും ഉന്മൂലനം ചെയ്യനാഗ്രഹിക്കുന്ന ആഭ‍്യന്തര ശത്രുവായ കമ്മ‍്യൂണിസ്റ്റുകളുടെയും ഒരു ദേശീയ എതിരാളിയായി സുഭാഷ്ചന്ദ്രബോസിനെ പ്രതിസ്ഥാപനം ചെയ്യുന്നത് സൗകര‍്യപ്രദമായിരിക്കും. അതുകൊണ്ടുതന്നെ ഇപ്പോൾ ബോസിന്റെ മകൾ യാദൃച്ഛികമായി തുറന്നിട്ട ഈ സംവാദത്തെ ഗുണപരമായി വികസിപ്പിക്കുവാൻ ജനാധിപത‍്യവാദികൾക്ക് കടമയുണ്ട്. അതിനായി വികാരപ്രധാനമായ കെട്ടുകഥകളെക്കാൾ വസ്തുനിഷ്ഠമായ രാഷ്ട്രീയചരിത്രത്തെ ചർച്ചയിലേക്ക് കൊണ്ടുവരണം. ഇന്ത‍്യയുടെ ദേശീയപ്രസ്ഥാനവും സ്വാതന്ത്ര‍്യമുന്നേറ്റവും ഏകശിലാ നിർമ്മിതമായിരുന്നില്ല. ഐക‍്യം പോലെ അനൈക‍്യവും അതിന്റെ കൂടപ്പിറപ്പായിരുന്നു. രാഷ്ട്രത്തിന്റെ സാമൂഹ‍്യഘടനപോലെ, ‘നാനാത‍്വത്തിലെ ഏകത്വ’മായിരുന്നു ജനമുന്നേറ്റത്തിന്റെ മുഖമുദ്ര. ബ്രിട്ടീഷുകാരോടുള്ള രീതിയും അടവുസമീപനങ്ങളും ഹിന്ദുസമൂഹത്തിലെ ജാതിവിഭജനവും അനാചാരങ്ങളും, രാജ‍്യത്തിന്റെ രാഷ്ട്രീയ–സാമ്പത്തിക–ഭരണനയങ്ങൾ എന്നിവയിലെല്ലാം യോജിപ്പിനെക്കാളേറെ ഭിന്നതകൾ ദേശീയപ്രസ്ഥാനത്തിൽ അനിവാര്യമായും നിലനിന്നു. അംബേദ്കറെപ്പോലുള്ള ഉന്നതശീർഷരായ വ‍്യക്തികൾ പലപ്പോഴും ഗാന്ധിജിയോട് കലഹിച്ചു.


ഇതുകൂടി വായിക്കൂ: വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തി


കമ്മ‍്യൂണിസ്റ്റ് പാർട്ടി ക്വിറ്റ് ഇന്ത‍്യ സമരത്തോട് ചേരാതെ വിട്ടുനിന്നു. സുഭാഷ് ചന്ദ്രബോസ് തന്റെ പിന്തുണയുള്ള പട്ടാഭിസീതാരാമയ്യയെ തോല്പിച്ച് എഐസിസി അധ‍്യക്ഷനായപ്പോൾ അത് തന്റെ പരാജയമായി ഗാന്ധിജി വിലയിരുത്തി. ബോസ് കോൺഗ്രസ് വിട്ടു ഫോർവേഡ് ബ്ലോക്ക് രൂപീകരിക്കുകയും പിന്നീട് ഇന്ത‍്യൻ നാഷണൽ ആർമി എന്ന സായുധസേന സംഘടിപ്പിച്ച് അച്ചുതണ്ടുശക്തികളോട് ചേർന്ന് ബ്രിട്ടനെതിരെ യുദ്ധം നയിക്കുകയും ചെയ്തു. എന്നാൽ ഈ‍ വ്യത്യാസങ്ങൾക്കെല്ലാമതീതമായി പൊതുസമീപനങ്ങളുടെ ഒരു ദേശീയധാര എല്ലാവരെയും ബന്ധിപ്പിച്ചിരുന്നു. ഇന്ത‍്യ ഒരു ബഹുമതരാജ‍്യമാണ് എന്ന പരമാർത്ഥം ഏവരും അംഗീകരിക്കുകയും ഹിന്ദു–മുസ്ലിം ഐക‍്യം നമ്മുടെ സംസ്കാരത്തിന്റെ ജീവശ‍്വാസമാണ് എന്നത് അനുഭവത്തിലൂടെ തിരിച്ചറിയുകയും ചെയ്തു. 1905ലെ ബംഗാൾ വിഭജനമടക്കം ഉള്ള പ്രവർത്തനങ്ങളിലൂടെ ബ്രിട്ടീഷ് സർക്കാർ മതവിഭജനത്തിന് ശ്രമിച്ചത് ദേശീയവാദികളുടെ കണ്ണുതുറപ്പിച്ചു. ജാതി അടക്കമുള്ള അനാചാരങ്ങൾ മനുഷ‍്യവിരുദ്ധമാണെന്നും രാഷ്ട്രനിർമ്മിതിക്ക് തടസമാണെന്നും ഏവരും മനസിലാക്കി. ഈ പട്ടിണി രാജ‍്യത്തെ ജനങ്ങളുടെ ക്ഷേമ ഐശ‍്വര‍്യങ്ങൾക്ക് മുതലാളിത്ത സാമൂഹ‍്യക്രമത്തെക്കാൾ അനുയോജ‍്യം സോവിയറ്റ് മാതൃകയിലുള്ള ആസൂത്രണാധിഷ്ഠിത സോഷ‍്യലിസമാണെന്നു രാഷ്ട്രനായകർ വിശ്വസിച്ചു. ഈ പൊതുഅടിത്തറയിൽ നിന്നുകൊണ്ട് ബ്രിട്ടീഷുകാരെ എത്രയും വേഗം പുറത്താക്കാൻ എന്തുണ്ട് വഴി എന്ന കാര‍്യത്തിലാണ് ഭിന്നതകൾ പ്രത‍്യക്ഷമായത് പ്രത്യേകിച്ചും ബോസും കോൺഗ്രസ് നേതൃത‍്വവും തമ്മിൽ. 1945 ഓഗസ്റ്റ് 18ന് ഒരു ജപ്പാനീസ് സൈനികവിമാനാപകടത്തിൽ കൊല്ലപ്പെട്ടു എന്നാണ് ഏറ്റവും ആധികാരികമായി വിശ‍്വസിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ അന്ത്യത്തെപ്പറ്റി ഒട്ടേറെ കെട്ടുകഥകൾ പ്രചരിച്ചു.

ഇന്ത‍്യ ഒരു സ‍്വതന്ത്രപരമാധികാര രാജ്യമാകുന്നത് കാണാൻ ആ യോദ്ധാവിന് ഭാഗ‍്യമുണ്ടായിരുന്നില്ല. ബോസിന്റെ മരണത്തെപ്പറ്റിയുള്ള ദുരൂഹതകൾ അകറ്റാൻ സ‍്വതന്ത്ര ഇന്ത‍്യയിലെ സർക്കാർ മതിയായ അന്വേഷണങ്ങൾ നടത്തി. ഐഎൻഎയിലെ ലെഫ്റ്റനന്റ് കേണലും പിന്നീട് പാർലമെന്റംഗവുമായ ഷാനവാസ് ഖാന്റെ നേതൃത‍്വത്തിലുള്ള കമ്മിറ്റിയെ 1956ലും ജസ്റ്റിസ് ഖോസ്ല കമ്മിഷനെ 1970ലും നിയമിച്ചു. ജപ്പാനീസ് സർക്കാർ 1956ലും അന്വേഷണം നടത്തി. ഇവയെല്ലാം കെട്ടുകഥകളെ തള്ളിക്കളഞ്ഞു. എന്നാൽ വികാരജീവികളായ ശുദ്ധാത്മാക്കൾ മാത്രമല്ല, രാഷ്ട്രീയ കുടിലബുദ്ധികളും അത് പ്രചരിപ്പിച്ചു. നെഹ്രു-ഇന്ദിരാ ഭരണത്തുടർച്ചയുടെ വിരോധികൾ കുറെക്കാലം അതേറ്റുപിടിച്ചു. “ദേശവിരുദ്ധനും മുസ്ലിം പ്രീണകനും സോഷ്യലിസ്റ്റു”മായ നെഹ്രുവിനെ താറടിക്കാൻ നേതാജിയോട് കോൺഗ്രസ് നീതി ചെയ്തില്ല എന്ന മുറവിളി സംഘ്പരിവാറിന് ഉപകരിക്കും. ബ്രിട്ടീഷ് ഇന്ത‍്യയുടെ അന്ത‍്യനാളുകളിൽ വിചാരണ ചെയ്യപ്പെട്ട ഐഎൻഎ ഭടന്മാരെ നിയമപരമായി പ്രതിരോധിച്ചതുൾപ്പെടെ നെഹ്രുവിന്റെ നേതൃത‍്വത്തിലായിരുന്നു. അന്ന് എവിടെയായിരുന്നു ഹിന്ദുത‍്വവാദികൾ? രാജ്യത്തിന് വേണ്ടിയുള്ള അന്തിമ പോരാട്ടത്തിൽ, രണ്ടു ശരീരമെങ്കിലും ഒരാത്മാവായി ആ വിമാനത്തിൽ നേതാവിനോടൊപ്പം കത്തിക്കരിഞ്ഞു വീണ ഇന്ത‍്യൻ നാഷണൽ ആർമിയു‍ടെ ചീഫ് ഓഫ് സ്റ്റാഫ് ഹബീബ് ഉർ റഹ്‌മാൻ “വിചാരധാര”യുടെ പട്ടികയിൽപ്പെടുന്ന ഒരു ആഭ്യന്തരശത്രു തന്നെയായിരിക്കുമല്ലോ? ഇന്ത‍്യൻ കമ്മ‍്യൂണിസ്റ്റുകാരുമായുള്ള ബോസിന്റെ വൈരുധ്യങ്ങളും ചരിത്രത്തിന്റെ ദുരന്തനീതി മാത്രം. ഇന്ത‍്യയുടെ സ‍്വാതന്ത്ര‍്യത്തിനായി സായുധപോരാട്ടത്തിന് സോവിയറ്റ് സഹായമഭ്യർത്ഥിച്ചുകൊണ്ട് ഒരു കത്തുമായി തന്റെ മരുമകനായ അമിയ ബോസിനെ ഇന്ത‍്യൻ വംശജനായ ബ്രിട്ടീഷ് കമ്മ‍്യൂണിസ്റ്റ് നേതാവ് രജനി പാദത്തിന്റെ അടുക്കൽ അയയ്ക്കുകയും സ്കോട്ലന്‍ഡ് യാർഡിന്റെ കണ്ണിൽപ്പെടാതെ അത് കൈമാറുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും ലെനിനിസ്റ്റ് പാത


സോവിയറ്റ് നേതൃത്വത്തിൽ നിന്നും മറുപടിയൊന്നും ലഭിച്ചില്ല. മാതൃരാജ‍്യത്തിന്റെ നിലനില്പിനായി ബ്രിട്ടനോട് സഖ‍്യം ചെയ്ത് രണ്ടാം ലോകയുദ്ധത്തിലേക്ക് നീങ്ങുന്ന സോവിയറ്റ് യൂണിയന് ബോസിന്റെ ആവശ‍്യം പരിഗണിക്കുവാൻ നിർവാഹമുണ്ടായില്ല എന്ന് വേണം കരുതാൻ. സ്വാതന്ത്ര‍്യത്തിന് മുമ്പ് ഇന്ത‍്യൻ ദേശീയപ്രസ്ഥാനത്തിന്റെയും അനന്തരം ഇന്ത‍്യന്‍ റിപ്പബ്ലിക്കിന്റെയും ഏറ്റവുമടുത്ത സുഹൃത്തും വഴികാട്ടിയും സോവിയറ്റ് യൂണിയനായിരുന്നു എന്ന പരമാർത്ഥം ഇതുകൊണ്ട് മാഞ്ഞുപോവുന്നതുമല്ല. സ‍്വാതന്ത്ര‍്യദാഹത്താൽ അക്ഷമനായ ബോസ് ജർമ്മനിയിലേക്ക് ഒളിച്ചുകടക്കുകയും ഹിറ്റ്ലറുമായി നേരിൽക്കണ്ട് അച്ചുതണ്ടുശക്തികളുടെ ഭാഗമായി യുദ്ധത്തിൽ അണിചേരുകയും ചെയ്തു. സോവിയറ്റ് നേതൃത്വത്തിലുള്ള സാർവദേശീയ പ്രസ്ഥാനത്തിന്റെ നിലപാടിന്റെ ഭാഗമായി ഇന്ത‍്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി, ഫാസിസത്തെ മുഖ‍്യവിപത്തായി കണ്ട് ദേശീയതലത്തിലും ക‍്യാമ്പയിൻ നടത്തി. യുദ്ധം അവസാനിക്കുകയും ബോസ് മരിക്കുകയും രാജ‍്യം സ‍്വതന്ത്രമാവുകയും ചെയ്തു. ക്യാപ്റ്റൻ ലക്ഷ്മിയടക്കമുള്ള ഐഎൻഎ പോരാളികൾ കമ്മ‍്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. നേതാജിയുടെ പാർട്ടിയായ ഫോർവേഡ് ബ്ലോക്കിന്റെ രക്തപതാകയിൽ ആലേഖനം ചെയ്ത ചിഹ്നം കടുവയോടൊപ്പം അരിവാളും ചുറ്റികയുമാണ്. ബംഗാളിലെ ഇടതുമുന്നണിയുടെ ഭാഗമാണ് ആ പാർട്ടി. മുന്നണി അധികാരത്തിൽ നിന്ന് പുറത്താവുന്നതുവരെ സർക്കാരിന്റെയും. നേതാജിയുടെ രാഷ്ട്രീയത്തിന് ഇന്ത‍്യൻ ഫാസിസ്റ്റുകളായ സംഘ്പരിവാറുമായി ഒരു ചാർച്ചയുമില്ല. മകൾ ശരിയായി വിലയിരുത്തിയതുപോലെ ഒരു ഇടതുദേശീയവാദിയായിരുന്നു അദ്ദേഹം. കോളനി രാജ‍്യങ്ങളുടെ വിമോചനം ഒരു ഇടതു കാര്യപരിപാടിയായിരുന്നു നാല്പതുകളിൽ. സാമ്രാജ‍്യത‍്വസേവ വലതുപക്ഷത്തിന്റെയും. നേതാജിയെ ഇന്ത‍്യൻ വലതുപക്ഷത്തിന് നാം വിട്ടുകൊടുത്തുകൂടാ.

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 19, 2025
June 19, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.